പൂമരം



കഥാസാരം:
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ കലോത്സവം ആണ് ചിത്രത്തിന് ആധാരം. വര്ഷങ്ങളായി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ മഹാരാജാസ് കോളേജോ സെന്റ് തെരേസാസ് കോളേജോ ആയിരിക്കും. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി സെന്റ് തെരാസാത്തിന്റെ കൈയ്യിൽ ഉള്ള കപ്പ് നേടിയെടുക്കാൻ മഹാരാജാസിലെ ചുണക്കുട്ടികൾ ഇറങ്ങുമ്പോൾ, തങ്ങളുടെ കപ്പ് നിലനിറുത്താനായി സെന്റ് തെരേസാസിലെ സുന്ദരി കുട്ടികൾ മത്സരിക്കുന്നിടത്തു പൂമരം പടർന്നു പന്തലിക്കുന്നു.

സിനിമ വിശകലനം:
മലയാള സിനിമയിലേക്കു കാളിദാസ് ജയറാം എന്ന താര പത്രത്തിന്റെ കടന്നു വരവ്. 1983 , ആക്ഷൻ ഹീറോ ബിജു തുടങ്ങിയ മനോഹര ചിത്രങ്ങൾ ഒരുക്കിയ എബ്രിഡ് ഷൈൻ എന്ന സംവിധായകൻ. "ഞാനും ഞാനും എന്ടാളും" എന്ന് തുടങ്ങി ഹിറ്റായ സൂപ്പർ ഹിറ്റ് ഗാനം. ഇവയെല്ലാം സാധാരണ പ്രേക്ഷകനെ പൂമരം എന്ന ചിത്രത്തിലേക്ക് വലിച്ചടുപ്പിച്ചു ഘടകങ്ങൾ ആണ്. എന്നാൽ ഇത് കേവലമൊരു സിനിമയല്ല. മറിച്ചു ഒരു കലോത്സവ കാവ്യം ആണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കലോത്സവം നേരിട്ട് കണ്ടു അനുഭവിച്ച, കലോത്സവങ്ങൾക്കു പിന്നിലുള്ള ത്യാഗത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, നൊമ്പരങ്ങളുടെയും, കണ്ണീരിന്റെയും, നഷ്ടങ്ങളുടെയും വില തിരിച്ചറിഞ്ഞ ഒരു വ്യക്തിക്ക് മാത്രം ഇഷ്ടമാകുന്ന ചിത്രം. അല്ലാത്ത പ്രേക്ഷകന് ഇത് എന്ത് സിനിമ? ഇതിൽ എന്താ ഉള്ളേ? തുടങ്ങിയ ക്ലിഷേ ചോദ്യങ്ങൾ ചോദിച്ചു കോപ്രായ- തമാശ ലേബൽ സിനിമകൾക്ക് പോകുന്നതാവും ഉചിതം.

അഭിനയം, അഭിനേതാക്കൾ:
ഗൗതമൻ എന്ന ചെറിയ റോള് യാതൊരു പതർച്ചയും ഇല്ലാതെ കാളിദാസ് ജയറാം അവതരിപ്പിച്ചു. തന്റെ റോളിന് പ്രാധാന്യമോ , മാസ്സ് രംഗങ്ങളോ ഇല്ലെങ്കിൽ കൂടി, ഇത്തരം സാമൂഹ്യ പ്രസക്തി നിറഞ്ഞ ഒരു ചിത്രം തിരഞ്ഞെടുത്തതിൽ കാളിദാസിന് അഭിമാനിക്കാം. ചിത്രത്തിൽ അഭിനയിച്ച ഓരോ വ്യക്തികളും അഭിനയത്തിൽ മോശം ആയിരുന്നു. കാരണം അവരൊക്കെ അത്ര റിയലിസ്റ്റിക് ആയി സ്‌ക്രീനിൽ തങ്ങളുടെ റോളുകൾ പകർന്നാടുകയായിരുന്നു. അങ്കമാലി ഡയറിക്കു ശേഷം വീണ്ടും ഒരു പറ്റം കഴിവുള്ള അഭിനയ പ്രതിഭകളെ ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചു. സെന്റ് തെരേസാസിന്റെ ലീഡറായി വന്ന പെൺകുട്ടിയുടെ അഭിനയ പ്രകടനം അതി ഗംഭീരം ആയി. ഇത്ര നല്ല ഒരു പെർഫെക്റ്റ് കാസ്റ്റിംഗ്  നടത്തിയ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം. അഥിതി താരങ്ങളായി വന്ന കുഞ്ചാക്കോ ബോബനും, മീര ജാസ്മിനും പ്രേക്ഷക ഹൃദയങ്ങൾ കൈയേറി.

സംഗീതം, സാങ്കേതികം, സംവിധാനം:
സാങ്കേതികമായും, കലാപരമായും ഏറെ മുന്നിൽ ആണ് പൂമരം. സംവിധായകൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അദ്ദേഹം പ്രേക്ഷകിനിലേക്കു എത്തിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകന്റെ ഉള്ളു പിടിച്ചു ഉലക്കും  രീതിയിൽ അവതരിപ്പിക്കുന്നിടത്തു ചിത്രം പാരായജയപ്പെട്ടു. മികച്ച ഒരു തിരക്കഥ ഇല്ലാത്തതു ചിത്രത്തിന് തിരിച്ചടിയായി. പത്തോളം ഗാനങ്ങളാലും, കവിതകളാലും നിറഞ്ഞ ഈ ചിത്രം പലപ്പോഴും പ്രേക്ഷകനിൽ മുഷിപ്പ് ഉളവാക്കി. ഇഴഞ്ഞു തുടങ്ങിയ ആദ്യ പകുതിയേക്കാൾ മികച്ചത് രണ്ടാം പകുതി തന്നെ. എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ റിയലിസ്റ്റിക് അവതരണ ശൈലി ആണ് ചിത്രത്തിന്റെ മേന്മ.

പ്രേക്ഷക പ്രതികരണം:
നിങ്ങള്ക്ക് കലയും, കലോത്സവങ്ങളും ഇഷ്ടമാണോ? എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഉള്ളതാണ്. ഒരു വേദിയിൽ കാണുന്നത് പോലെ നിങ്ങള്ക്ക് കണ്ടിരിക്കാം. അല്ലാത്തവർ തിയറ്ററിന്റെ പരിസരത്തൊട്ടു പോകാതിരിക്കുന്നതു ഉചിതം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ഇപ്പോഴത്തെ സിനിമകൾക്ക് കലാ മൂല്യം ഇല്ല എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നവർ ഈ ചിത്രം തീർച്ചയായും തിയറ്ററിൽ നിന്ന് കാണുക..കാരണം ഇതൊരു മാസ്സ് സിനിമ അല്ല...ഒരു ക്ലാസ് സിനിമ ആണ്.


പ്രമോദ് മാത്യു ജേക്കബ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി