പരോൾ



കഥാതന്തു:

സെൻട്രൽ ജയിലിൽ പുതിയ ജയിലെർ എത്തുന്നു. അവിടെ ജയിലിൽ പോലീസുകാർക്കും, തടവുകാർക്കും എല്ലാ സഹായങ്ങളും ചെയ്യുന്നത് മേസ്തിരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അലക്സ് (മമ്മൂട്ടി) എന്ന തടവ് പുള്ളി ആണ്. അലക്സ് ആരാണ്? എങ്ങനെ അലക്സ് ജയിലിൽ എത്തി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പരോൾ എന്ന സിനിമ.

സിനിമ വിശകലനം:
അടുത്ത കാലത്തായി മമ്മൂട്ടിയിൽ നിന്ന് മോശം സിനിമകൾ ഏറ്റുവാങ്ങിയതിനാൽ പ്രേക്ഷകന് പ്രതീക്ഷ കുറവായിരുന്നു. പ്രേക്ഷകന്റെ വിശ്വാസത്തിനു വിപരീതമായി ഇത്തവണ അതി ഗംഭീര നാടകം ആണ് സിനിമക്ക് പകരം മമ്മൂട്ടി നൽകിയത്. 1980 ൽ കണ്ടു പരിചയിച്ച കഥാസന്ദർഭത്തിൽ അതി നാടകീയതയും, കുടുംബ വൈകാരിക രംഗങ്ങൾ കുത്തി നിറച്ചും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ചു സംവിധായകൻ. യഥാർത്ഥ കഥയാണെന്ന് പറഞ്ഞു അണിയറ പ്രവർത്തകർ ഈ സിനിമയെ വാനോളം പുകഴ്ത്തുമ്പോൾ, പ്രേക്ഷകന് തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂർ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു.

അഭിനയം, അഭിനേതാക്കൾ :
മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒഴിച്ച് നിർത്തിയാൽ ചിത്രത്തിൽ തികച്ചും പുരാതന നാടക നിലവാരത്തിൽ ഉള്ള സംഭാഷണങ്ങളും അഭിനയ രംഗങ്ങളും ആയിരുന്നു. സിദ്ദിഖ്  എന്ന നടനെ ഇമോഷണൽ രംഗങ്ങളുടെ ഉസ്താതായി മലയാളത്തിൽ ടൈപ്പ് കാസറ്റ് ചെയ്യപെട്ടു എന്ന് തോന്നുന്നു. എവിടെ നന്മ നിറഞ്ഞ,ഇമോഷണൽ ഡയലോഗ് പറയണ്ട റോൾ ഉണ്ടോ, അവിടെ സിദ്ദിഖ് ഉണ്ട്. ചതിയാനല്ലാത്ത കൃഷ്ണകുമാറിന്റെ കഥാപാത്രം കാണാൻ പ്രേക്ഷകന് ഭാഗ്യം ലഭിച്ചു. ലാലു അലക്സ്, മിയ, അലെൻസിയെർ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇനിയയുടെ അഭിനയത്തിൽ പലപ്പോഴും അതിനാടകീയത അനുഭവപ്പെട്ടു. സൂരജ് വെഞ്ഞാറമ്മൂടിന്റെ വില്ലനിസം നന്നായി.

സംഗീതം, സാങ്കേതികം, സംവിധാനം:
ആവശ്യത്തിനും അനാവശ്യത്തിനും ഗാനങ്ങൾ കുത്തിനിറച്ച ചിത്രം. ഏറെ നാളുകൾക്കു ശേഷം ശരത് എന്ന സംഗീത സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ഗാനങ്ങൾ, പക്ഷെ പ്രേക്ഷക മനസ്സുകളിൽ ചേക്കേറിയില്ല. ഇത്തരം അതിനാടകീയത നിറഞ്ഞ റിയൽ കഥ എഴുതിയ അജിത് പൂജപ്പുര എന്ന സ്ക്രിപ്റ്റ് റൈറ്റർക്കു പ്രേത്യേക നമസ്ക്കാരം. പ്രിയ സംവിധായകാ..ശരത്തേ, താങ്കൾ ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? താങ്കളുടെ വരുംകാല ചിത്രങ്ങളിൽ കുറച്ചു കൂടി ഉത്തരവാദിത്തപരമായ സമീപനം സംവിധായകൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നു. പ്രേക്ഷകന് നേരെ കൊഞ്ഞനം കുത്തുന്ന തരത്തിൽ ഉള്ള തട്ടിക്കൂട്ട് സ്ക്രിപ്റ്റുകളുമായി വരല്ലേ..

പ്രേക്ഷക പ്രതികരണം:
ടിക്കറ്റ് എടുത്തു രണ്ടര മണിക്കൂർ ജീവപര്യന്തം അനുഭവിച്ച ഹതഭാഗ്യർ....ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടു വേണ്ടേ അവർ പ്രതികരിക്കാൻ...

റേറ്റിങ്: 2 / 5

വാൽകഷ്ണം:
വിഷു പടക്കങ്ങൾ പൊട്ടിച്ചു തുടങ്ങി..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി