ദി ഗ്രേറ്റ് ഫാദർ




കഥാസാരം:
ഡേവിഡ് നൈനാൻ (മമ്മൂട്ടി) ഒരു പ്രമുഖ ബിൽഡർ ആണ്. ഡേവിഡിന്റെ ഏക മകൾ  സാറക്ക് (അനിഖ) അമ്മയേക്കാൾ(സ്നേഹ) ആരാധന അപ്പനോട് ആയിരുന്നു. സാറക്ക് ഡേവിഡ് ആയിരുന്നു സൂപ്പർ ഹീറോ. ഡേവിഡിനും മകളുടെ സന്തോഷത്തിനു അപ്പുറം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോ ചില അനിഷ്ട സംഭവങ്ങളാൽ സാറയുടെ ചിരി മായുന്നു.  സാറയുടെ പഴയ ചിരിക്കുന്ന മുഖം വീണ്ടെടുക്കാൻ ഡേവിഡ് യഥാർത്ഥ സൂപ്പർ ഹീറോ ആയി മാറുന്നിടത്തു കഥ പുരോഗമിക്കുന്നു.

സിനിമ വിശകലനം:
തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങിയ മമ്മൂട്ടിക്കും, മമ്മൂട്ടിയുടെ ആരാധകർക്കും പ്രതീക്ഷ നൽകുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ ഫസ്റ്റ് ലൂക്കും , ട്രെയ്ലറും എല്ലാം.  ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ, പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സാധിച്ച ചിത്രം ആണ്  'ദി ഗ്രേറ്റ് ഫാദർ'. പുതുമുഖ സംവിധായകനും രചയിതാവും ആയ ഹനീഫ് അദാനി  മികച്ച രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗം അൽപ്പം ഇഴഞ്ഞു നീങ്ങിയെങ്കിലും, രണ്ടാം ഭാഗം കാണികളെ  ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഉതകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്തയും, ഭീതിയും നിറച്ച വില്ലനെ സമ്മാനിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ക്ലൈമാക്സ് പ്രതീക്ഷക്കു ഒത്തു ഉയർന്നില്ലെങ്കിൽ കൂടിയും മോശം അല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ സാമൂഹിക പ്രേശ്നങ്ങളിൽ ഏറ്റവും പ്രസക്തിയേറിയതായ  ഒരു വസ്തുതയെ മൂല്യ ശോഷണം ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു. സമീപ കാല ചിത്രങ്ങളിൽ മികച്ച ത്രില്ലെർ ആയി 'ഗ്രേറ്റ് ഫാദർ ' നെ കണക്കു കൂട്ടാം.

അഭിനയം, അഭിനേതാക്കൾ:
ഡേവിഡ് നൈനാൻ ആയി മമ്മൂട്ടി അല്ലാതെ മറ്റൊരു ചോയ്സ് ഇല്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള സ്റ്റൈലിഷ് മാനറിസങ്ങളും, അഭിനയ തികവും. വളരെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ വളിപ്പ് തമാശകളോ, കോപ്രായ പ്രകടനങ്ങളോ ഒന്നും ഇല്ലാതിരുന്ന മികച്ച പ്രകടനം. 'ഉറുമി' ക്കു ശേഷം ആര്യയുടെ അത്യുജ്വല പ്രകടനം. വ്യത്യസ്തത നിറഞ്ഞ ഒരു പോലീസ് ഓഫീസറുടെ റോൾ ആര്യ വേറിട്ടതാക്കി. സ്നേഹയുടെ പ്രകടനം പലപ്പോഴും അണ്ടർ ആക്ടിങ് ആയി തോന്നി. ഡോക്ടറുടെ റോൾ മിയ ജോർജ് മികവുറ്റതാക്കി. ഒരു കുട്ടിയുടെ രണ്ടു നിലയിൽ ഉള്ള മാനസികാവസ്ഥ , തികഞ്ഞ തന്മയത്വത്തോട് കൂടി അവതരിപ്പിച്ച അനിഖക്കു പ്രത്യേക  പ്രശംസ അർഹിക്കുന്നു. തികച്ചും മിതത്വം പാലിച്ച അസാധാരണ അഭിനയ പാടവം തുളുമ്പുന്ന പ്രകടനം ആയിരുന്നു അനിഖ പ്രേക്ഷകന് സമ്മാനിച്ചത് . ഷാജോൺ, മാളവിക മോഹനൻ, സുനിൽ സുഖദ തുടങ്ങിയവർ അവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു.

സംഗീതം, സംവിധാനം, സാങ്കേതികം:
ഗോപി സുന്ദറിന്റെ ഈണങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ, അതി ഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കി പ്രേക്ഷകനെ ഞെട്ടിച്ചത് സുഷിൻ ശ്യാം ആണ്. വ്യത്യസ്ത നിറഞ്ഞ പശ്ചാത്തല സംഗീതം മമ്മൂട്ടി ആരാധകരെയും, പ്രേക്ഷകനെയും ഒരുപോലെ സന്തോഷിപ്പിക്കാൻ ഉതകുന്നത് ആയിരുന്നു.മലയാളത്തിലേക്ക് നിരവധി പുതു മുഖ സംവിധായകർ നടന്നു കയറുന്ന ഈ കാലഘട്ടത്തിൽ ,തന്റെ ആദ്യ സിനിമയിലൂടെ തന്നെ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചതിൽ ഹനീഫ് അദാനിക്ക് അഭിമാനിക്കാം. മികച്ച മെക്കിങ്ങും, മമ്മൂട്ടിയുടെ സ്റ്റൈലിഷ്  ഭാവങ്ങളും ഒരുമിപ്പിച്ചപ്പോൾ മികച്ച ഒരു ചിത്രം ഒരുക്കാൻ ഹനീഫിന് സാധിച്ചു. റോബിയുടെ കാമറ കാഴ്ചകളും അതി ഗംഭീരം ആയി.

പ്രേക്ഷക വിധി:
ഏറെക്കാലത്തിനു ശേഷം നിറഞ്ഞ സദസ്സിൽ ഒരു മമ്മൂട്ടി ചിത്രം കാണാൻ സാധിച്ചു.അതിഗംഭീരം ഒന്നും അല്ലെങ്കിൽ കൂടിയും, ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു മികച്ച ചിത്രം ആണ് 'ഗ്രേറ്റ് ഫാദർ' . അപ്പൻ - മകൾ ബന്ധത്തിന്റെ ആഴം കാണാൻ ആഗ്രഹിക്കുന്ന ഏതൊരു കുടുംബത്തിനും ധൈര്യ സമേതം പോയി കാണാവുന്ന ചിത്രം.

റേറ്റിങ് : 3.5 / 5

വാൽകഷ്ണം:
പൊന്നിന്റെ നാണയം എത്ര ചെളിക്കുണ്ടിൽ വീണാലും, അതിന്റെ മാറ്റ് തെല്ലും കുറയില്ലാന്നു മമ്മൂട്ടി തെളിയിച്ചു

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി