മോഹൻലാൽ



കഥാസാരം:
ചെറുപ്പം മുതൽ മോഹൻലാൽ സിനിമകൾ കണ്ടു , മോഹൻലാലിനോട് ആരാധന തോന്നി,പിന്നീട് ഭ്രാന്തിയായ ഒരു പെൺകുട്ടിയുടെയും (മഞ്ജു വാരിയർ ) അവളുടെ ഭർത്താവിന്റെയും കഥ, കണ്ണീരും ഹാസ്യവും സമാസമം ചേർത്ത് ചാലിച്ചെടുത്ത കാവ്യം.

സിനിമ അവലോകനം:
മോഹൻലാൽ എന്ന മഹാനടന്റെ പേര് പരാമർശിച്ചു പല സിനിമകളും മോഹൻലാൽ ആരാധകരുടെ കൈയ്യടികൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഈ വസ്തുത മുതലെടുക്കുവാൻ ശ്രമിച്ച സിനിമയാണ് മോഹൻലാൽ എന്ന ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ ആരാധകരെ കൈയിൽ എടുക്കാൻ, യാതൊരു വിധ ലോജിക്കും ഇല്ലാതെ കുറെ മോഹൻലാൽ സിനിമ രംഗങ്ങളും, കഥാസന്ദർഭങ്ങളും ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു, നെയ്തെടുത്ത രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന പൈങ്കിളി നാടകം. ക്ഷമയുടെ അങ്ങേയറ്റം പരീക്ഷിക്കുന്ന ഈ ചിത്രം, ഒരു രണ്ടു മണിക്കൂർ ആക്കി വെട്ടി ചുരുക്കിയെങ്കിൽ ഒരുപക്ഷെ പ്രേക്ഷകന് ഈ ചിത്രം ഏറ്റെടുത്തേനേ.

അഭിനയം, അഭിനേതാക്കൾ:
മാനസിക വിഭ്രാന്തി നിറഞ്ഞ മോഹൻലാൽ ആരാധികയായി മഞ്ജു വാരിയർ അഭിനയിച്ചു തകർത്തു. ഓവർ ആക്‌റ്റിംഗിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും മഞ്ജു വാരിയെറിൽ നിന്ന് ഇത്ര ഭയാനകം ആയ ഒരു അവസ്ഥ കാണുന്നത് ഇതാദ്യമായാണ്. ഇനി ഈ ആരാധന മൂത്തു, മാനസിക വിഭ്രാന്തിയിൽ എത്തിയ ആരാധിക ഇങ്ങനെയാണോ എന്ന് ഈ ലേഖകന് ഉറപ്പില്ല. ആരാധികയുടെ എന്ത് തോന്ന്യവാസത്തിനും ഒപ്പം കൂട്ട് നിൽക്കുന്ന സ്നേഹനിധിയായ ഭർത്താവായി ഇന്ദ്രജിത് തിളങ്ങി. സലിം കുമാറിന്റെ റോൾ ഒക്കെ തീർത്തും അനാവശ്യമായി തോന്നി. എങ്കിലും അദ്ദേഹത്തിന് ലഭിച്ച റോൾ അദ്ദേഹം മോശം ആക്കിയില്ല. ഏറെ നാളുകൾക്കു ശേഷം സിദ്ദിഖ് 'സെന്റിമെൻസ്'പറയാതെ ഒരു സിനിമ എന്നതാണ് 'മോഹൻലാൽ' എന്ന ചിത്രത്തിലെ ഏറ്റവും വല്യ പുതുമ. സൗബിൻ സാഹീറിന്റെ വ്യത്യസ്ത ഗെറ്റപ്പും, ഡയലോഗുകളും പ്രേക്ഷകനിൽ ചിരി പടർത്തി.

സംഗീതം, സാങ്കേതികം, സംവിധാനം:
പ്രാർത്ഥന ഇന്ദ്രജിത് ആലപിച്ച ലാലേട്ടാ എന്ന ഗാനം ഒഴികെ മറ്റു ഗാനങ്ങൾ ഒന്നും തന്നെ പ്രേക്ഷക പ്രീതിയാർജിച്ചില്ല. സുനീഷിന്റെ തിരക്കഥയിൽ മോഹൻലാൽ ഫാൻസിനെ സന്തോഷിപ്പിക്കാനും, പുകഴ്ത്തിയടിക്കാനും ഉള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നെങ്കിലും, ശരാശരിപ്രേക്ഷകരുടെ ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കും വിധം ആയിരുന്നു അവതരണം. ചിത്രത്തെ ഒരു മോഹൻലാൽ ഫാനിന്നപ്പുറം മികച്ച നിലവാരത്തിൽ അണിയിച്ചൊരുക്കാൻ സംവിധായകൻ എന്ന നിലയിൽ സാജിദ് യാഹിതക്ക് കഴിയാതെ പോയിടത്താണ് ചിത്രം പിന്നോട്ട് വലിയുന്നതു.

പ്രേക്ഷക പ്രതികരണം:
നിങ്ങൾ ഒരു മോഹൻലാൽ ഫാൻ ആണോ? എങ്കിൽ ധൈര്യമായി കാണുക ഈ ചിത്രം. അല്ലാത്തവർ നല്ല ക്ഷമയുണ്ടെങ്കിൽ മാത്രം ടിക്കറ്റ് എടുക്കുക.

റേറ്റിങ്:  2.5 / 5

വാൽകഷ്ണം:
മോഹൻലാൽ ഫാൻസ്‌ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നുണ്ട്, ബ്ലഡ് ഡോണെഷൻ നടുത്തുന്നുണ്ട്, സ്ത്രീ സുരക്ഷാ ഉറപ്പു വരുത്താൻ എപ്പോഴും പുറകിൽ വാളും ഒളിപ്പിച്ചു നടക്കാറുണ്ട് (മാർക്കറ്റ് സീൻ )....ആഹാ...എത്ര മനോഹരമായ ആചാരങ്ങൾ..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി