ദി പ്രീസ്റ്റ്

 


കഥാസാരം:
കുറ്റാന്വേഷണത്തിൽ തല്പരനായ ഫാദർ ബെനെഡിക്റ്റിന്റെ മുന്നിൽ ഒരു പെൺകുട്ടി എത്തി, ആലാട്ട്  കുടുംബത്തിൽ തുടരെ തുടരെ ആത്മാഹത്യകൾ നടക്കുന്നതിന്റെ രഹസ്യം കണ്ടെത്താൻ ആവശ്യപെടുന്നു. എന്നാൽ ഫാദർ ബെനെഡിക്റ്റിന്റെ അന്വേഷണം ചെന്നെത്തുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലേക്കായിരുന്നു. ഈ  സംഭവങ്ങളുടെ രഹസ്യ ചുരുൾ അഴിക്കുകയാണ് ' ദി പ്രിസ്റ്റു' എന്ന ചിത്രം.
സിനിമ അവലോകനം:
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പേരിൽ പ്രേക്ഷക ശ്രദ്ധ പതിഞ്ഞ ചിത്രം ആണ്  ' ദി പ്രീസ്റ്റ്'. സാധാരണ ത്രില്ലെർ  സിനിമ മൂഡിൽ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതി ആകുമ്പോഴേക്കും ഹൊറാർ  മൂഡിൽ എത്തുന്നു. ഹോളിവുഡ് സിനിമകളിൽ  കണ്ടു മറന്ന ശൈലി  ആണെങ്കിലും, മലയാളികൾക്ക് തീർത്തും പുതുമ നിറഞ്ഞ അവതരണം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ തിരക്കഥയുടെ കെട്ടു ചിലയിടങ്ങളിൽ അഴിഞ്ഞത്‌ പ്രേക്ഷകരുടെ രസം കെടുത്തി. ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ഹൊറാർ പടം ആയി 'ദി പ്രീസ്റ്റ്‌' മാറി.

അഭിനയം, അഭിനേതാക്കൾ:
ഫാദർ ബെനഡിക്ട് ആയി രൂപം കൊണ്ടും, ഭാവം കൊണ്ടും മമ്മൂട്ടി പകർന്നാടി. അമേയ ആയി അഭിനയിച്ച ബേബി മോണിക്കയുടെ അഭിനയ പ്രകടനം കൈയ്യടി നേടി. തീർത്തും വെല്ലുവിളി നിറഞ്ഞ റോൾ ബേബി മോണിക്ക നിഷ്പ്രയാസം അഭിനയിച്ചു ഫലിപ്പിച്ചു. നിഖില വിമൽ , മഞ്ജു വാരിയർ തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ജഗദീഷ് , രമേശ് പിഷാരടി, ടി ജെ രവി തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കടന്നു പോയി.  

സംഗീതം, സാങ്കേതികം, സംവിധാനം:
നവാഗത സംവിധായകൻ ആയ ജോഫിന്റെ പ്രതിഭ വിളിച്ചോതുന്ന സംവിധാന മികവ് ചിത്രത്തിൽ ഉടനീളം കാണാം. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ തിരക്കഥയുടെ രസച്ചരട് അഴിഞ്ഞു പോയത് പ്രേക്ഷകനെ നിരാശരാക്കിയെന്നു പറയാതെ വയ്യ. എങ്കിലും ആദ്യ ഉദ്യമം എന്ന നിലക്ക് ജോഫിൻ എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.  രാഹുൽ രാജിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അഖിലിന്റെ ഛായാഗ്രഹണം മികവ് പുലർത്തിയപ്പോൾ, ഷമീറിന്റെ എഡിറ്റിങ് അങ്ങിങ്ങു കല്ലുകടിയായി തോന്നി.

പ്രേക്ഷക പ്രതികരണം:
ഇംഗ്ലീഷ് സിനിമകളിലെ 'എക്‌സോർസിസം' ഒന്നും കണ്ടു പരിചയിച്ചിട്ടില്ലാത്ത മലയാളി പ്രേക്ഷകർക്ക് ഇത് പുതുമ സമ്മാനിച്ചേക്കാം. അല്ലാത്തവർക്ക് ഇത് തീർത്തും ഒരു ശരാശരി ഹൊറാർ മൂഡ് ത്രില്ലെർ ആണ്.

റേറ്റിങ്: 3/ 5
 
വാൽകഷ്ണം:
നന്മ നിറഞ്ഞ പ്രേതങ്ങൾ, മാനസിക വൈകല്യം ഉള്ള  കൊച്ചു കുട്ടികളുടെ ഉള്ളിൽ ആത്മാവ് പ്രവേശിക്കുക, അത് ഒഴിപ്പിക്കാൻ വരുന്നവരെ ആദ്യം അവിശ്വസിക്കുക , പിന്നീട് അംഗീകരിക്കുക തുടങ്ങിയ 'ഫ്രഷ്' ഐറ്റംസ് ഈ ചിത്രത്തിലും ഉണ്ട് എന്നതാണ് ഒരു സമാധാനം.

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി