മംഗല്യം തന്തുനാനേന


mangalyam-thanthunanena
കഥാസാരം:
റോയ് (കുഞ്ചാക്കോ ബോബൻ) ക്ലാരയെ (നിമിഷ) വിവാഹം ചെയുന്നിടത്തു കഥ തുടങ്ങുന്നു. ജോലിയും കൂലിയും ഇല്ലാത്ത റോയിക്കു, പെങ്ങളെ കെട്ടിച്ച കടവും, പിന്നെ വീടിനെ ജപ്തിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യതയും. അങ്ങനെ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുതുമ നിറഞ്ഞ കഥയാണ് 'മംഗല്യം തന്തുനാനേന'.

സിനിമ അവലോകനം:
ചെറുപ്പത്തിലേ അച്ഛൻ മരിച്ച നായകൻ, ജോലിയില്ലാത്ത നായകൻ, പെങ്ങളെ കെട്ടിച്ച കടം, വീടിനു ജപ്തി ഭീഷണി, ഭാര്യയേയും, അമ്മയെയും വിഷമിപ്പിക്കാതെ ഒറ്റയ്ക്ക് കടം തീർക്കാൻ ഇറങ്ങി പുറപ്പെടുന്ന അഭിമാനിയായ നായകൻ, എന്തിനും ഏതിനും നായകനൊപ്പം നിൽക്കുന്ന കൂട്ടുകാരൻ.  അങ്ങനെ മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരുപിടി പുതുമകൾ ഹാസ്യത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. പുട്ടിനു പീര പോലെ ഭാര്യ ഭർത്താവ് അടി പിടി, ശല്യക്കാരിയായ വേലക്കാരി, 'അമ്മ - മകൻ സെന്റി സീനുകൾ ഒക്കെ വേറെയും ഉണ്ട്. മൊത്തത്തിൽ മേല്പറഞ്ഞ പുതുമകൾ ഇപ്പോഴും ഇഷ്ടപെടുന്നവർക്കുള്ളതാണ് ഈ ചിത്രം.

അഭിനയം, അഭിനേതാക്കൾ:
ഭർത്താവിന്റെ നിസ്സഹായാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ നന്നേ ശ്രമിച്ചു. പക്ഷെ നമ്മുടെ മോഹൻലാലും, ജയറാമും ഒക്കെ പണ്ടേ ഇത്തരം റോളുകൾ ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് ആ ഒരു ലെവലിൽ എത്തിയില്ല. നിമിഷ സജയന്റെ അഭിനയം തുടക്കത്തിൽ കല്ല് കടിയായി തോന്നിയെങ്കിലും, ക്ലൈമാക്സിലെ സെന്റി സീനിൽ അതി ഗംഭീരം ആക്കി എന്ന് പറയാതെ വയ്യ. ഒരു വാക്കു പോലും പറയാതെ, കണ്ണീർ ഉള്ളിൽ ഒളിപ്പിച്ചു ആ മുഖത്ത് വാരി വിതറിയ ഭാവങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്. ശാന്തി കൃഷ്ണ, അലെൻസിയർ , വിജയ രാഘവൻ തുടങ്ങിയവർ തങ്ങളുടെ റോളുകൾ നന്നാക്കി. കോമഡി നമ്പറുകൾ കൊണ്ട് ഈ സിനിമയ്ക്കു ഒരു ലൈഫ് കൊടുത്ത് ഹരീഷ് കണാരൻ ആണെന്ന് പറയേണ്ടി വരും. അത്രയ്ക്ക് മികച്ചതായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരൻ വേഷം.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖ സംഗീത സംവിധായകരെ ഉപയോഗിച്ചുവെങ്കിലും , അവരുടെ ഈണങ്ങൾ ഒന്നും തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരുന്നതിൽ ഖേദം ഉണ്ട്. ബിജി പാലിന്റെ പശ്ക്കത്തല സംഗീതം നന്നായി. പുതുമുഖ സംവിധായകർ ഇത്തരം ചിത്രങ്ങളുമായി കടന്നു വരുമ്പോഴാണ് മലയാള സിനിമയിലെ ആശയ ദാരിദ്ര്യം മനസിലാകുന്നത്.ഒരു സംവിധായക എന്ന നിലയിൽ സൗമ്യ തന്റെ ആദ്യ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകും വിധം അണിയിച്ചൊരുക്കിയിട്ടുണ്ട്. കുറച്ചു കൂടി മെച്ചപെട്ട ഒരു കഥാ പശ്ചാത്തലം തിരഞ്ഞെടുത്തുവെങ്കിൽ സൗമ്യയുടെ അരങ്ങേറ്റം ഉജ്വലം ആയേനെ.

പ്രേക്ഷക പ്രതികരണം:
കുടുംബത്തോടൊപ്പം പോയി കണ്ടിരുന്നു ആസ്വദിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവി...പുതുമകൾ ഒന്നും പ്രതീക്ഷിക്കരുത്...

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
ഒന്നാമൻ: എന്താ ഇതിന്റെ കഥ..??
രണ്ടാമൻ: ജോലിയില്ലാത്ത നായകനായ റോയിയെ നന്നാക്കാനായി ഭാര്യയും അമ്മയും കൂടി കളിക്കുന്ന ....
ഒന്നാമൻ: നില്ക്കു..നില്ക്കു...ഇത് ഞാൻ എവിടെയോ...ആ ഇതല്ലേ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ  ഉള്ളത്...ജോലിയില്ലാത്ത റോയിയെ നന്നാക്കുന്ന ഭാര്യയും, അപ്പനും... നായകന്റെ പേരെങ്കിലും മാറ്റാമായിരുന്നു. 

---പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി