കുട്ടനാടൻ മാർപാപ്പ



കഥാസാരം:
ജോൺ (കുഞ്ചാക്കോ ബോബൻ) കരുവാറ്റയിൽ സ്റ്റുഡിയോ നടത്തുന്നു. ജോണിന്റെ ചെറുപ്പത്തിലേ അപ്പൻ ആത്മഹത്യ ചെയ്തതാണ്. റേഷൻ കട നടത്തിയാണ് ജോണിന്റെ 'അമ്മ മേരി (ശാന്തി കൃഷ്ണ) കുടുംബം നോക്കുന്നത്. ചെറുപ്പം മുതലേ ജോണിന് പലരോടും പ്രേമം തോന്നിയെങ്കിലും, പഞ്ചായത്തു പ്രസിഡന്റിന്റെ മകളായ ജെസ്സിയോട് ജോണിന് ആത്മാർത്ഥമായ പ്രണയം ആയിരുന്നു. അവരുടെ പ്രണയവല്ലരി പൂക്കുമോ എന്ന് ചിത്രം പ്രേക്ഷകന് കാട്ടി തരുന്നു.

സിനിമ വിശകലനം:
കേരളത്തിൽ പെൺകുട്ടികളിൽ നിന്ന് തേപ്പു കിട്ടിയ ഒരുപാട് കാമുകന്മാർ ഉള്ളത് കൊണ്ടാവും, ഈയിടെയായി മലയാള സിനിമകളിൽ തേപ്പു കഥകളും, അതിന്റെ പ്രതികാര കഥകളും കൂടി വരുന്നത്. വളരെ ചെറിയ ഒരു സംഭവത്തെ നർമത്തിന്റെ മേന്പൊടിയോടു കൂടി അണിയറക്കാർ അവതരിപ്പിച്ചിട്ടുണ്ട്. യാതൊരു വിധ പുതുമകളും അവകാശപ്പെടാൻ  ഇല്ലെങ്കിൽ കൂടി, ഒരു വെക്കേഷൻ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രം ആണ് കുട്ടനാടൻ മാർപാപ്പ. ചളി കോമെഡികളും, അനാവശ്യ സെന്റിമെൻസ് ഗാനരംഗങ്ങളാലും പലപ്പോഴും ചിത്രം പ്രേക്ഷകനെ മുഷിപ്പിച്ചു. ഗൂഗിൾ മാപ്പിന്റെ പോലെയുള്ള നല്ല കോമഡി രംഗങ്ങൾ വിസ്മരിക്കുന്നില്ല. എങ്കിലും പല രംഗങ്ങളിലും തികഞ്ഞ നാടകീയത അനുഭവപ്പെട്ടത് പ്രേക്ഷകന് കല്ല് കടിയായി.

അഭിനയം, അഭിനേതാക്കൾ:
ജോൺ എന്ന കഥാപാത്രത്തിനായി കുഞ്ചാക്കോ ബോബന് യാതൊന്നും തന്നെ ചെയ്യേണ്ടി വന്നില്ല. തികച്ചും അനായാസേന അദ്ദേഹം ആ റോൾ ഭംഗിയാക്കി. അമ്മയുടെ റോളിൽ ശാന്തി കൃഷ്ണ വ്യത്യസ്തത നിറച്ചു. സംഭാഷണങ്ങളിലും ,അഭിനയത്തിലും ഒരു പുതുമ നൽകാൻ ആ 'അമ്മ റോളിന് കഴിഞ്ഞു. ചിരി ചെപ്പു തുറന്നു വിട്ടു ധർമജനും, പിഷാരഡിയും പ്രേക്ഷകനെ കൈയിൽ എടുത്തു. സലിം കുമാറിന്റെ റോൾ ഒക്കെ തികച്ചും അനാവശ്യമായി തോന്നി. ഏറെ നാളുകൾക്കു ശേഷം ഇന്നൊസെന്റിൽ നിന്ന് ഒരുമികച്ച വേഷം. അജു വര്ഗീസിന്റെ ചെറിയ വേഷവും നന്നായി. നായിക ആയ അദിതി രവി തന്റെ റോൾ മോശമാക്കിയില്ല.

സംഗീതം, സാങ്കേതികം, സംവിധാനം:
ശാന്തി കൃഷ്ണ പാടിയ താരാട്ടു പാട്ടു നന്നായി . രാഹുൽ രാജ് ഈണം ഇട്ട  മറ്റു ഗാനങ്ങൾ ഒന്നും തന്നെ മികവ് പുലർത്തിയില്ല. കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുക്കുന്നതിൽ അരവിന്ദിന്റെ ക്യാമറകണ്ണുകൾ വിജയിച്ചു. ദൃശ്യ മനോഹരമായ സെറ്റുകളും ഫ്രെയിംകളും ചിത്രത്തിന് മിഴിവ് പകർന്നപ്പോൾ പുതുമ നിറഞ്ഞ ഒരു തിരക്കഥ ഇല്ലാതിരുന്നതു ചിത്രത്തിന് തിരിച്ചടിയായി.
പ്രേക്ഷക പ്രതികരണം:
തേപ്പു കിട്ടിയവർക്കു അത്യുഗ്രൻ...അല്ലാത്തവർക്ക് ശരാശരി ചിത്രം
റേറ്റിങ് : 2.5 / 5

വാൽകഷ്ണം:
തേപ്പു കിട്ടിയ ഒരുപാട് പേര് മലയാള സിനിമയിൽ ഉണ്ടെന്നു തോന്നുന്നു. സ്ത്രീ എഴുത്തുകാർ വന്നാൽ ഇനി ആണുങ്ങളുടെ ചതിയുടെ കഥകളും കാണാം..

Comments

Popular posts from this blog

ദി പ്രീസ്റ്റ്

മാമാങ്കം

രണം