മറഡോണ



കഥാസാരം:
മറഡോണ (ടോവിനോ) ചിക്കമംഗ്ലൂരിൽ വെച്ച് ഒരു അപകടം പറ്റി ബാംഗ്ലൂർ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നു. കയ്യിലിരുപ്പ് കൊണ്ട് പലരുടെയും ശത്രുവായ മറഡോണ, തന്റെ തെറ്റുകൾ തിരിച്ചറിയുന്നിടത്തു കഥ പുരോഗമിക്കുന്നു.

സിനിമ അവലോകനം:
വെറും അര മണിക്കൂർ  ഷോർട് ഫിലിമിൽ പറഞ്ഞു തീർക്കാവുന്ന ഒരു നല്ല ആശയം വലിച്ചു പരത്തി പ്രേക്ഷകന് നൽകിയത് എന്തിനാണെന്ന് മനസിലായില്ല. റൊമാൻസ് രംഗങ്ങളിൽ ഒക്കെയുള്ള ഡയലോഗുകൾ രണ്ടാം കിട സിനിമയെ അനുസ്മരിപ്പിക്കുന്ന നിലയിൽ ആയിരുന്നു. പുട്ടിനു പീര പോലെ കൂടെ കൂടെ നായകന്റെ സിഗരറ്റ് വലിയും, ഒപ്പം ഉള്ള വാണിംഗ് മെസ്സേജും. തീർത്തും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറഡോണയിൽ, ക്ലിഷേ രംഗങ്ങളുടെ ഉത്സവ മേളം ആണ്.  ഈ സിനിമ എന്തിനു കണ്ടു എന്ന് പ്രേക്ഷകൻ അവസാനം ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

അഭിനയം, അഭിനേതാക്കൾ:
ചെമ്പൻ വിനോദ് ആണ് ചിത്രത്തിൽ സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ച വെച്ചത്. ടോവിനോയുടെ സ്റ്റണ്ട് രംഗങ്ങൾ ഉജ്വലം ആയിരുന്നെങ്കിലും, റൊമാൻസ് രംഗങ്ങളിൽ തറ പൈങ്കിളി ആയി പോയി. നായികയായ  ശരണ്യയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തി. മികച്ച ഒരു സ്റ്റാർ കാസ്റ്റ് ഇല്ലാത്തതു തന്നെ ചിത്രത്തിന്റെ ഒരു വല്യ പോരായ്മയാണ്.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിലെ ഫ്രെയിംസ് പലതും മികവ് പുലർത്തിയപ്പോൾ, പശ്ചാത്തല സംഗീതം പലപ്പോഴും അലോസരപ്പെടുത്തി. ശരാശരി തിരക്കഥയെ തന്നാൽ ആവും വിധം നന്നാക്കാൻ സംവിധായകനായ വിഷ്ണു നാരായണൻ ശ്രമിച്ചിട്ടുണ്ട്. മികച്ച ഒരു ആശയം പ്രേക്ഷകന് പകർന്നു നൽകാൻ ശ്രമിച്ചിട്ടും ഉണ്ട്. പക്ഷെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവ അവതരിപ്പിക്കാൻ കഴിയാതെ പോയിടത്താണ് ചിത്രം പരാജയപ്പെടുന്നത്. 

പ്രേക്ഷക പ്രതികരണം:
നാടകീയത ഇഷ്ടപെടുന്നുവെങ്കിൽ, സംഭാഷണത്തിലെ കൃത്രിമത്വം നിങ്ങൾ ആസ്വദിക്കുമെങ്കിൽ, അത്യാവശ്യം ക്ഷമയോടെ കണ്ടിരിക്കുമെങ്കിൽ -- ഈ ചിത്രം നിങ്ങൾക്കുള്ളതാണ്.

റേറ്റിങ്: 2 / 5

വാൽകഷ്ണം:
ചിത്രത്തിലെ സിഗരറ്റ് വലി സീനുകൾ കണ്ടപ്പോ തോന്നി, ഇനി 'തീവണ്ടി' എങ്ങാണം പേര് മാറ്റി റിലീസ് ചെയ്തതാണോ എന്ന്...!!!


Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി