സഖാവ്



കഥാസാരം
കൃഷ്ണകുമാർ (നിവിൻ പോളി) ഇടതു പക്ഷ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്. എങ്ങനെയെങ്കിലും കൂടെ ഉള്ളവനെ കുതികാലിനു വെട്ടി അധികാരം കൈയിലെടുക്കാൻ നടക്കുന്ന ഒരു അധികാര മോഹിയായ സഖാവ്. അങ്ങനെ ഇരിക്കെ മറ്റൊരു സഖാവിനു ചോര കൊടുക്കാൻ ആശുപത്രിയിൽ എത്താൻ കൃഷ്ണനോട് പാർട്ടി അധികാരികൾ ആവശ്യപെടുന്നു. ഏതോ ഒരാൾക്ക് വേണ്ടി രക്തം കൊടുക്കാനുള്ള സഹായ മനസ്കത പോലും ഇല്ലാത്ത കൃഷ്ണൻ , പാർട്ടി പറഞ്ഞത് കൊണ്ട് മാത്രം ആശുപത്രിയിൽ രക്തം കൊടുക്കാൻ കാത്തിരിക്കുന്നു. താൻ രക്തം ദാനം ചെയ്യാൻ പോകുന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലാന്നു കൃഷ്ണൻ തിരിച്ചറിയുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ വിശകലനം
101 ചോദ്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശിയ അംഗീകാരം വാങ്ങിയ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത മുഖ്യധാരാ ചിത്രം ആണ് 'സഖാവ്'. നിവിൻ പോളി എന്ന ന്യൂ ജനറേഷൻ സൂപ്പർ താരത്തിന് ഇത്രയും വ്യത്യസ്തയും വെല്ലുവിളിയും നിറഞ്ഞ ഒരു വേഷം നൽകാൻ കാട്ടിയ സിദ്ധാർഥ് ശിവയുടെ ധൈര്യം പ്രശംസനീയം തന്നെ. സംവിധായകന്റെ തീരുമാനം നൂറു ശതമാനം ശെരിയായിരുന്നു എന്ന് തെളിയിക്കുന്ന നിവിൻ പോളിയുടെ പ്രകടനം. എന്താകണം ഒരു സഖാവ്, എന്ത് ആകരുത് ഒരു സഖാവ് എന്ന് ഓരോ സഖാവിനും മനസിലാക്കി കൊടുക്കുന്ന ചിത്രം. ഇന്നത്തെ കാലത്തെ അധികാര മോഹികളായ, കപട കമ്മ്യൂണിസ്റ്റുകാർക്ക് ഒരു പാഠപുസ്തകം ആണ് ഈ ചിത്രം. ഓരോ കമ്മ്യൂണിസ്റ്റ് അനുഭാവിയും തീർച്ചയായും കണ്ടു മനസിലാക്കേണ്ട ചിത്രം.

അഭിനയം, അഭിനേതാക്കൾ:
ഇരട്ട വേഷവും, മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളുമായി നിവിൻ പോളി നിറഞ്ഞാടിയ ചിത്രത്തിൽ, ഐശ്വര്യ രാജേഷും, ഗായത്രി സുരേഷും, അപർണ്ണയും ആണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്തത്. തനിക്കു ലുക്ക് മാത്രമേ ഉള്ളൂ..അഭിനയിക്കാൻ അറിയില്ല എന്ന് ഗായത്രി സുരേഷ് ഒരിക്കൽ കൂടി തെളിയിച്ചു. ശ്രീനിവാസൻ, സുധീഷ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. പക്ഷെ ഗംഭീര പ്രകടനം നടത്തി പ്രേക്ഷകനെ ഞെട്ടിച്ചത് നിവിൻ പോളി തന്നെ. താൻ വെറും ഒരു റൊമാൻസ് ഹീറോ അല്ലെന്നും,തനിക്കു കാമ്പുള്ള , കരുത്തുറ്റ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ അറിയുമെന്നും നിവിൻ പോളി പ്രേക്ഷകന് തെളിയിച്ചു കൊടുത്തു.

സംഗീതം, സംവിധാനം, സാങ്കേതികം:
പ്രശാന്ത് പിള്ളയുടെ ഈണങ്ങൾ ചിത്രത്തിന്റെ രസം ചോർന്നു പോകാത്ത രീതിയിൽ ഇഴുകി ചേർന്നിരുന്നു. സിദ്ധാർഥ് ശിവയുടെ കാച്ചി കുറുക്കിയ ഗംഭീര സംഭാഷണ ശകലങ്ങൾ ആണ് ചിത്രത്തിന്റെ ഏറ്റവും വല്യ മേന്മ. ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും ഉള്ളിലെ ചോരയുടെ വീര്യം കൂട്ടാൻ ഉതകുന്ന ഡയലോഗുകൾ ചിത്രത്തെ കമ്മ്യൂണിസ്റുകാരായ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റും. എന്നാൽ ഒരു സാധാരണ പ്രേക്ഷകന്  ചിത്രത്തിൽ പലയിടങ്ങളിലും വലിച്ചു നീട്ടലുകളും, അവിശ്വസനീയതയും ഒക്കെ സമ്മാനിച്ചു. വൃദ്ധനായ കൃഷ്ണൻ ഒരു കൂട്ടം ഗുണ്ടകളുമായുള്ള ഏറ്റുമുട്ടൽ തെലുങ്ക് സിനിമയെ വരെ വെല്ലുവിളിക്കുന്ന രംഗം ആയിരുന്നു. അത്തരം ചില അവിശ്വസനീയ രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രം കൂടുതൽ മികച്ച സൃഷ്ടി ആയി മാറിയേനെ. ജോർജിന്റെ ഛായാഗ്രഹണം ശരാശരിയിൽ ഒതുങ്ങി.


പ്രേക്ഷക വിധി:
കമ്മ്യൂണിസ്റ്റുകാരനായ ഏതൊരു വ്യക്തിയെയും 100 %  തൃപ്തിപെടുത്തും ഈ ചിത്രം. സാധാരണക്കാരന് അല്പം ക്ഷമ ഉണ്ടെങ്കിൽ കണ്ടു തീർക്കാവുന്ന ഒരു സാധാരണ രാഷ്ട്രീയ ചിത്രം.

റേറ്റിങ്: 3  / 5

വാൽകഷ്ണം:
കമ്മ്യൂണിസ്റ്റ് പടങ്ങൾ ഇറക്കുന്നതിനു സർക്കാർ സബ്സിഡി വല്ലതും അനുവദിച്ചു തുടങ്ങിയോ? അടുത്തിടയായി കുറെ ഇറങ്ങുന്നത് കൊണ്ട് ഒരു സംശയം.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി