അച്ചായൻസ്



കഥാസാരം:കൊച്ചിയിലെ പ്രശസ്തമായ നസ്രാണി കുടുംബം ആയ തോട്ടത്തിൽ തറവാട്ടിലെ ഇളം തലമുറ ദുശീലങ്ങളാൽ സമ്പന്നർ ആണ്. കുടി , വലി എന്ന് വേണ്ട അവർക്കു ഇല്ലാത്ത ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല.കുടുംബത്തിലെ മുതിർന്നവൻ ആയ റോയ് (ജയറാം) മാത്രമാണ് സൽസ്വഭാവി എന്ന് കുടുംബക്കാർ വിശ്വസിച്ചു, റോയ്‌ക്കൊപ്പം കുട്ടികളെ നന്നാക്കാനായി ധ്യാന കേന്ദ്രത്തിലേക്ക് അയക്കുന്നു. എന്നാൽ അവരെക്കാൾ ഒക്കെ തലമുതിർന്ന പോക്കിരിയായ റോയ് അവർക്കൊപ്പം കൂടുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങൾ ആണ്  'അച്ചായൻസ്'

സിനിമ വിശകലനം :

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുന്ന ചിത്രം ആണ്  'അച്ചായൻസ് '. മുൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാർന്ന ഒരു ശരാശരി ചിത്രം ഒരുക്കുന്നതിൽ ഈ കൂട്ടുകെട്ട് വിജയിച്ചിട്ടുണ്ട്.  'അച്ചായൻസ്' ഒരു അതി ഗംഭീര ചിത്രം ഒന്നും അല്ലെങ്കിൽ കൂടിയും, നർമത്തിൽ ചാലിച്ച ഒന്നാം ഭാഗവും,  ആകാംഷഭരിതമായ രണ്ടാം പകുതിയും പ്രേക്ഷകനെ മുഷിപ്പിക്കില്ല. സമീപ കാല ജയറാം ചിത്രങ്ങളിൽ മികച്ച ചിത്രം തന്നെയാണ് അച്ചായൻസ് . മികച്ച ഒരു സ്ക്രിപ്റ്റ് ലഭിച്ചാൽ, മികച്ച സിനിമകൾ നൽകാൻ ജയറാമിന് ഇനിയും സാധിക്കും എന്ന് തെളിയിക്കുന്ന ചിത്രം.

അഭിനയം അഭിനേതാക്കൾ:റോയ് ആയി ജയറാം തിളങ്ങി. സമീപ കാല ജയറാം സിനിമകളിൽ നിന്ന് വ്യത്യസ്തമായ ലൂക്കും, എനെര്ജിറ്റിക് പെർഫോമൻസും. പോലീസ് ഓഫീസറുടെ റോളിൽ പ്രകാശ് രാജ് കൂടി എത്തിയപ്പോൾ ചിത്രത്തിന്റെ മാറ്റ് കൂടി. ഉണ്ണി മുകുന്ദൻ,ആദിൽ തുടങ്ങിയവർ ശരാശരി പ്രകടനം കാഴ്ച വെച്ചപ്പോൾ, നായികമാരായ അമല പോളും, അനു സിത്താരയും, ശിവദയും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. വീണ്ടും ഒരു അതി ഗംഭീര പെർഫോമൻസുമായി സിദ്ദിഖ്. ജനാർദ്ദനൻ, രമേശ് പിഷാരടി, ധർമ്മജൻ,സാജു നവോദയ, കവിയൂർ പൊന്നമ്മ , മണിയൻ പിള്ള രാജു , തെസ്നി ഖാൻ എന്നിവർ തങ്ങളുടെ റോളുകളിൽ മികവ് പുലർത്തി.

സംഗീതം, സാങ്കേതികം, സംവിധാനം:

രതീഷ് വേഗയുടെ ഈണങ്ങൾ ചിത്രത്തിന്റെ മൂഡുമായി പൂർണമായും ഇഴുകി ചേർന്നവയായിരുന്നു. കളർഫുൾ കാഴ്ചകൾ മിഴിവോടെ പ്രേക്ഷകന് പകർന്നു നൽകിയ ഛായാഗ്രാഹകൻ പ്രദീപ് നായർ മികവ് പുലർത്തി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും അതി മനോഹരമായി. പ്രകാശ് രാജ് വരുന്ന സീനുകളിൽ നൽകിയ പശ്ചാത്തല സംഗീതം അതി ഗംഭീരം ആയിരുന്നു. സേതുവിൻറെ കോമേഡിയും, സസ്‌പെൻസും  , ഹെറോയിസവും എല്ലാം ഉൾകൊള്ളിച്ചുള്ള സ്ക്രിപ്റ്റ് ആണ് സിനിമയുടെ നെടുംതൂൺ.  സംവിധാനത്തിൽ ചില പാകപ്പിഴകൾ ഉണ്ടായിരുന്നെങ്കിൽ കൂടിയും മുൻ സിനിമകളിൽ നിന്ന് ഏറെ മുന്നിൽ എത്തിയിട്ടുണ്ട് കണ്ണൻ താമരക്കുളം എന്ന സംവിധായകൻ

പ്രേക്ഷക വിധി :പ്രേക്ഷകനെ മുഷിപ്പിക്കാതെ, ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം . സമീപകാല ജയറാം ചിത്രങ്ങളിൽ സംതൃപ്തി നൽകിയ ചിത്രം.

റേറ്റിങ് : 2.5 / 5

വാൽകഷ്ണം:

പഴം കഞ്ഞി പ്രതീക്ഷിച്ചു പോയവന്റെ മുന്നിൽ ബിരിയാണി വിളമ്പിയില്ലെങ്കിലും സദ്യ എങ്കിലും കൊടുത്തല്ലോ...സന്തോഷം ജയറാമേട്ടാ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി