രാമന്റെ ഏദെൻതോട്ടം



കഥാസാരം:
സിനിമ നിർമാതാവായ എൽവിസിന്റെ (ജോജു) ഭാര്യ ആണ് മാലിനി (അനുസിത്താര).  അവർക്കു ഒരു മകൾ.  ഇരുവരുടെയും കല്യാണം കഴിഞ്ഞിട്ടു പത്തിലേറെ വര്ഷം ആയെങ്കിലും സന്തോഷം എന്തെന്ന് അവർ ഇരുവരും അറിഞ്ഞിട്ടില്ല. അവർക്കു ഇരുവർക്കും ഇടയിൽ പ്രണയം എന്നോ നഷ്ടപ്പെട്ട് പോയി. അങ്ങനെ ഒരിക്കൽ ഒരു ഫാമിലി ടൂറിനായി അവർ രാമന്റെ (കുഞ്ചാക്കോ ബോബൻ ) ഏദൻ  തോട്ടം എന്ന റിസോർട്ടിൽ എത്തുന്നു. അവിടെ വെച്ച് മാലിനിയുടെ ജീവിതത്തെ പറ്റി ഉള്ള കാഴ്ചപാട് തന്നെ മാറുന്നു. മാലിനിയുടെയും എൽവിസിന്റെയും ജീവിതത്തിൽ ഏദൻ തോട്ടം ഉണ്ടാക്ക്കിയ മാറ്റങ്ങൾ ആണ് സിനിമയുടെ ബാക്കി പത്രം.

സിനിമ വിശകലനം:
നവാഗത സംവിധായകരിൽ ഫീൽ ഗുഡ് സിനിമകളുടെ ബ്രാൻഡ് അംബാസിഡർ ആണ് രഞ്ജിത്ത് ശങ്കർ. പാസ്സന്ജർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സാമൂഹ്യ പ്രസക്തമായ , നന്മ നിറഞ്ഞ ചിത്രങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പതിവ് പോലെ ഇക്കുറിയും ഫീൽ ഗുഡ് സിനിമക്കായി അദ്ദേഹം ശ്രമിച്ചെങ്കിലും , പ്രേക്ഷക മനസ്സിൽ അത്ര കണ്ടങ്ങു ഫീൽ ഗുഡ് ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് നിരാശാജനകമാണ്. അങ്ങിങ്ങായി നിഴലിക്കുന്ന വലിച്ചു നീട്ടലുകളും, കഥാപാത്രങ്ങൾക്ക് നൽകിയ വ്യക്തമായ ഐഡന്റിറ്റി ചില രംഗങ്ങളിൽ മാറിമറിയുന്നതും പ്രേക്ഷകന് കല്ല് കടിയായി. എന്നാൽ തന്നെ അൽപ സ്വല്പം ക്ഷമ ഉണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം തന്നെയാണ്  രാമന്റെ ഏദെൻതോട്ടം.

അഭിനയം, അഭിനേതാക്കൾ:
രാമന്റെ റോളിൽ കുഞ്ചാക്കോ അഭിനയിച്ചു ഞെട്ടിച്ചു. ഈ നടന്റെ ഉള്ളിൽ ഉള്ള കഴിവുകൾ പലപ്പോഴും പ്രേക്ഷകനെ ഞെട്ടിക്കുന്നു. ജോജു എന്ന നടന്റെ അഭിനയം ആണ് ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. തകർന്ന സിനിമ നിർമ്മാതാവായും, പരസ്ത്രീബന്ധമുള്ള ഭർത്താവായും, മകളെ അതിരറ്റു സ്നേഹിക്കുന്ന വാത്സല്യ നിധിയായ അച്ഛനായും ഒക്കെ അഭിനയിച്ചു തകർത്തു കളഞ്ഞു. ഏറെ നാളുകൾക്കു ശേഷം പ്രേക്ഷക മനസ്സുകളെ കീഴടക്കിയ  ഒരു നായിക പ്രകടനം അനു സിത്താരയിൽ നിന്ന് ലഭിച്ചു. മാലിനി എന്ന വേഷത്തോട് നൂറു ശതമാനം നീതി പുലർത്താൻ അനുവിന് സാധിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങൾ ആയ അജു വര്ഗീസ്, ശ്രീജിത്ത് രവി, മുത്തുമണി തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. രമേശ് പിഷാരടിയും മികച്ച നമ്പറുകളുമായി പ്രേക്ഷകനെ രസിപ്പിച്ചു. ജയസൂര്യ എന്ന നടനെ താൻ വിട്ടു കളയില്ല എന്ന് സൂചിപ്പിക്കാൻ രഞ്ജിത്ത് ശങ്കർ അദ്ദേഹത്തിനും ഒരു പത്തു സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന അതിഥി വേഷം നൽകി ആദരിച്ചിട്ടുണ്ട്.

സംഗീതം, സംവിധാനം, സാങ്കേതികം:
ബിജി പാലിന്റെ ഈണങ്ങൾ റിലീസിന് മുൻപ് തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. രഞ്ജിത്ത് ശങ്കർ എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമയെ എത്തിക്കാൻ ഇക്കുറി രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടില്ല. എന്നാൽ അതി മനോഹരമായ പോസിറ്റീവ് ഇൻസ്പിറേഷൻ ചിന്തകൾ ഇക്കുറിയും അദ്ദേഹം പ്രേക്ഷകന് നല്കുനുണ്ട്. മികച്ച ദൃശ്യങ്ങൾ ഒരുക്കിയ മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകൻ പ്രശംസ അർഹിക്കുന്നു.

പ്രേക്ഷക പ്രതികരണം:
 പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിച്ചതിലും, സിനിമയുടെ രസ ചരട്  ഇടയ്ക്കു എവിടെ വെച്ചോ പൊട്ടി പോയതിനാലും പ്രേക്ഷകൻ അത്ര കണ്ടു തൃപ്തരല്ല. പ്രകൃതി സ്നേഹകളായ ബുദ്ധി ജീവികൾക്കും, ഫെമിനിസ്റ്റുകൾക്കും ഒരു പക്ഷെ അഭിപ്രായം വേറെയാകാം.

റേറ്റിങ് : 2 .5  / 5

വാൽകഷ്ണം:
താത്വികമായ ഒരു അവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
നന്മയും പോസിറ്റീവ്  ചിന്താസരണികളും പ്രകൃതി സ്നേഹവും ഫെമിനസവും തമ്മിൽ ഉള്ള അന്തർധാര സജീവം ആയിരുന്നെങ്കിലും, അവർക്കിടയിൽ ഉള്ള ബന്ധം അകൽച്ചയിൽ ആയിരുന്നു.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി