ഞാൻ പ്രകാശൻ



കഥാസാരം:
പ്രകാശൻ (ഫഹദ് ഫാസിൽ) ഒരു മെയിൽ നേഴ്സ് ആണ്. എന്നാൽ നാട്ടിലെ  നഴ്സിംഗ്  പണി മോശം ആണെന്നും എങ്ങെനെയെങ്കിലും വിദേശത്തേക്ക് പോയി രക്ഷപ്പെടണം എന്നും ആഗ്രഹിക്കുന്ന വ്യക്തി. തന്റെ ആഗ്രഹ സഫലീകരണത്തിനായി എന്ത് ഫ്രോഡ് പരിപാടികളും ചെയ്യാൻ തയ്യാറായ പ്രകാശൻ ഒടുവിൽ വിലപെട്ട ജീവിത യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നിടത്തു കഥ അവസാനിക്കുന്നു.

സിനിമ അവലോകനം:
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു തികഞ്ഞ സത്യൻ അന്തിക്കാട് മൂവി. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന നർമവും, ഗ്രാമീണ കഥാപശ്ചാത്തലവും , നൊമ്പരങ്ങളും, നന്മകളും ഒക്കെ ഈ ചിത്രത്തിൽ ചേരുംടി ശ്രീനിവാസൻ എഴുതി ചേർത്തിട്ടുണ്ട്. മികച്ച ഒരു തിരക്കഥയെ, മികച്ച ഒരു സംവിധായകനും, നാച്ചുറൽ അഭിനയത്തിന്റെ ഉസ്താദായ നായക നടനും ഒന്നിച്ചു ചേർന്നപ്പോൾ മലയാളികൾക്ക് എന്നും ഓർത്തു വെക്കാൻ ഒരു കുടുംബ ചിത്രം കൂടി.

അഭിനയം, അഭിനേതാക്കൾ:
ഫഹദ് എന്ന നടൻ ഒരു പ്രതിഭയാണ്, പ്രതിഭാസം ആണെന്ന് വിളിച്ചോതുന്ന ചിത്രം. പ്രകാശൻ എന്ന റോൾ ചെയ്യാൻ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ അനായാസതയോടെ, അതി ഗംഭീര തന്മയീ ഭാവങ്ങളിലൂടെ അദ്ദേഹം പ്രകാശനെ പ്രേക്ഷകനുള്ളിലേക്കു വരച്ചിട്ടു. ശ്രീനിവാസനും മികച്ച ഒരു വേഷം തന്നെ കൈകാര്യം ചെയ്തു ഭംഗിയാക്കി. കുറച്ചു രംഗങ്ങളിലെ ഉള്ളുവെങ്കിലും KPSC ലളിത തന്റെ കാലിബർ ഒരിക്കൽ കൂടി പ്രേക്ഷകന് മുന്നിൽ തെളിയിച്ചു. നായികമാർ ആരും തന്നെ മോശം ആക്കിയില്ല.

സംഗീതം,സാങ്കേതികം, സംവിധാനം:
സത്യൻ അന്തിക്കാടിന്റെ സംവിധാന മികവും, ശ്രീനിയേട്ടന്റെ രചനാപാടവും ഒന്ന് ചേർന്നപ്പോൾ മലയാള സിനിമക്ക് ഒരു മികച്ച കുടുംബ ചിത്രം വീണു കിട്ടിയിരിക്കുന്നു. എസ്. കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന് നൽകുന്ന ഫ്രഷ്‌നെസ്സ് ഒന്ന് വേറെ തന്നെയാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഗാനങ്ങൾ എന്നും പ്രേക്ഷകന് പ്രിയപ്പെട്ടവ ആയിരുന്നു. എന്നാൽ ഷാൻ റഹ്മാന്റെ ഈണങ്ങൾ അത്ര നന്നായില്ല എന്നത് ഖേദകരം തന്നെ.

പ്രേക്ഷക പ്രതികരണം:
ഒരു ടിപ്പിക്കൽ  സത്യൻ അന്തിക്കാട് ചിത്രം -ധൈര്യമായി കുടുംബ സമേതം കാണാം. ആക്ഷനും ഡാൻസും ഒക്കെ ഇഷ്ടപ്പെടുന്നവർ മാറി നിൽക്കുക.

റേറ്റിങ്: 3.5 / 5

വാൽകഷ്ണം:
മോഹൻലാലിനും, ജയറാമിനും ശേഷം സത്യൻ അന്തിക്കാട് സിനിമകൾക്ക് ഏറ്റവും അനുയോജ്യനായ നടനായി ഫഹദ് മാറിയിരിക്കുന്നു.

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി