1971 - ബിയോണ്ട് ബോർഡേഴ്സ്



കഥാസാരം:
1971 ൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ യുദ്ധരംഗങ്ങളുടെ ഒരു ഏട്, കേണൽ സഹദേവൻ(മോഹൻലാൽ) എന്ന പട്ടാളക്കാരന്റെ വീക്ഷണകോണിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. 

സിനിമ വിശകലനം:
 യുദ്ധ സിനിമകളുമായി മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മേജർ രവി. മോഹൻലാൽ എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ച കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളുടെ വിജയം  ഈ ചിത്രത്തിലും ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ അവരുടെ മുഖത്തു നോക്കി കൊഞ്ഞനം കാട്ടുന്ന തരത്തിൽ ഉള്ള തിരക്കഥയും, പ്രേക്ഷകനെ ആവേശം കൊള്ളിക്കാത്ത യുദ്ധരംഗങ്ങളും കൊണ്ട് നിറച്ച ഒരു ശരാശരിയിലും താഴ്ന്ന സിനിമയാക്കി മേജർ രവി ഇതിനെ മാറ്റി. പല രംഗങ്ങളും , സംഭാഷണ ശകലങ്ങളും (ഉദാഹരണമായി ഹോസ്പിറ്റലിൽ അച്ഛൻ മരിച്ചെന്നു നേഴ്സ് മകനോട് പറയുന്ന രംഗം )കൃത്രിമത്വം നിറഞ്ഞതു ആയിരുന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ സാന്നിധ്യം കൂടിയില്ലായിരുന്നെങ്കിൽ സമ്പൂർണ പരാജയം ആയി തീർന്നെന്നെ ഈ ചിത്രം. സബ്‌ടൈറ്റിൽ ഇല്ലാതെ ഹിന്ദി ഡയലോഗുകൾ ചിത്രത്തിൽ ഉടനീളം  കാണിക്കുന്നത് , ഹിന്ദി അറിയാത്ത പ്രേക്ഷകർക്ക് അരോചകമാണ് എന്ന് മേജർ രവി എന്നാണോ മനസിലാക്കുന്നത്??

അഭിനയം, അഭിനേതാക്കൾ:
കേണൽ സഹദേവനായും, മേജർ മഹാദേവൻ ആയും മോഹൻലാൽ എന്ന അഭിനയ കുലപതിയുടെ വ്യത്യസ്ത വേഷപ്പകർച്ചകൾ പ്രേക്ഷകന് സമ്മാനിച്ചു. കേണൽ സഹദേവനായി മോഹൻലാൽ നിറഞ്ഞു ആടിയെങ്കിലും, പലപ്പോഴും എവിടെയൊക്കെയോ അദ്ദേഹത്തിന്റെ ചുറുചുറുക്ക് നഷ്ടമായതായി അനുഭവപ്പെട്ടു. എങ്കിലും അദ്ദേഹത്തിന്റെ ഗംഭീര ഡയലോഗുകൾ മാത്രം ആയിരുന്നു പ്രേക്ഷകനെ ഇത്തിരിയെങ്കിലും രസിപ്പിച്ചത്. ദേവൻ, രഞ്ജി പണിക്കർ, ആശാ ശരത് തുടങ്ങിയവർ അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ, പ്രേക്ഷകന്റെ ഹൃദയത്തിൽ തൊടുന്ന അഭിനയം കാഴ്ച വെച്ച് സുധീർ കരമനയും തിളങ്ങി. ചിന്മയി എന്ന കഥാപാത്രം അല്ലു സിരിഷ് മോശം ആക്കിയില്ല.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച ഗാനം മാത്രം ആയിരുന്നു പ്രേക്ഷക പ്രീതി നേടിയത്. അല്ലു സിരിഷ് അഭിനയിച്ച തമിഴ് പാട്ടു തീർത്തും അനാവശ്യമായി തോന്നി. ആ രംഗങ്ങളിൽ അഭിനയിച്ച നായികയുടെ അഭിനയം അരോചകം ആയിരുന്നു. സിദ്ധാർഥ് വിപിൻ, നജീം അർഷാദ്, രാഹുൽ സുബ്രമണ്യം എന്നിവരുടെ സംഗീതം ചിത്രത്തിന് കാര്യമായി ഗുണം ചെയ്തില്ല. ഗോപി സുന്ദർ ജനഗണമന വരെ അടിച്ചു മാറ്റി ബാക്ഗ്രൗണ്ട് മ്യൂസിക് ആക്കി. സുജിത് വാസുദേവന്റെ ക്യാമറയും യുദ്ധരംഗങ്ങളുടെ തീഷ്ണത വേണ്ട രീതിയിൽ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ലോജിക് ഇല്ലാത്ത സീനുകളാൽ സമ്പന്നമായ തിരക്കഥ ഒരുക്കിയ മേജർ രവി എന്ന എഴുത്തുകാരൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ. ഒരു ഇന്ത്യൻ ടാങ്കർ, അഞ്ചു പാകിസ്ഥാൻ ടാങ്കറുകളുമായി ഏറ്റു മുട്ടുമ്പോൾ, എന്തുകൊണ്ട് അഞ്ചു പാകിസ്ഥാൻ ടാങ്കറുകളും ബോംബ് ഉതിർക്കാതെ മൗനം പാലിച്ചു എന്നത് ഒരു ചോദ്യ ചിഹ്നമായി പ്രേക്ഷക മനസ്സുകളിൽ നിൽക്കുന്നു. ഇത്തരത്തിൽ ഉള്ള സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒരു തിരക്കഥയാണ് ഈ ചിത്രത്തെ തീർത്തും പിന്നോട്ട് വലിക്കുന്നത്.

പ്രേക്ഷക പ്രതികരണം: 
കീർത്തിചക്ര , കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളുടെ പ്രതീക്ഷയുമായി പോയാൽ, ഈ ചിത്രം നിങ്ങളെ നിരാശരാക്കും.

റേറ്റിങ്: 2  / 5
വാൽകഷ്ണം:

ചാർലി ചാപ്ലിൻ പണ്ടൊരു സദസ്സിനു മുൻപിൽ ഒരു തമാശ അവതരിപ്പിച്ചു. ആദ്യ വട്ടം സദസ്സ് ഒന്നടങ്കം പൊട്ടി ചിരിച്ചു. ചാപ്ലിൻ അതേ തമാശ വീണ്ടും അവതരിപ്പിച്ചു. സദസ്സിലെ കുറച്ചു പേർ മാത്രം ചിരിച്ചു. ചാപ്ലിൻ അതേ തമാശ മൂന്നാമതും അവതരിപ്പിച്ചു. സദസ്സിൽ ആരും തന്നെ ചിരിച്ചില്ല. 
മേജർ രവി ചേട്ടാ...മനസ്സിലാകുന്നുണ്ടല്ലോ അല്ലെ??

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി