രക്ഷാധികാരി ബൈജു ഒപ്പു


കഥാസാരം:
നാല്പതുകൾ കഴിഞ്ഞ ഒരു സർക്കാർ ഉദ്യോഗസ്ഥനായ ബൈജു (ബിജു മേനോൻ) ഭാര്യക്കും, മകൾക്കും, അച്ഛനമ്മമാർക്കും ഒപ്പം കുമ്പളം ഗ്രാമത്തിൽ കഴിയുന്നു. ഒപ്പം പഠിച്ചു വളർന്നവർ ഒക്കെ വല്യ വല്യ സ്വപ്നങ്ങളുമായി വിദേശത്തു സുഖിച്ചു കഴിയുമ്പോൾ , സാധാരണ സർക്കാർ ഉദ്യോഗവുമായി ബൈജു നാട്ടിൽ നിൽക്കാൻ ഒരു കാരണം ഉണ്ട്. ആ നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ 'കുമ്പളം ബ്രദർസ്'. ബൈജുവിന്റെ എട്ടാം വയസ്സിൽ തുടങ്ങിയ ആ ക്ലബിനൊപ്പം ആണ് ബൈജു ഈ കഴിഞ്ഞ 36  വര്ഷങ്ങളായി ജീവിക്കുന്നത്. ബൈജുവും ,ക്ലബും , കുമ്പളം ബ്രദർസിലെ ഒരു കൂട്ടം യുവജനങ്ങളുടെയും നിഷ്കളങ്ക സ്നേഹത്തിന്റെയും, ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രം ആണ്  ' രക്ഷാധികാരി ബൈജു ഒപ്പു'.

സിനിമ വിശകലനം
മനസ്സിനക്കരെ , നരൻ, അച്ചുവിന്റെ അമ്മ , മീശ മാധവൻ തുടങ്ങിയ മികച്ച സിനിമകൾ രചിച്ച രഞ്ജൻ പ്രമോദിന്റെ കഴിഞ്ഞ മൂന്നു പടങ്ങൾ  മികച്ച നിലവാരം പുലർത്തിയില്ല. എന്നാൽ തന്നെ എഴുതി തള്ളാറായിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു മികച്ച സൃഷ്ടി ഒരുക്കിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. നമ്മുടെ നാടുകളിൽ അന്യം ആയി കൊണ്ടിരിക്കുന്ന ക്ലബ്ബുകളും, കളി സ്ഥലങ്ങളും, മൈതാനങ്ങളും ഒക്കെ കൊണ്ട് പ്രേക്ഷക മനസ്സുകളിൽ നൊസ്റ്റാൾജിയ തീർക്കാൻ ഈ ചിത്രത്തിന് സാധിച്ചു. പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ അതി ഗംഭീര കഥയോ, പുതുമകളോ വേണ്ട ...പകരം സത്യസന്ധമായ ആവിഷ്കാരം മാത്രം മതിയെന്ന് തെളിയിക്കുന്ന സിനിമ. ക്ലൈമാക്സിൽ പ്രേക്ഷകൻ പ്രതീക്ഷിച്ചിരുന്ന അതിസാഹസിക പ്രവർത്തികൾ ഒഴിവാക്കി , നിഷ്കളങ്കമായ, സാധാരണ സംഭവിക്കുന്ന റിയലിസ്റ്റിക് ക്ലൈമാക്സ് ഒരുക്കിയത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം.

അഭിനയം, അഭിനേതാക്കൾ:
ബൈജുവിന്റെ വേഷം ബിജു മേനോൻ പകർന്നാടിയപ്പോൾ, നമ്മുടെ ഒക്കെ നാട്ടിന്പുറത്തു എങ്ങോ കണ്ടു മറന്ന മുഖം പോലെ തോന്നിപ്പിച്ചു. അജു വര്ഗീസ് , വിജയ രാഘവൻ, ജനാർദ്ദനൻ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ  തുടങ്ങിയവരുടെ വേഷങ്ങൾ മികച്ചു നിന്നു. നായികമാരുടെ വേഷങ്ങൾ മികച്ചതായിരുന്നെങ്കിലും ഹന്നയുടെ അഭിനയത്തിൽ അങ്ങിങ്ങായി കൃത്രിമത്വം അനുഭവപെട്ടു.

സംഗീതം, സാങ്കേതികം, സംവിധാനം:
ബിജി പാലിന്റെ സംഗീതം ഇക്കുറിയും പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. നിഷ്കളങ്ക ഗ്രാമത്തിന്റെ നന്മയും, ഭംഗിയും തന്റെ ഈണങ്ങളിൽ വരുത്താൻ ബിജി പാലിന് കഴിഞ്ഞു. പ്രശാന്തിന്റെ ഛായാഗ്രഹണവും മികവ് പുലർത്തി. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു സായാഹ്‌ന കാഴ്ച ,അതിന്റെ രസം ഒട്ടും തന്നെ ചോർന്നു പോകാതെ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ ഛായാഗ്രാഹകൻ വിജയിച്ചു. അർജുന്റെ കഥയ്ക്ക് മെച്ചപ്പെട്ട തിരക്കഥ ഒരുക്കിയും, മികച്ച രീതിയിൽ സംവിധാനം ചെയ്ത രഞ്ജൻ പ്രമോദ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയ ശില്പി.

പ്രേക്ഷക പ്രതികരണം:
മൂന്ന് മണിക്കൂറോളം ചിത്രം ഉണ്ടായിരുന്നെങ്കിലും, പ്രേക്ഷകന് അത് അനുഭവിക്കാത്തിടത്താണ് ഈ ചിത്രത്തിന്റെ മേന്മ. നാട്ടിൻപുറത്തെ മൈതാനങ്ങളിൽ സായാഹ്‌ന കളികൾ കാണുകയും, കളിക്കുകയും ചെയ്തിരുന്ന ഏതൊരു മലയാളിക്കും ഇഷ്ടം ആവും ഈ ചിത്രം.

റേറ്റിങ് : 3.5 / 5

വാൽകഷ്ണം:
'ഹൌ ഓൾഡ് ആർ യു ' കണ്ടു ജൈവ കൃഷിക്കായി സർക്കാർ ബിൽ പാസാക്കിയ പോലെ, കളി സ്ഥലങ്ങളും , മൈതാനങ്ങളും സംരക്ഷിക്കാൻ ബിൽ വരുമോ ആവോ?

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി