മൈ സ്റ്റോറി



കഥാസാരം:
ജയ് (പ്രിത്വിരാജ്) ഒരു സിനിമ നടൻ ആകാൻ ആഗ്രഹിക്കുന്ന ആളാണ്. തന്റെ ആദ്യ സിനിമയിലെ നായികയായ താരക്ക് ജയ് യോട് പ്രണയം തോന്നുന്നു. സിനിമയുടെ പ്രൊഡ്യൂസർക്കു നായികയോട് പ്രണയം. ജയ് താരയെ സ്നേഹിച്ചാൽ തന്റെ ആദ്യ പടം തന്നെ പെട്ടിയിൽ ആകുമെന്ന് ജയ് മനസിലാക്കുന്നു. താരയുടെ പ്രണയമോ? അതോ സിനിമ എന്ന തന്റെ സ്വപ്നമോ? ഇതിനു രണ്ടിനുമിടയിലുള്ള ജയ് യുടെ ഈ തീരുമാനം ആണ് 'മൈ സ്റ്റോറി' എന്ന ചിത്രം.

സിനിമ അവലോകനം:
തന്റെ ആദ്യ സിനിമക്ക് തന്നെ ഇത്രയധികം പുതുമയും, വ്യത്യസ്തതയും നിറഞ്ഞ തിരക്കഥ തിരഞ്ഞെടുത്ത പ്രിയ സംവിധായക റോഷിനിക്കു നമോവാകം. 'എന്ന് നിന്റെ മൊയ്‌ദീൻ' എന്ന സൂപ്പർ ഹിറ്റിനു പിന്നാലെ പാർവതിയും, പ്രിത്വിരാജ്ഉം ഇത്തരം ഒരു സിനിമക്ക് വേണ്ടി ഒന്നിക്കണമായിരുന്നോ എന്ന് പ്രേക്ഷകൻ  ചിന്തിച്ചു പോയാൽ കുറ്റപ്പെടുത്താനാവില്ല. അറുബോറൻ തിരക്കഥക്കു കൂട്ടായി അനാവശ്യ ഗാനങ്ങളും, കൃത്രിമത്വം നിറഞ്ഞ ഡയലോഗുകളും. മൊത്തത്തിൽ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി മൈ സ്റ്റോറിയെ മാറ്റി.

അഭിനയം, അഭിനേതാക്കൾ:
ജയ് എന്ന നായക കഥാപാത്രത്തെ പ്രിത്വിരാജ് എന്തിനു തിരഞ്ഞെടുത്തു എന്ന് തന്നെ മനസിലാകുന്നില്ല. ഒരു പുതുമുഖ നടന് അഭിനയിച്ചു ഫലിപ്പിക്കാവുന്ന ശരാശരി കഥാപാത്രം മാത്രമായിരുന്നു ജയ്. പ്രിത്വിരാജ് തന്നാൽ ആകും വിധം മികച്ചതാക്കി തന്റെ കഥാപാത്രം. താരയായും, മകളായും പാർവതിയുടെ ഇരട്ട വേഷം മികവ് പുലർത്തി. മണിയൻ പിള്ള രാജു, നന്ദു, മനോജ് കെ ജയൻ  തുടങ്ങിയവർ തങ്ങളുടെ റോളുകൾ നന്നായി അവതരിപ്പിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ഷാൻ റഹ്‌മാന്റെ ഗാനങ്ങൾ മോശം അല്ലെങ്കിൽ കൂടി, പതിവ് നിലവാരത്തിലേക്ക് എത്തിയില്ല. കൊറിയോഗ്രഫി ചില ഗാന രംഗങ്ങളിൽ അതി ഗംഭീരവും, ചിലതിൽ അതി ഭീകരവും ആയിരുന്നു. ശങ്കർ രാമകൃഷ്ണന്റെ ഈ  പഴഞ്ചൻ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. വിദേശ രാജ്യങ്ങളുടെ ഭംഗി കാണാമെന്നല്ലാതെ പ്രത്യേകിച്ച് യാതൊന്നും ഈ സിനിമയിൽ നവ്യമായി അനുഭവപ്പെട്ടില്ല.

പ്രേക്ഷക പ്രതികരണം:
ശരാശരി പ്രേക്ഷകന് ഇത് അറുബോറൻ ചിത്രം. ഇത്തിരി മെലോഡ്രാമ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇത് പ്രണയ കാവ്യമായി വരെ തോന്നിയേക്കാം.
റേറ്റിങ് : 1.5 / 5

വാൽകഷ്ണം:
നിങ്ങൾ വളരെ നാളായി പിണങ്ങിയിരിക്കുന്ന സുഹൃത്തിനെ കൂട്ടി ഈ സിനിമക്ക് പോകുക. സിനിമ തുടങ്ങി 10  മിനിറ്റ് കഴിയുമ്പോ തന്നെ നിങ്ങൾ മുഖത്തോടു മുഖം നോക്കി നിർത്താതെ മിണ്ടി ഇരുന്നു പോകും.

---പ്രമോദ് 

Comments

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി