വില്ലൻ


കഥാസാരം:
മാത്യൂസ് (മോഹൻലാൽ) പോലീസ് ഡിപ്പാർട്മെന്റിലെ സമർത്ഥനായ ഓഫീസർ ആണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ മൂലം അദ്ദേഹം പോലീസ് ജോലി രാജി വെക്കാൻ ഒരുങ്ങുന്നു. രാജി വെക്കാൻ ഒരുങ്ങുന്ന ദിവസം തലസ്ഥാന നഗരിയെ ഞെട്ടിച്ചു കൊണ്ട് മൂന്ന് പേർ ഒരുമിച്ചു കൊല്ലപ്പെടുന്നു. യാതൊരു തുമ്പും കിട്ടാതെ ഡിപ്പാർട്മെന്റ് വലയുമ്പോൾ, ഉന്നതർ മാത്യൂസിനോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. ആദ്യമൊക്കെ പിന്മാറിയെങ്കിലും ഒടുവിൽ അദ്ദേഹം ആ ദൗത്യം ഏറ്റെടുക്കുന്നു. അദ്ദേഹം ആ ദൗത്യത്തിൽ വിജയം കാണുന്നതെങ്ങനെ എന്നതാണ് വില്ലൻ എന്ന സിനിമ.(മെമ്മറിസ് സിനിമയുടെ കഥാസാരവും ആയി സാമ്യം തോന്നാമെങ്കിലും വില്ലന്റെ മോട്ടീവ് വേറെ ആണ് ) .

സിനിമ അവലോകനം:
ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിലെ സംഭാഷണ ശകലങ്ങൾ അതി ഗംഭീരം ആയിരുന്നെങ്കിലും, കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ചിത്രത്തെ പിന്നോട്ടു വലിക്കുന്നു. കണ്ടു പഴകിയ വില്ലന്റെ മോട്ടീവും ,പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും ഒക്കെ കൂടി ആയപ്പോൾ ചിത്രം പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിച്ചു. മോഹൻലാൽ എന്ന നടന്റെ അതി ഗംഭീര പെർഫോമൻസും സ്റ്റൈലിഷ് മാനറിസങ്ങളും മാത്രമാണ് ചിത്രത്തിന്റെ എടുത്തു പറയത്തക്ക മേന്മ. ക്യൂട്ടക്സിന്റെ കളർ നോക്കി വില്ലനെ കണ്ടു പിടിക്കുന്ന രീതിയൊക്കെ പ്രേക്ഷകന്റെ ബുദ്ധിക്കു നേരെ കൊഞ്ഞനം കുത്തുന്നവയായിരുന്നു.  ചുരുക്കത്തിൽ ഏറെ പുതുമകളോ, ട്വിസ്റ്റുകളോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ശരാശരി ചിത്രം.
അഭിനയം, അഭിനേതാക്കൾ:
മോഹൻലാൽ എന്ന നടന്റെ എനെർജിറ്റിക് പെർഫോമൻസ് ആണ് വില്ലന്റെ നട്ടെല്ല്. ഹോസ്പിറ്റൽ സീനിൽ കരഞ്ഞു കൊണ്ട് ചിരിക്കുന്ന മോഹൻലാലിന്റെ മാജിക് സീനിലൂടെ അദ്ദേഹം കമ്പ്ലീറ്റ് ആക്ടർ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മഞ്ജു വേരിയർ - മോഹൻലാൽ ജോഡി അതിഗംഭീരമായി അഭിനയിച്ചു തകർത്തു. അവരുടെ കോമ്പിനേഷന് ഒരു ഫ്രഷ്‌നെസ്സ് നൽകാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. സിദ്ദിഖ് , രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് , ഹൻസിക തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ശക്തിവേലായി അഭിനയിച്ചു തകർത്തു തമിഴ് നടൻ വിശാൽ, പ്രേക്ഷകന്റെ കൈയ്യടി നേടി.

സംഗീതം, സംവിധാനം, സാങ്കേതികം:
ചിത്രത്തിലെ യേശുദാസ് ആലപിച്ച 'കണ്ടിട്ടും കണ്ടിട്ടും ' എന്ന ഗാനം വളരെ മനോഹരമായിരുന്നു. മറ്റു ഗാനങ്ങൾ ഒന്നും തന്നെ അത്ര മെച്ചമായിരുന്നില്ല. സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതം നന്നായിരുന്നു. അതി ഗംഭീര സംഭാഷണ ശകലങ്ങൾ രചിച്ച ബി ഉണ്ണികൃഷ്ണന് അഭിനന്ദനം. കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടായിരുന്നെങ്കിൽ ഗ്രാൻഡ് മാസ്റ്ററിനേക്കാൾ മികച്ച ചിത്രം ആയി വില്ലൻ മാറിയേനെ. പ്രേക്ഷകന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയുന്ന പല രംഗങ്ങളും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു.
പ്രേക്ഷക പ്രതികരണം:
മോഹൻലാൽ എന്ന നടന്റെ മാസ്സ്  സീനുകളും , സ്ക്രീൻ പ്രെസെൻസും നിങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഉള്ളതാണ്. മറിച്ചു മികച്ചൊരു ത്രില്ലെർ സിനിമ കാണുക ആണ് ഉദ്ദേശം എങ്കിൽ ' വില്ലൻ' നിങ്ങളെ നിരാശപെടുത്തിയേക്കും

റേറ്റിങ്:  2.5 / 5
വാൽകഷ്ണം:
ഒന്നാമൻ: മെഡിക്കൽ കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകുമ്പോ , രക്ഷാകർത്താവ് കൂടെ കൊണ്ട് പോകേണ്ടത് എന്ത്??
രണ്ടാമൻ: ഫീസ് അടക്കാൻ ഉള്ള പണം.
ഒന്നാമൻ: അല്ല..10 ലിറ്റർ കാനിൽ മണ്ണെണ്ണ.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി