തട്ടുമ്പുറത്തു അച്യുതൻ



കഥാസാരം:
അച്യുതൻ (കുഞ്ചാക്കോ ബോബൻ) ഒരു നാട്ടുമ്പുറത്തെ നന്മ മരം ആണ്. കൂട്ടുകാരനെ സഹായിക്കാൻ പോയി ഒടുവിൽസ്വയം കള്ളനാകേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ സത്യസന്ധത  തെളിയിക്കാനുള്ള ശ്രമങ്ങൾ ആണ് ഈ ചിത്രം എന്ന് ചുരുക്കത്തിൽ പറയാം.

സിനിമ അവലോകനം:
മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തീർത്തും പുതുമ നിറഞ്ഞ ഒരു ചിത്രം ആണ് തട്ടിന്പുറത്തു അച്യുതൻ. കൂട്ടുകാരനെ സഹായിക്കാൻ പോയി കള്ളൻ ആകുക, വീടിന്റെ മച്ചിൽ കേറി ഇരുന്നു നായികയെ ഒളിഞ്ഞു നോക്കുക, ആരും അറിയാതെ നന്മ ചെയുക, പെൺകുട്ടികളുടെ ഫോട്ടോ എടുത്തു ഒരു പയ്യൻ നായികയെ ഭീഷണി പെടുത്തുക  തുടങ്ങിയ മലയാള സിനിമ ഇന്ന് വരെ കാണാത്ത ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷകന് ഈ ചിത്രം സമ്മാനിക്കുന്നു. അടക്കാനാവാത്ത അഭിനിവേശത്തോടെ പ്രേക്ഷകൻ സിനിമയെ സമീപിക്കുമ്പോൾ വില്ലനായി ഉറക്കം കടന്നു വരുന്നത് എന്തൊരു കഷ്ടം ആണ്.

അഭിനയം, അഭിനേതാക്കൾ:
അച്യുതനായി എത്തിയ കുഞ്ചാക്കോ ബോബന് ഒട്ടും ഇണങ്ങുന്ന വേഷം ആയി തോന്നിയില്ല കൃഷ്ണന്റെ രൂപഭാവങ്ങൾ. ശ്രാവണയുടെ അരങ്ങേറ്റം മോശമായില്ല എങ്കിലും എങ്ങോ എവിടെയോ ഒരു ഗ്രേസ് എലമെന്റ് നഷ്ടമായി. വിജയരാഘവൻ, ഹരീഷ് കണാരൻ, സേതുലക്ഷ്മി , നെടുമുടി വേണു തുഗാങ്ങിയവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

സംഗീതം, സാങ്കേതികം, സംവിധാനം:
കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ ഈണം ഇട്ട ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങിയെങ്കിലും ദൃശ്യ ഭംഗി പതിവ് ലാൽ ജോസ് ചിത്രങ്ങൾ പോലെ ഹൈ ക്ലാസ് ആയിരുന്നു. സിന്ധുരാജിന്റെ പുതുമയില്ലാത്ത തിരക്കഥയും, സംഭാഷണങ്ങളും, രംഗങ്ങളും എല്ലാം പ്രേക്ഷകനെ പലപ്പോഴും മടുപ്പിക്കുന്നു. ലാൽ ജോസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിയിക്കാനുള്ള യാതൊന്നും തന്നെ തിരക്കഥ ഡിമാൻഡ് ചെയ്തില്ല.

പ്രേക്ഷക പ്രതികരണം:
വെറുതെ ഒരു നേരമ്പോക്കിന് എന്തേലും കണ്ടോണ്ടിരിക്കാമെന്നു കരുതിയാൽ ഈ ചിത്രം കാണാവുന്നതാണ്...അല്ലാത്തവർക്ക് പലപ്പോഴും തിയറ്റർ വിട്ടു ഇറങ്ങി ഓടാൻ തോന്നും.

റേറ്റിങ്: 2 / 5
വാൽകഷ്ണം:
തട്ടിന്പുറത്തു അച്യുതൻ എന്ന് പറഞ്ഞു ഇമ്മാതിരി തട്ടിക്കൂട്ട് അച്യുതനുമായി വരല്ലേ സാറേ...കട്ടപുറത്തു ഇരിക്കേണ്ടി വരും...!! 

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി