സുഡാനി ഫ്രം നൈജീരിയ



കഥാസാരം:
മജീദ് (സൗബിൻ ഷാഹിർ ) സെവൻസ് ഫുട്ബോൾ ടീം മാനേജർ ആണ്. നൈജീരിയയിൽ നിന്ന് കളിക്കാരെ ഇറക്കുമതി ചെയ്തു , ടീം രൂപികരിച്ചു കപ്പടിച്ചു വീണ്ടും കളിക്കാനുള്ള കാശ് ഉണ്ടാക്കുന്ന രീതിയാണ് മജീദിന്റേത്. ടൂർണമെന്റ് കളിപ്പിക്കാനായി നൈജീരിയയിൽ നിന്ന് കൊണ്ട് വന്ന സാമുവേൽ എന്ന കളിക്കാരന് വീണു പരുക്ക് പറ്റുന്നു. വിദേശിയായ സാമുവേലിനെ ഇറക്കുമതി ചെയ്തത് മജീദ് ആയതു കൊണ്ട്, പരുക്ക് മാറി തിരിച്ചു പോകുന്നിടം വരെയുള്ള സാമുവേലിന്റെ എല്ലാ ചിലവുകളും മജീദിന്റെ തലയിൽ ആകുന്നു. പക്ഷെ സാമുവേലിന്റെ ഇടപെടലുകൾ മജീദിന്റെ ജീവിതം മാറ്റിമറിക്കുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
ഈ അടുത്ത കാലത്തു കണ്ട മികച്ച ഒരു ഫീൽ ഗുഡ് മൂവിയായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അത്ര ലളിതവും, സുന്ദരവുമായാണ് ഈ ചിത്രം അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പറ്റം പുതുമുഖങ്ങളെ  വെച്ച്  ഇത്ര അനായാസേന ഒരു വലിയ സന്ദേശം പ്രേക്ഷകന് പകർന്നു നൽകിയ ഇതിന്റെ സംവിധായകൻ സഖറിയക്കു അഭിമാനിക്കാം. ചിത്രം കാണുന്ന പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിഞ്ഞെങ്കിൽ, അത്  തിരശീലയിൽ കണ്ട  ജീവിതം പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങിയതിന്റെ പ്രതിഫലനം ആണ്. ലളിതമായ ആഖ്യാന ശൈലിയും, റിയലിസ്റ്റിക് അഭിനയവും ആണ് ചിത്രത്തിന്റെ മുഖമുദ്ര.

അഭിനയം, അഭിനേതാക്കൾ:
മജീദായി സൗബിൻ ഷഹീർ ജീവിക്കുകയായിരുന്നു. കൊച്ചിക്കാരൻ ആയിരുന്നിട്ടു കൂടി വടക്കൻ ഭാഷ ഇത്ര അനായേസേന അവതരിപ്പിച്ച സൗബിന് അഭിനന്ദനങൾ. ചിത്രത്തിലെ ഏറ്റവും വല്യ മേന്മ, പേരറിയാത്ത ഒരു കൂട്ടം പുതുമുഖങ്ങൾ അതിഗംഭീരമായ അഭിനയ പ്രകടനം നടത്തി എന്നതാണ്. നൈജീരിയയെൻ കഥാപാത്രമായ സാമുവേലിനെ അവതരിപ്പിച്ച നടൻ മികച്ച പ്രകടനം തന്നെ നടത്തി. ഉമ്മച്ചിമാരായി അഭിനയിച്ച രണ്ടുപേരും മത്സരിച്ചുള്ള അഭിനയ പ്രകടനം ആയിരുന്നു. തികച്ചും നാച്ചുറൽ ഫീൽ നൽകാൻ എല്ലാ അഭിനേതാക്കൾക്കും കഴിഞ്ഞു എന്നത് പ്രശംസനീയം തന്നെ.

സംഗീതം, സാങ്കേതികം, സംവിധാനം:
ആശയപരമായും, ആവിഷ്‌കാരഭംഗി കൊണ്ടും പ്രേക്ഷകനെ തൃപ്തിപെടുത്തുന്ന ഒരു ചിത്രം ഒരുക്കാൻ സാധിച്ച സഖറിയാ എന്ന സംവിധായകനും, എഴുത്തുകാരനും സ്പെഷ്യൽ സല്യൂട്ട്. മികച്ച രംഗങ്ങളെ അതിന്റെ രസം ഒട്ടും ചോർന്നു പോകാതെ തന്റെ ക്യാമെറയിൽ പകർത്തിയ ഷൈജുവിനും അഭിനന്ദങ്ങൾ. റെക്സ് വിജയൻറെ സംഗീതം ചിത്രത്തിന്റെ രസം ചോരാതെ കാത്തു സൂക്ഷിച്ചു. മികച്ച ഒരു ആശയം, നര്മത്തിന്റെയും, പൊള്ളുന്ന ജീവിതത്തിന്റെ പച്ച ആയ ആവിഷ്ക്കാരണം കൊണ്ടും അവതരിപ്പിച്ചു ഫലിപ്പിച്ച അണിയറക്കാർ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയ ശിൽപികൾ.

പ്രേക്ഷക പ്രതികരണം:
ചിത്രം തീർന്നപ്പോൾ, "ഇത്ര വേഗം തീർന്നോ? കുറച്ചു കൂടി വേണമായിരുന്നു" എന്ന് പ്രേക്ഷകൻ പറഞ്ഞെങ്കിൽ, അത് തന്നെയാണ് ചിത്രത്തിന്റെ വിജയം.

റേറ്റിങ്:  3.5  / 5

വാൽകഷ്ണം:
സൗബിനിക്ക...നിങ്ങൾ ഒരു അഭിനയ പ്രതിഭ തന്നെ...സംശയം ഇല്ല..!!

പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി