കൂടെ



കഥാസാരം:
ജോഷുവ (പൃഥ്വിരാജ്) ചെറുപ്പത്തിലേ കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുത്തു ഗൾഫിൽ പോകുന്നു. വര്ഷങ്ങളായി നാട്ടിൽ വരാതെ , മാസാമാസം കൃത്യമായി പണം മാത്രം വീട്ടിലേക്കു അയച്ചു കൊണ്ടിരുന്ന ജോഷുവയെ തേടി ഒരു ഫോൺ കാൾ എത്തുന്നു. നാട്ടിലേക്കു അടിയന്തരമായി എത്തേണ്ടി വരുന്ന ജോഷുവയുടെ 'കൂടെ' ഒരാൾ കൂടി എത്തുന്നതോടെ കഥ വികസിക്കുന്നു.

സിനിമ അവലോകനം:
മഞ്ചാടികുരു, ഉസ്താദ് ഹോട്ടൽ , ബാംഗ്ലൂർ ഡേയ്സ് തുടങ്ങി അഞ്ജലി മേനോൻ കൈ വെച്ച സിനിമകൾ ഒക്കെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. അവയുടെ നിലവാരത്തിലേക്ക് ഒന്നും എത്തിയില്ലെങ്കിൽ കൂടി മികച്ച ഒരു ദൃശ്യ വിരുന്നൊരുക്കുവാൻ 'കൂടെ' യിലൂടെ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങളുടെയും, കണക്കു പറച്ചിലുകളുടെയും കഥാസാരം 'മഞ്ചാടിക്കുരു'വിൽ പരാമർശിച്ചു പോയെങ്കിലും,  അതിൽ നിന്ന് വ്യത്യസ്തമായി തന്നെ ഈ കഥ അവതരിപ്പിക്കാൻ അഞ്ജലിക്ക് സാധിച്ചതാണ് ഈ സിനിമയുടെ പുതുമ. അല്പം ഫാൻറസിയും, സെന്റിമെൻസും, റൊമാൻസും ഒക്കെ കോർത്തിണക്കിയ ഒരു മുത്തുമാല പോലെയാണ് 'കൂടെ' എന്ന സിനിമ.

അഭിനയം, അഭിനേതാക്കൾ:
പ്രിത്വിരാജിൽ നിന്ന് വീണ്ടും ഒരു അത്യുഗ്രൻ കഥാപാത്രം. വ്യത്യസ്തമാർന്ന മാനറിസങ്ങളോടെ ജോഷുവ  എന്ന കഥാപാത്രത്തിനു പ്രിത്വിരാജ്  പൂർണത നൽകി. നസ്രിയ എന്ന നടിക്കായി തുന്നി വെച്ച വേഷം ആയിരുന്നു ജെന്നിഫർ. ആ വേഷത്തിൽ നസ്രിയയ്ക്ക് പകരം മലയാളത്തിൽ മറ്റൊരു ചോയ്സ് ഇല്ലന്ന് നിസംശയം പറയുവാൻ ഉതകുന്ന അഭിനയ മികവ് നസ്രിയ കാഴ്ച വെച്ചു. പാർവതിയെ സ്‌ക്രീനിൽ കാണുമ്പോൾ ആളുകൾ കൂവിയെങ്കിലും അവരുടെ അഭിനയ മികവിന് മുന്നിൽ കൂവൽ നിന്ന് പോയി. മികച്ച രീതിയിൽ തന്നെ സോഫിയ എന്ന കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ ശക്തമായ അച്ഛൻ വേഷം തീർത്തും പുതുമ നൽകി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഒരു ശരാശരി കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അഞ്ജലി മേനോന് സാധിച്ചിട്ടുണ്ട്. അരോചകമാകാത്ത രീതിയിൽ  ഫാന്റസി ഉൾകൊള്ളിച്ചു ഇത്തരം ഒരു സിനിമ മലയാളികൾക്ക് നൽകാൻ ശ്രമിച്ചത് നല്ലതു തന്നെ. എങ്കിലും ചിത്രത്തിലെ ചില രംഗങ്ങൾ എങ്കിലും പ്രേക്ഷകന് ലാഗ് ആയി അനുഭവപെട്ടു. ലിറ്റിൽ സ്വയംപിന്റെ ക്യാമറ കാഴ്ചകൾ ഒരു ദൃശ്യ  വിസ്മയം തന്നെ പ്രേക്ഷകന് സമ്മാനിച്ചു. അതിഗംഭീരം ആയിരുന്നു ചിത്രത്തിലെ ഒരു ഫ്രെയിംമും വിഷ്വലുകളും . രഘു ദീക്ഷിത് ഈണം ഇട്ട ഗാനങ്ങൾ ചിത്രത്തിന് ജീവൻ നൽകി.

പ്രേക്ഷക പ്രതികരണം:
ഫാന്റസിയും , ഇമോഷണൽ രംഗങ്ങളും ഒക്കെ ഇഷ്ടം ആകുമെങ്കിൽ ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ഉസ്താദ് ഹോട്ടലിലെ ഡയലോഗ് ബാംഗ്ലൂർ ഡേയ്‌സിൽ...ബാംഗ്ലൂർ ഡേയ്സിലെ ഡയലോഗ്  'കൂടെ' യിൽ...സ്വയം തള്ളി മറിക്കാനായിട്ടു ഇനി 'കൂടെ' യിലെ ഏതു ഡയലോഗ് ആണാവോ അഞ്ജലി മേനോൻ അടുത്ത പടത്തിലേക്കായി മാറ്റി വെച്ചിരിക്കുന്നത്. 

---പ്രമോദ്

Comments

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി