തീവണ്ടി



കഥാസാരം:
ബിനീഷ് ദാമോദരൻ ജനിച്ചു വീണു അമ്മിഞ്ഞപ്പാൽ നുണയും മുന്നേ അറിഞ്ഞത് സിഗരറ്റിന്റെ മണം ആണ്. പിന്നീട് വളർന്നു വലുതായപ്പോൾ സിഗരറ്റിനോട് അടക്കാനാവാത്ത അഭിനിവേശം ആകുന്നു. ഒരു ചെയിൻ സ്മോക്കർ ആയി ബിനീഷ് മാറുന്നിടത്തു 'തീവണ്ടി' യുടെ കഥ വികസിക്കുന്നു.

സിനിമ അവലോകനം:
പടം ഇറങ്ങും മുന്നേ ഹിറ്റായ പാട്ടിലൂടെ, ഇതിൽ നല്ല റൊമാൻസ് രംഗങ്ങൾ ഒക്കെ ഉണ്ടെന്നു കരുതി ടിക്കറ്റ് എടുത്ത പ്രേക്ഷകന് , ആ പാട്ടിൽ കവിഞ്ഞു യാതൊരു പുതുമയും സിനിമ നൽകിയില്ല എന്നതാണ് കയ്പ്പേറിയ സത്യം. പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ ഇത്രയും വലിച്ചു നീട്ടി ഒരു തട്ടികൂട്ട് കഥ ഒരുക്കണമായിരുന്നോ എന്ന ചോദ്യം അപ്പോഴും ബാക്കി ! യാതൊരു ലോജിക്കോ, പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമായി തീവണ്ടി മാറിയത് നിരാശാജനകം ആണ്. അത്യാവശ്യം നന്നായ ആദ്യ പകുതിയും, തീർത്തും നിരാശപ്പെടുത്തിയ ഒരു രണ്ടാം പകുതിയും ആണ് തീവണ്ടിയെ വിരസമാക്കുന്നതു.

അഭിനയം, അഭിനേതാക്കൾ:
ബിനീഷ് ആയി ടോവിനോ തിളങ്ങി. മികച്ച അഭിനയം തന്നെ അദ്ദേഹം പുറത്തെടുത്തു. സൂരജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, അല്പം വ്യത്യസ്തത നിറഞ്ഞ റോളിൽ സുധീഷും തിളങ്ങി. സുരഭി ഒക്കെ പല രംഗങ്ങളിലും മികച്ചുവെങ്കിലും, പുതുമുഖ നായികയായ സംയുക്തയുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങി.

സംഗീതം, സാങ്കേതികം, സംവിധാനം:
വിനിയുടെ തിരക്കഥ തീർത്തും മോശമാണെന്നു പറയുന്നില്ല; എങ്കിലും പ്രേക്ഷകനോട് പങ്കു വെക്കാനുദ്ദേശിച്ച ആശയം അതിന്റെ എല്ലാ ലോജിക്കുകളോടെ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞില്ല. ഫെല്ലിനിയുടെ സംവിധാനം ശരാശരിയിൽ ഒതുങ്ങി. ചിത്രത്തിന്റെ ഛായാഗ്രഹണത്തിൽ യാതൊരു പുതുമയും  കണ്ടെത്താൻ കഴിഞ്ഞില്ല. കൈലാസ് മേനോന്റെ മനം മയക്കുന്ന  ഈണങ്ങൾ മാത്രമാണ് ചിത്രത്തിലെ ഏക മേന്മ.

പ്രേക്ഷക പ്രതികരണം:
ടോവിനോയുടെ പ്രളയകാലത്തെ നല്ല മനസ്സ് കണ്ടു ആരാധകർ ആയവർക്ക്  'തീവണ്ടി' ആഹാ.....!!!  അല്ലാത്തവർക്ക് ഓഹോ ....

റേറ്റിങ്: 2  / 5

വാൽകഷ്ണം:
"വലി നിർത്തിയിട്ടു മതി ഉമ്മ "എന്ന് പറയുന്ന കാമുകിയോട് "ഉമ്മ വേണ്ട വലി മതി "എന്ന് പറയുന്ന കാമുകനിൽ നിന്ന് വലി അല്ല...ഉമ്മയാണ് വലുത് എന്ന് കാമുകൻ തിരിച്ചറിയുന്ന ദൂരം ആണ് ഈ തീവണ്ടി സഞ്ചരിക്കുന്നത്.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി