കോമറൈഡ് ഇൻ അമേരിക്ക


കഥാസാരം:
കേരള കോൺഗ്രസിലെ വിവാദ മന്ത്രിയായ കോര സാറിന്റെ സന്തത സഹചാരിയാണ് മാത്യു (സിദ്ദിഖ് ). മാത്യുവിന്റെ മകൻ അജി  മാത്യു (ദുൽഖുർ സൽമാൻ ) കറതീർത്ത കമ്മ്യൂണിസ്റ്റ് ആണ്. പ്രേമിച്ച പെണ്ണിനെ അവളുടെ വീട്ടുകാർ അമേരിക്കയിലേക്ക് കയറ്റി അയച്ചപ്പോൾ, അവളെ കാണുവാനായി പാസ്സ്പോര്ട്ടും വിസയും ഒന്നുമില്ലാത്ത അജി,അമേരിക്കയിൽ എത്താൻ  ഒരു വളഞ്ഞ വഴി കണ്ടെത്തുന്നു. അജുവിന്റെ യാത്ര വിജയിക്കുമോ ഇല്ലയോ എന്നത് ചിത്രത്തിന്റെ ബാക്കി പത്രം.

സിനിമ വിശകലനം:
അമൽ നീരദ് സിനിമകൾ പൊതുവെ സ്ലോ മോഷൻ ആണ്  എന്ന പ്രേക്ഷക വിചാരങ്ങൾക്കു അറുതി വരുത്തുവാൻ അമൽ തീരുമാനിച്ചു എന്ന് തോന്നുന്നു. അത്തരം രംഗങ്ങൾ ഒക്കെ താരതമ്യേനെ ഒഴിവാക്കി , ഹാസ്യ രസങ്ങളുടെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുന്ന ഒരു ശരാശരി ചിത്രം. പുതുമ ഉള്ള കഥയോ സന്ദര്ഭങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും , കുറ്റമറ്റ രീതിയിൽ ചിത്രം ഒരുക്കുന്നതിൽ അണിയറ പ്രവർത്തകർ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.  പതിവ് അമൽ നീരദ് സിനിമകൾ പോലെ പ്രേക്ഷകനെ അത്രയ്ക്ക് അങ്ങ് മുഷിപ്പിക്കുന്നില്ല എന്നത് ഈ ചിത്രത്തിന്റെ മേന്മയാണ്.

അഭിനയം, അഭിനേതാക്കൾ:
അജിയുടെ വേഷം ദുല്ഖര് നന്നായി അവതരിപ്പിച്ചു. പാകത വന്ന ദുല്ഖറിന്റെ അഭിനയം പല രംഗങ്ങളും മികച്ചതാക്കി. സിദ്ദിഖ് എന്ന നടന്റെ നടന വിസ്മയം ഓരോ ചിത്രങ്ങളിലൂടെയും പ്രേക്ഷകനെ കോരിത്തരിപ്പിക്കുകായാണ്. ദിലീഷ് പോത്തൻ മലയാള സിനിമക്ക് സംവിധാന മേഖലയിൽ മാത്രം അല്ല; അഭിനയ മേഖലയിലും ഒരു മുതൽകൂട്ടാണ് എന്ന് ഉറപ്പിക്കുന്ന പ്രകടനം.  സൗബിൻ ഹാസ്യ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തി. നായികയായ കാർത്തിക മുരളിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. ചെഗുവേര , മാർക്സ് , ലെനിൻ തുടങ്ങിയവരുടെ ജീവസുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കു സല്യൂട്ട്.

സംഗീതം, സാങ്കേതികം, സംവിധാനം:
ഗോപി സുന്ദറിന്റെ ഈണങ്ങളെക്കാൾ മികവ് പുലർത്തിയ പശ്ചാത്തല  സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടി. അമൽ നീരദിന്റെ സംവിധാന മികവ് ആണ് ചിത്രത്തിന്റെ മികച്ച ആകർഷണ ഘടകങ്ങളിൽ ഒന്ന്. മികച്ച ഛായാഗ്രഹണവും , പശ്ചാത്തലവും പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നു. ഷിബിൻ ഫ്രാൻസിസിന്റെ കണ്ടു മടുത്ത , നിലവാരം ഇല്ലാത്ത തിരക്കഥയാണ് ചിത്രത്തിൽ നിന്ന് പ്രേക്ഷകനെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. രണ്ടാം ഭാഗത്തുള്ള അനാവശ്യ സെന്റിമെൻസ് രംഗങ്ങൾ ഒക്കെ പ്രേക്ഷകനിൽ മടുപ്പു ഉളവാക്കി.

പ്രേക്ഷക പ്രതികരണം: 
കമ്മ്യൂണിസ്റ്റ് പടം ആണോ...അല്ല...!!! ലവ് സ്റ്റോറി ആണോ അല്ല...!! ത്രില്ലെർ ആണോ...അല്ല..!!! സഞ്ചാര സിനിമ ആണോ? അല്ല !!! എല്ലാത്തിന്റെയും ഒരു അവിയൽ പരുവം

റേറ്റിങ് : 2.5 / 5

വാൽക്ഷണം : 
ദുല്ഖറിന്റെ തന്നെ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെ കഥാസാരവുമായി എന്തെങ്കിലും ബന്ധം തോന്നിയാൽ അത് തികച്ചും യാദർശ്ചികം മാത്രം.




Comments

Popular posts from this blog

ജെല്ലിക്കെട്ട്

ആകാശ മിഠായി