ആകാശ മിഠായി


കഥാസാരം:
ഒരു പേപ്പർ മിൽ കോളനിയിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളും, അവിടുത്തെ മൂന്നു ആൺ കുട്ടികളുടെ വളർച്ചയും ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥാസാരം. ഒരാൾ മകനെ ഡോക്ടർ ആകാനായി പഠിപ്പിക്കുമ്പോൾ, അടുത്ത കുടുംബം മകനെ സ്വയം ഒതുങ്ങി കൂടി, മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ജീവിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമായി ജയ്  (ജയറാം) തന്റെ മകനായ 'ആകാശ് ' നെ വളർത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വന്ന മൂന്നു കുട്ടികളുടെ ജീവിത കഥയാണ് ;ആകാശമിഠായി ' എന്ന കൊച്ചു ചിത്രം.

സിനിമ അവലോകനം:
തമിഴിൽ ഹിറ്റായ സമുദ്രക്കനിയുടെ 'അപ്പ' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് 'ആകാശമിഠായി'. ജയറാം എന്ന നടനിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മികച്ച കുടുംബ ചിത്രം കാണാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. 'എന്റെ വീട് അപ്പൂന്റെയും' എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച പേരന്റ്ൽ ചിത്രം ആണ് 'ആകാശ മിഠായി'. അശ്ലീലങ്ങൾ ഇല്ലാത്ത, കോമാളിത്തരം ഇല്ലാത്ത കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രം. ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെ എങ്ങനെ വളർത്തണമെന്നും, സമൂഹത്തിൽ അവരെ എങ്ങനെ ഒരു മികച്ച പൗരനാക്കി തീർക്കണം എന്നും മറ്റും കാട്ടി തരുന്ന ഒരു കൊച്ചു ചിത്രം.

അഭിനയം, അഭിനേതാക്കൾ:
ജയറാം എന്ന നടന് വേണ്ടി തുന്നി ഒരുക്കിയ വേഷം ആയിരുന്നു ഇതിലെ ജയ് എന്ന കഥാപാത്രം. തികച്ചും അനായാസേന ജയറാം അത് അവതരിപ്പിച്ചു. കലാഭവൻ ഷാജോൺ എന്ന നടന്റെ അതി ഗംഭീര അഭിനയ പ്രകടനം ചിത്രത്തിൽ ഉടനീളം തെളിഞ്ഞു നിന്നു.നായികമാരായ സരയു, ഇനിയ തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. നന്ദന വർമയും, മറ്റു കുട്ടികളും എല്ലാം ഒന്നിനൊന്നു മത്സരിച്ചു  അഭിനയിച്ചു. പൊക്കം കുറഞ്ഞ കുട്ടിയായി അഭിനയിച്ച ആളുടെ പ്രകടനം അതി ഗംഭീരം ആയിരുന്നു. അനിൽ, ഇർഷാദ്, സുരേഷ് കൃഷ്ണ തുടങ്ങിവരും തങ്ങളുടെ ചെറിയ റോളുകൾ ഭംഗിയാക്കി.

സംഗീതം, സംവിധാനം, സാങ്കേതികം:
സമുദ്രക്കനിയും, പദ്മകുമാറും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയം കൊണ്ടും,മികച്ച കുടുംബ രംഗങ്ങളാലും സമ്പന്നമായിരുന്നു. ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ  ഒരു സമ്പൂർണ കുടുംബ ചിത്രം ഒരുക്കിയതിൽ ഇരുവർക്കും അഭിമാനിക്കാം. മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്.  മൻസൂർ അഹമ്മദിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇഴുകി ചേരുന്നവ ആയിരുന്നു. ഗിരീഷ് കുമാറിന്റെ ശക്തമായ തിരക്കഥയും , സംഭാഷണങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

പ്രേക്ഷക പ്രതികരണം:
ഓരോ മാതാപിതാക്കളും, കുട്ടികൾക്കൊപ്പം കണ്ടിരിക്കേണ്ട ഒരു നല്ല കുടുംബ സിനിമ.

റേറ്റിങ്:  3.5 / 5
വാൽകഷ്ണം:
2008  ൽ വെറുതെ ഒരു ഭാര്യ...2017 ൽ ആകാശ മിഠായി ...ഈ ജയറാമേട്ടന്റെ ഓരോ കാര്യങ്ങൾ!!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക