കിനാവള്ളി



കഥാസാരം:
അനാഥനായ വിവേകിന് എല്ലാം നാല് സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ആൻ എന്ന പെണ്കുട്ടിയോടുള്ള പ്രണയവും, ഒളിച്ചോട്ടവും , വിവാഹവും എല്ലാം കഴിഞ്ഞപ്പോൾ വിവേക് സുഹൃത്തുക്കളിൽ നിന്ന് അകന്നു നിന്നു. വിവേക് അറിയാതെ ആൻ തങ്ങളുടെ വീട്ടിലേക്കു ആ നാല് സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. നാല് പേരും വീട്ടിൽ എത്തുമ്പോൾ വിവേകിന് സർപ്രൈസ് ആകുന്നു. അവർ എല്ലാവരും ഒരുമിച്ചു ഒരാഴ്ച അടിച്ചു പൊളിച്ചു ആ ബംഗ്ലാവിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നു.. പിന്നീടങ്ങോട്ട് ഭീതിയുടെ 'കിനാവള്ളി' പ്രേക്ഷക മനസ്സിലേക്ക് പടർന്നു കയറുന്നു.

സിനിമ അവലോകനം:
ഓർഡിനറി , 3 ഡോട്സ് , ശിക്കാരി ശംഭു തുടങ്ങിയ സിനിമകളുടെ അമരക്കാരൻ ആയ സുഗീത് , നവാഗതരെ വെച്ച് അണിയിച്ചൊരുക്കിയ ഒരു ഹൊറർ ഫാന്റസി ചിത്രം ആണ് കിനാവള്ളി. ഗ്രാഫിക്‌സുകളോ, അമിത ശബ്ദ കോലാഹലങ്ങളോ ഒന്നും ഇല്ലാതെ തന്നെ ലൈറ്റ് ആയി ഭീതിയുടെ കണങ്ങൾ പ്രേക്ഷകനിലേക്കു എത്തിക്കാൻ ഒരു പരിധി വരെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയിലെ ലോജിക്കുകൾ നോക്കരുതെന്നും, ഇതൊരു കെട്ടു കഥ ആണെന്നും പറഞ്ഞു  അണിയറ പ്രവർത്തകർ ആദ്യം തന്നെ പ്രേക്ഷകനിൽ നിന്നു മുൻ‌കൂർ ജാമ്യം വാങ്ങുന്നുണ്ട്. അങ്ങിങ്ങു ചില വലിച്ചു നീട്ടലുകൾ ഉണ്ടെങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമായി  കിനാവള്ളിയെ കൂട്ടാം.

അഭിനയം, അഭിനേതാക്കൾ:
അജ്മൽ, കൃഷ്, വിജയ്, സുജിത്, സുരഭി, സൗമ്യ തുടങ്ങിയ പുതുമുഖങ്ങൾ ഒക്കെ തങ്ങളുടെ റോളുകൾ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹരീഷ് പേരാടിയുടെ കോമഡി നമ്പറുകൾ പ്രേക്ഷകനെ രസിപ്പിച്ചു. ആനിന്റെ റോളിൽ  സുരഭി സന്തോഷിനെ കാസ്റ്റ് ചെയ്ത സംവിധായകന് തെറ്റ് പറ്റിയില്ല. നോട്ടം കൊണ്ടും, ഭാവം കൊണ്ടും പ്രേക്ഷകനിൽ ഭീതി പടർത്താൻ സുരഭിക്കു സാധിച്ചിട്ടുണ്ട്.

സംഗീതം, സാങ്കേതികം, സംവിധാനം:
ശ്യാം ശ്രീധറിന്റെയും, വിഷ്ണു രാമചന്ദ്രന്റെയും തിരക്കഥ പുതുമ നിറഞ്ഞ ഒരു തീം പ്രേക്ഷകന് പകർന്നു നൽകുന്നു. പരമ്പരാഗത മലയാള പ്രേത സിനിമകളുടെ ക്ലിഷേ പാറ്റേൺ പകർത്താതെ, വ്യത്യസ്തമായ അവതരണ  ശൈലി പരീക്ഷിച്ച സുഗീതിനു അഭിനന്ദങ്ങൾ.  'സിനിമ എന്നാൽ കാശ് വാരൽ മാത്രം അല്ല ...കഴിവുള്ള പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള മാധ്യമം കൂടി ആണ്' എന്ന് പ്രഖ്യാപിച്ചു പുതുമുഖങ്ങളെ വെച്ച് ഇത്തരം ഒരു പരീക്ഷണത്തിന് മുതിർന്ന സുഗീത് എന്ന സംവിധായകന് ബിഗ് സല്യൂട്ട്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ഒക്കെ കഥയോട് ഇഴുകി ചേരുന്നവ ആയിരുന്നു.

പ്രേക്ഷക പ്രതികരണം:
കുടുംബമായി പോയി കണ്ടിരിക്കാവുന്ന ഒരു ഫാമിലി ഹൊറർ ചിത്രം. ലോജിക്കും, ബുദ്ധിജീവി ജാഡകളും മാറ്റി വെച്ചാൽ ഒരു വട്ടം കാണാം.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
അണിയറ പ്രവർത്തകരുടെ ഫോട്ടോ കാണിച്ചു കൊണ്ടുള്ള ടൈറ്റിൽ സ്ലൈഡ് പൊളിച്ചു...


--പ്രമോദ് 

Comments

  1. ഹരീഷ് പേരടി അല്ല. ഹരീഷ് കണാരൻ ആണ്..

    ReplyDelete

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി