വരത്തൻ


കഥാസാരം:
ദുബായിൽ ഉള്ള ജോലി നഷ്ടപ്പെട്ട് എബിയും  (ഫഹദ്) പ്രിയയും (ഐശ്വര്യ ) നാട്ടിലെ എസ്റ്റേറ്റ് ലേക്ക്  താമസം മാറുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മറ്റു ചില പ്രേശ്നങ്ങൾ ആയിരുന്നു. എന്തായിരുന്നു ആ പ്രേശ്നങ്ങൾ? അവർ എങ്ങനെ അതിനെ അതിജീവിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം 'വരത്തൻ ' പ്രേക്ഷകന് തുറന്നു കാട്ടുന്നു.

സിനിമ അവലോകനം:
അമൽ നീരദ് എന്ന സംവിധായകന്റെ ചിത്രങ്ങൾ ഒക്കെയും സ്ലോ പേസ് ആണെങ്കിൽ കൂടിയും,  മികച്ച ദൃശ്യങ്ങളാലും, സ്റ്റൈലിഷ് മേക്കിങ്ങിനാലും സമ്പന്നമാണ്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. മെല്ലെ പോക്കിൽ തുടങ്ങിയ ആദ്യ പകുതി, രണ്ടാം ഭാഗത്തു എത്തുമ്പോഴേക്കും മികച്ച വേഗത കൈവരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങളും, സംഘട്ടനങ്ങളും ഒക്കെ മലയാളി പ്രേക്ഷകന് നവ്യാനുഭവമായി.  പുതുമ നിറഞ്ഞ കഥ ഒന്നുമല്ലെങ്കിലും കൂടി, അതിനെ മേക്കിങ് കൊണ്ട് അതിജീവിച്ചു, തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ അമൽ നീരദിന് കഴിഞ്ഞു.

അഭിനയം, അഭിനേതാക്കൾ:
ഫഹദ് അഭിനയിച്ചു ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞാൽ ക്ലിഷേ ആയി പോകും. അദ്ദേഹം കഴിഞ്ഞ കുറെ സിനിമകളിലായി , സ്‌ക്രീനിൽ തികഞ്ഞ അനായാസതയോടെ ജീവിക്കുകയാണ്. ഐശ്വര്യയുടെ അഭിനയം അതിഗംഭീരം. പല രംഗങ്ങളിലും തികഞ്ഞ കൈയടക്കത്തോടെ അവർ ആ റോൾ ഭംഗിയാക്കി. ഷറഫുദീൻ, ദിലീഷ് പോത്തൻ, വിജിലേഷ് തുടങ്ങിയവർ തങ്ങളുടെ റോൾ അതിഗംഭീരം ആക്കി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഒരു ശരാശരി സിനിമയെ തന്റെ ക്രാഫ്റ്റ് കൊണ്ട് മികച്ച ഒരു ദൃശ്യാനുഭവം ആക്കി തീർത്ത അമൽ നീരദിന് അഭിനന്ദനങ്ങൾ. ലിറ്റിൽ സ്വയമ്പ് എന്ന ഛായാഗ്രാഹകൻ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണെന്നു അടിവരയിടുന്ന ദൃശ്യ വിസ്മയം. സുഷിന് ശ്യാമിന്റെ ഈണങ്ങളും നന്നായി. മികച്ച പശ്ചാത്തല സംഗീതം ആണ് ചിത്രത്തിനെ മറ്റൊരു ലെവെലിലേക്കു ഉയർത്തിയത്.

പ്രേക്ഷക പ്രതികരണം:
അല്പം ക്ഷമ കൈമുതലായുണ്ടെങ്കിൽ, നിങ്ങള്ക്ക് മനസ്സ് നിറഞ്ഞു കണ്ടിരിക്കാവുന്ന ഒരു ചിത്രം.
റേറ്റിങ്: 3.5 / 5

വാൽകഷ്ണം:
ഐശ്വര്യ എന്ന നായികയുടെ ഒരു ഐശ്വര്യം...!!! അഭിനയിച്ച മൂന്ന് ചിത്രങ്ങളും വൻ വിജയം.

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി