എന്റെ ഉമ്മാന്റെ പേര്



കഥാസാരം:
ഹമീദിന്റെ (ടോവിനോ) ബാപ്പയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ബാപ്പയുടെ സ്വത്തുവകകൾ അല്ലാതെ ബന്ധുക്കളോ, ഉമ്മയോ ഒന്നും ഹമീദിന് ഉണ്ടായിരുന്നില്ല. ഉമ്മയെ പറ്റിയോ ബന്ധുക്കളെ പറ്റിയോ ഒന്നും ബാപ്പ ഹമീദിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.അങ്ങനെ ഇരിക്കെ ബാപ്പയുടെ വില്പത്രത്തിലൂടെ ഹമീദ് തിരിച്ചറിയുന്നു തന്റെ ബാപ്പക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു എന്ന്. അവരിൽ ആരാണ് തന്റെ ഉമ്മ എന്ന് കണ്ടെത്താനുള്ള ഹമീദിന്റെ യാത്രയാണ് ഈ സിനിമ.

സിനിമ വിശകലനം:
അമ്മയെ തേടിയുള്ള മകന്റെ കഥ ഈ വര്ഷം തന്നെ അരവിന്ദന്റെ അതിഥികൾ ആയി പുറത്തു വന്നിരുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമല്ല ഈ ചിത്രം എങ്കിൽ കൂടിയും, മികച്ച നർമ മുഹൂർത്തങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ് ആണ്. പ്രേക്ഷകനെ ഒരു എന്ജോയ് മൂഡിൽ എത്തിക്കുന്നതിനൊപ്പം തന്നെ ഒരു ചെറിയ നൊമ്പരവും, ഇത്തിരി നന്മയും ഒക്കെ പ്രേക്ഷകന് ചിത്രം നൽകുന്നുണ്ട്. പുതുമ നിറഞ്ഞ കഥയോ ട്വിസ്റ്റോ ഒന്നും ചിത്രത്തിൽ ഇല്ലായെങ്കിൽ കൂടിയും, പ്രേക്ഷകനെ ഒരു പരിധി വരെ ത്രിപ്തിപെടുത്തുന്നുണ്ട് ഈ ചിത്രം. പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട മികച്ച ചേരുവകൾ ഇല്ലാതെ പോയതാണ് ചിത്രത്തിന്റെ പോരായ്മ.

അഭിനയം, അഭിനേതാക്കൾ:
ഹരീഷ് കണാരന്റെ വൺമാൻഷോ ആയിരുന്നു ആദ്യ പകുതിയിൽ എങ്കിൽ,  ഉർവശി എന്ന അഭിനേത്രിയുടെ വൺമാൻഷോ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം പകുതി. തികഞ്ഞ കൈയടക്കത്തോടെ തന്റെ സ്വതസിദ്ധമായ നർമശൈലിയിലൂടെ ഉമ്മയുടെ റോൾ ഉർവശി ഭംഗിയാക്കി. ടോവിനോയുടെ അഭിനയം ഒരു സിനിമ കഴിയും തോറും നന്നാവുന്നുണ്ട് എന്നതിന് മറ്റൊരു തെളിവാണ് ഈ ചിത്രം. എന്നാൽ അദ്ദേഹത്തിന്റെ വടക്കൻ സ്ലാങ് അങ്ങിങ്ങു പാളിപ്പോയി.  മാമുകോയയിൽ നിന്ന് വീണ്ടും ഒരു നല്ല വേഷം കാണാനായി എന്നത് സന്തോഷം നൽകുന്നു. സൈനബയുടെ റോളിൽ സായിപ്രിയയെയും നന്നായി. സിദ്ദിഖ് തന്റെ റോളിലൂടെ പ്രേക്ഷകനെ നന്നായി ചിരിപ്പിച്ചു.

സംഗീതം,സാങ്കേതികം, സംവിധാനം:
ഗോപി സുന്ദറിന്റെ ഈണങ്ങൾ തീർത്തും നിരാശപ്പെടുത്തി. 'അമ്മ - മകൻ ബന്ധം വരച്ചു കാട്ടിയ ഗാനങ്ങൾ ഒന്നും തന്നെ പ്രേക്ഷകന്റെ നെഞ്ചിൽ ഇടം പിടിക്കാതെ പോയി. ജോസ് സെബാസ്റ്റ്യൻ ഒരു ശരാശരി കഥയെ തന്നാൽ ആകും വിധം നന്നായി സംവിധാനം ചെയ്തിട്ടുണ്ട്.  ചിത്രത്തിലെ മികച്ച വിഷ്വൽസ് ചിത്രത്തിന് കൂടുതൽ മാറ്റേകുന്നു.

പ്രേക്ഷക പ്രതികരണം:
വെറുതെ ഒരു നേരമ്പോക്കിന് കണ്ടിരിക്കാം...ക്ലൈമാക്സ് ഒക്കെ ആദ്യമേ ഊഹിക്കാൻ പറ്റുന്നത് കൊണ്ട് ചിലപ്പോ ബോറടിച്ചേക്കും...

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
ഉർവശി മലയാള സിനിമയുടെ അഭിമാനം ആണ്....അന്നും ഇന്നും എന്നും.....!!

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി