ഒരു പഴയ ബോംബ് കഥ



കഥാസാരം
ശ്രീക്കുട്ടൻ (ബിബിൻ ജോർജ് ) ഒരു കാലിനു സ്വാധീനക്കുറവുള്ള  അംഗപരിമിതൻ ആണ്. ഒരു വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയുന്ന ശ്രീകുട്ടന് കൂട്ടായി ഇപ്പോഴും ഭവ്യൻ (ഹരീഷ് കണാരൻ) ഉണ്ടാവും. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന  ശ്രീകുട്ടന്റെ ജീവിത കഥയും, പ്രണയവും, നൊമ്പരവും ഒക്കെ ഒത്തു ചേർന്നതാണ് 'ഒരു പഴയ ബോംബ് കഥ'.

സിനിമ അവലോകനം:
ഷെർലക് ടോംസ് എന്ന പരാജയ ചിത്രത്തിന് ശേഷം ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ഷാഫി കാണിച്ച ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്. കഥ പഴഞ്ചൻ ആണെങ്കിലും,മികച്ച നർമ രംഗങ്ങൾ കോർത്തിണക്കി പ്രേക്ഷകന് അനായാസേന കണ്ടിരിക്കാവുന്ന ചിത്രമാക്കി തീർത്ത അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അംഗപരിമിതർക്കു അല്ല പരിമിതി...മറിച്ചു അവർക്കു പരിമിതികൾ ഉണ്ടെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ മനസ്സിനാണ് പരിമിതി എന്ന വ്യക്തമായ സന്ദേശം ആണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. ഇത്തരം കഥ സാധാരണ മലയാളത്തിൽ ദിലീപ് ആണ് ചെയ്യുന്നതെങ്കിലും, ജന്മനാ പോളിയോ ബാധിച്ച ഒരു യഥാർത്ഥ ഹീറോ (ബിബിൻ) നായകൻ ആയതു ചിത്രത്തിന് പുതുമ നൽകുന്നു.

അഭിനയം, അഭിനേതാക്കൾ:
ജന്മനാ പോളിയോ ബാധിച്ച ബിബിൻ ജോർജ് ആണ് ഈ ചിത്രത്തിലെ നായകൻ. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനം മോശമാക്കിയില്ല.  മികച്ച കൗണ്ടറുകളും കോമെടികളും കൊണ്ട് പ്രേക്ഷകനെ കുടുകുടെ ചിരിപ്പിച്ച ഹരീഷ് കണാരൻ ആണ് ചിത്രത്തിലെ യഥാർത്ഥ നായകൻ. അദ്ദേഹത്തിന്റെ ഓരോ തമാശകളിലും ഒരു ഫ്രഷ്‌നെസ്സ് അനുഭവപെട്ടു. പ്രയാഗ മാർട്ടിന്റെ അഭിനയവും നൃത്തവും തീർത്തും അരോചകം ആയിരുന്നു. ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, അതി ഗംഭീര വില്ലനിസവുമായി കലാഭവൻ ഷാജോൺ വീണ്ടും പ്രേക്ഷകനെ ഞെട്ടിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ റോൾ എന്തിനായിരുന്നു എന്ന് പോലും മനസിലായില്ല.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിൽ യാതൊരു വിധ ലോജിക്കുകളും ഇല്ലെങ്കിൽ കൂടി, പ്രേക്ഷകനെ ചിരിപ്പിക്കുന്നതിൽ ഒരു പരിധി വരെ ഈ ഷാഫി ചിത്രവും വിജയിച്ചു. അരുൺ രാജിന്റെ സംഗീതവും, ബിജി പാലിന്റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരം പുലർത്തി. ബിനു ജോസഫിന്റെയും സുനിലിന്റേയും തിരക്കഥ ഒരു മികച്ച ആശയം പ്രേക്ഷകന് പകർന്നു നൽകുന്നതിൽ ഒരു പരിധി വരെ വിജയിച്ചു.

പ്രേക്ഷക പ്രതികരണം:
അല്പം ചിരിയോടെയും, നൊമ്പരത്തോടെയും ഒക്കെ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
ഈ സിനിമ നിങ്ങൾ തിയറ്ററിൽ നിന്ന് കണ്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല..മറിച്ചു നിങ്ങൾ അത് കണ്ടാൽ ചരിത്രമാകും...സമൂഹത്തിൽ  നിന്ന് പിന്തള്ളപ്പെടുന്ന ഒരു കൂട്ടം പ്രതിഭാശാലികൾക്കു സിനിമ എന്ന മായിക ലോകം സ്വപ്നം കാണാനുള്ള പ്രചോദനം ആകും.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി