ഷെർലക് ടോംസ്


കഥാസാരം:
തോമസ് (ബിജു മേനോൻ ) ചെറുപ്പകാലം മുതൽ ഷെർലക് ഹോംസിന്റെ ആരാധകൻ ആണ്. ബുദ്ധി കൊണ്ട് കേസ് തെളിയിക്കുന്ന ഒരു നല്ല പോലീസുകാരൻ ആകണം എന്നാഗ്രഹിച്ച തോമസ് പല ജീവിത സാഹചര്യങ്ങളും പ്രേശ്നങ്ങളും അതിജീവിച്ചു ഐ .ആർ . സ്  ഓഫീസർ ആകുന്നു. തന്റെ ആദ്യ കേസ് പിടുത്തം തന്നെ ഒരു സംഭവം ആക്കാൻ തോമസ് തീരുമാനിക്കുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തോമസിന്റെ ജീവിത കഥയാണ് ഷെർലക് ടോംസ്.
സിനിമ അവലോകനം :
മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ഒറ്റ ചിത്രത്തിലൂടെ ബിജു മേനോന്റെ തലവര തന്നെ മാറ്റിമറിച്ച സംവിധായകൻ ആണ് ഷാഫി. ഷാഫിയും ബിജുമേനോനും ഒന്നിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. പക്ഷെ ഇക്കുറി ഈ ടീമിന് പ്രേക്ഷകന്റെ പ്രേതീക്ഷോക്കൊത്തു ഉയരാൻ കഴിയാതെ പോയി . സാമാന്യം ഭേദപ്പെട്ട ഒരു തിരക്കഥയെ അവതരണ രീതി കൊണ്ട് പിന്നോട്ടു വലിച്ചപ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രമായി ഷെർലക് ടോംസ് ഒതുങ്ങി. കോമേഡിക്കൊപ്പം വളിപ്പുകളും, അശ്ളീല സംഭാഷണങ്ങളും നിറഞ്ഞപ്പോൾ ചിത്രത്തിന്റെ നിലവാരം താഴെ പോയി .
അഭിനയം, അഭിനേതാക്കൾ:
തോമസ് എന്ന റോൾ തികച്ചും അനായാസേന ബിജു മേനോൻ അവതരിപ്പിച്ചു. ബിജു മേനോന്റെ ഭാര്യാ വേഷത്തിൽ എത്തിയ ശ്രിന്ദ അഭിനയിച്ചു വെറുപ്പിച്ചു. മധുചന്ദ്രലേഖയിലെ ഉർവശിയുടെ കഥാപാത്രത്തെ തോൽപിക്കും വിധം മറ്റൊരു വെരുപ്പീരു അഭിനയം. സലിം കുമാർ അഭിനയിച്ചു തകർത്തപ്പോൾ, ചില നല്ല കോമഡി നമ്പറുകളുമായി ഹരീഷ് പേരാടി പ്രേക്ഷകനെ കൈയിൽ എടുത്തു. രഞ്ജി പണിക്കർ അഭിനയത്തിലേക്ക് തിരിഞ്ഞതിനു പിന്നാലെ റാഫിയും താൻ ഒരു നല്ല നടൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. കോട്ടയം നസീർ, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ ഗെറ്റപ്പുകൾ തന്നെ അരോചകം ആയിരുന്നു. മിയ തനിക്കു ലഭിച്ച റോൾ മിതത്വം പാലിച്ചു അഭിനയിച്ചു. കലാഭവൻ ഷാജോൺ സാമാന്യം നല്ല രീതിയിൽ തന്നെ വെറുപ്പിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ഒന്നാം പകുതിയിൽ തരക്കേടില്ലാതെ പോയ സച്ചിയുടെയും, നജീമിന്റെയും തിരക്കഥ രണ്ടാം പകുതിയിൽ തീർത്തും വലിച്ചു നീട്ടലായി മാറി. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന രംഗങ്ങളും ഒടുവിൽ അതിനെ സാധൂകരിക്കാൻ കഴിയാതെ പോയ ഒരു ശരാശരി ക്ലൈമാക്സും, ഷാഫിയുടെ സംവിധാന മികവ് ഈ ചിത്രത്തിൽ വേണ്ട രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്ന് പ്രേക്ഷക പ്രതികരണം ഓർമിപ്പിക്കുന്നു. ബിജി പാലിന്റെ സംഗീതവും രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും സിനിമക്ക് കാര്യമായ ഗുണം ഒന്നും ചെയ്തിട്ടില്ല. ആൽബിയുടെ ഛായാഗ്രഹണം മോശമായില്ല. കണ്ടു പഴകിയ കോമഡി നമ്പറുകളും വളിപ്പ്കളും ചേർത്ത് നിറച്ച ഒന്നാം പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തിയപ്പോൾ ത്രില്ലെർ മൂഡ് ഒരുക്കാൻ സംവിധായാകൻ ശ്രമിച്ചു. എന്നാൽ ഇതെങ്ങനെ എങ്കിലും ഒന്ന് തീർന്നാൽ മതിയെന്നവസ്ഥയിലായി പ്രേക്ഷകർ ഒടുവിൽ.
പ്രേക്ഷക പ്രതികരണം:
അല്പം ക്ഷമയും, വളിപ്പ് കോമഡികൾ ഇഷ്ടപ്പെടുന്നവരും ആണെങ്കിൽ ഈ ചിത്രം അവർക്കുള്ളതാണ്. 

റേറ്റിങ്: 2.5 /5
 
വാൽകഷ്ണം :
വളിപ്പുകൾ നിർത്തി ദിലീപ് നന്നായപ്പോൾ ദേ അടുത്ത ജനപ്രിയ നായകൻ വളിപ്പ്കളിലേക്കു  തിരിഞ്ഞു തുടങ്ങുന്നു.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി