ഗോദ


കഥാസാരം:
കണ്ണാടിക്കൽ എന്ന ഗ്രാമം ഗുസ്തിക്കാരുടെ നാടാണ്. ഒരു കാലത്തു ആ നാട്ടിൽ ഉണ്ടായിരുന്ന ആണുങ്ങൾ ഒക്കെ തന്നെ ഗുസ്തി പരിശീലനം നേടിയവർ ആയിരുന്നു. എന്നാൽ ആ നാട്ടിലെ പുതു തലമുറയ്ക്ക് ഗുസ്തിയോടു പുച്ഛമാണ്. അവർക്കു ക്രിക്കറ്റിനോടും മറ്റു വിനോദങ്ങളോടും ആണ് താല്പര്യം. ഗ്രാമത്തിലെ ഏക മൈതാനത്തിൽ ഗുസ്തി അല്ലാതെ മറ്റു കളികൾ ഒന്നും പാടില്ല എന്ന് പറയുന്ന ഗുസ്തിക്കാരുടെ ക്യാപ്റ്റൻ (രഞ്ജിപണിക്കർ)...!!!  ക്യാപ്റ്റൻ എതിരെയും ഗുസ്തിക്ക് എതിരെയും  സംഘടിക്കുന്ന ക്യാപ്റ്റന്റെ മകൻ ദാസ് (ടോവിനോ) ഉൾപ്പെടെ ഉള്ള പുതു തലമുറ. അവർ തമ്മിലുള്ള രസകരമായ പോരാട്ടങ്ങൾ. ഒടുവിൽ ക്യാപ്റ്റൻ മകൻ ദാസിനെ പഞ്ചാബിലേക്കു എം .ടേക് പഠിക്കാൻ വിടുന്നു. ഗുസ്തി മോഹവുമായി നടക്കുന്ന അദിതി സിംഗ് എന്ന പഞ്ചാബി പെൺകുട്ടി ദാസിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നതോടെ ഗോദയിൽ പോർവിളി ആരംഭിക്കുന്നു.

സിനിമ വിശകലനം:
ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ ഹാസ്യത്തിന് ആയിരുന്നു ബേസിൽ ജോസഫ് പ്രാധാന്യം നല്കിയതെങ്കിൽ ഇക്കുറി  സ്പോർട്സ് സ്പിരിറ്റ് നിറഞ്ഞ ഒരു ഇൻസ്പിരേഷണൽ സിനിമ ഒരുക്കുന്നുതിനാണ് പ്രാധാന്യം നൽകിയത്. സംവിധായകന്റെ ഉദ്യമം ഒരു പരിധി വരെ വിജയിച്ചു. സ്ത്രീകളുടെ സ്വപ്നങ്ങൾക്കു വില കല്പിക്കുന്ന ' ഹൌ ഓൾഡ് ആർ യു ' എന്ന ചിത്രത്തിന്റെ അതെ സന്ദേശം ഈ സിനിമയിലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒരു ദേശത്തിനും, അവിടുത്തെ ജനങ്ങൾക്കും  ഗുസ്തിയോടുള്ള സ്നേഹവും, കുറച്ചു സ്ത്രീശക്ക്തീകരണവും, ഒപ്പം നായകന്റെ സ്വയം കണ്ടെത്തലും പിന്നീടുള്ള മനഃപരിവർത്തനവും എല്ലാം ഗോദയെ ഒരു നല്ല ചിത്രം ആക്കി തീർക്കുന്നു. എന്നാൽ സ്പോർട്സ് ജനർ സിനിമകളിലെ സ്ഥിരം ക്ലിഷേകൾ എല്ലാം ഉൾകൊണ്ട ഗോദയുടെ ക്ലൈമാക്സും തീർത്തും പ്രേക്ഷകന് ഊഹിക്കാവുന്ന ഒന്ന് തന്നെ. പ്രേക്ഷകനെ മുഷിപ്പിക്കാതെ ആവേശത്തോടെ പിടിച്ചിരുത്താൻ ഒരു പരിധി വരെ ഗോദ എന്ന ചിത്രത്തിന് സാധിക്കുന്നു.

അഭിനയം, അഭിനേതാക്കൾ:
നായികാ പ്രാധാന്യം നിറഞ്ഞ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയ അദിതി സിംഗിനെ അവതരിപ്പിച്ച വമിഖ ഗാബി യാണ് ചിത്രത്തിന്റെ നെടുംതൂൺ. ഒരു ഗുസ്തിക്കാരിയുടെ ബോഡി ലാംഗ്വേജ് , മാനറിസങ്ങളും എല്ലാം അപ്പാടെ പകർന്നാടി വമിഖ എന്ന അഭിനേത്രി പ്രശംസ അർഹിക്കുന്നു. ക്യാപ്റ്റന്റെ റോളിൽ അതി ഗംഭീര അഭിനയ പ്രകടനവും ബോഡി ലാംഗ്വേജ് യുമായി രഞ്ജി പണിക്കരുടെ കരുത്തുറ്റ വേഷം. തനിക്കു ഹാസ്യവും നന്നായി വഴങ്ങും എന്ന് തെളിയിച്ചു ടോവിനോ തോമസിന്റെ വ്യത്യസ്ത വേഷം   അജു വര്ഗീസ് , മാമുക്കോയ , ശ്രീജിത്ത് രവി, ഹരീഷ് പേരാടി  തുടങ്ങിയവർ തങ്ങളുടെ റോളുകൾ മോശം ആക്കിയില്ല.

സംഗീതം, സാങ്കേതികം , സംവിധാനം:
ഷാൻ റഹ്മാന്റെ സംഗീതം അത്ര പ്രേക്ഷക പ്രീതി നേടിയില്ലെകിൽ കൂടിയും , പശ്ചാത്തല സംഗീതം മികച്ചു നിന്നു. പ്രേക്ഷകനെ പിടിച്ചു ഇരുത്തുന്ന രീതിയിൽ രണ്ടു മണിക്കൂർ കൊണ്ട് ഗുസ്തി ദേശത്തിന്റെ കഥ ഒരുക്കിയ ബേസിലിന്റെ സംവിധാന മികവ് തന്നെയാണ് ചിത്രത്തിന്റെ കരുത്തു . മികച്ച രീതിയിൽ ഗുസ്തി മതസരങ്ങൾ ക്യാമെറയിൽ പകർത്തിയ വിഷ്ണു ശർമ്മ അഭിനന്ദനം അർഹിക്കുന്നു.

പ്രേക്ഷക പ്രതികരണം:
ഗുസ്തി മത്സരവും, സ്പോർട്സ് സിനിമകളും, സ്ത്രീ ശാക്തീകരണവും ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇത് അതി ഗംഭീര സിനിമ. സാധാരണക്കാർക്ക് ഒരു ശരാശരി ചിത്രമായി ഗോദ അനുഭവപ്പെട്ടാൽ തെറ്റ് പറയാൻ ആവില്ല.

റേറ്റിങ് : 3 / 5

വാൽകഷ്ണം:
സ്പോർട്സ് സിനിമ ആകുമ്പോ ആദ്യം ഹീറോ  തോൽക്കും, വീട്ടുകാർ ഹീറോയെ സ്പോർട്സിനു സപ്പോർട്ട് ചെയ്യില്ല. ഒടുവിൽ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്തു അവസാനം ഹീറോ ജയിക്കും. ആഹാ...എത്ര മനോഹരമായ ആചാരങ്ങൾ ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി