രാമലീല


കഥാസാരം:
അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) കമ്മ്യൂണിസ്റ്റ് പാർട്ടി എം.ൽ . എ  ആയിരുന്നു. പാർട്ടിയിലെ നയങ്ങളോടുള്ള എതിർപ്പ് മൂലം അദ്ദേഹം പാർട്ടി മാറുന്നു. സ്വന്തം അമ്മ വരെ ശത്രു ആയ ആ സാഹചര്യത്തിൽ രാമനുണ്ണി ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. എല്ലാ തെളിവുകളും രാമനുണ്ണിക്ക്‌ എതിരാകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രാമനുണ്ണിയുടെ ലീലകൾ ആണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.

സിനിമ അവലോകനം :
സമീപകാല ദിലീപ് സിനിമകളിൽ നിന്ന് വിപരീതമായി ചളികളുടെ അളവ് കുറച്ചു, തിരക്കഥക്കും , സാങ്കേതിക മികവിനും ഊന്നൽ നൽകി ഒരുക്കിയ ചിത്രം ആണ് 'രാമലീല'. സച്ചി എന്ന രചയിതാവിന്റെ പാടവം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. പുതുമുഖ സംവിധായകൻ ആണെന്ന് തോന്നാത്ത വിധം മികച്ച ഒരു സെമി ത്രില്ലെർ ഒരുക്കാൻ അരുൺ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി അസാധാരണ സാമ്യം ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിനു ഉണ്ട്. പ്രേക്ഷകനെ നിരാശനാക്കാത്ത ഒരു മികച്ച ചിത്രം ആണ് 'രാമലീല'.

അഭിനയം, അഭിനേതാക്കൾ:
ദിലീപ് എന്ന നടനെ സീരിയസ് റോളിൽ കാണാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വല്യ ഒരു മേന്മ. ചളി കോമേഡിയിൽ നിന്ന് അദ്ദേഹം നല്ല റോളുകളിലേക്കു തിരിഞ്ഞു തുടങ്ങിയെന്നു നമുക്ക് കരുതാം. മുകേഷ് ,വിജയരാഘവൻ, സായി കുമാർ , സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ, കലാഭവൻ ഷാജോൺ അതി ഗംഭീര പ്രകടനവുമായി പ്രേക്ഷകനെ ഞെട്ടിച്ചു. നായിക പ്രയാഗ മാര്ട്ടിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഒരു റോൾ ആയിരുന്നു.

സംഗീതം, സാങ്കേതികം, സംവിധാനം:
തികച്ചും പുതുമ നിറഞ്ഞ കഥ ഒന്നും അല്ലെങ്കിൽ കൂടിയും , ഒരു പുതുമ തോന്നുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ അരുൺ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. കുറ്റാന്വേഷണത്തെ കുറച്ചുകൂടി അടുത്ത് നിന്ന് കണ്ടു മനസിലാക്കിയ പോലെ ഒരു തിരക്കഥ ഒരുക്കിയ സച്ചിക്കു സല്യൂട്ട്.  ഷാജിയുടെ ക്യാമറ കാഴ്ചകൾക്കൊപ്പം , ഗോപി സുന്ദറിന്റെ ഈണങ്ങൾ കൂടി ഇഴ ചേർന്നപ്പോൾ മികച്ച ഒരു ദൃശ്യാനുഭവമായി രാമലീല മാറി.
പ്രേക്ഷക പ്രതികരണം:
അരുൺ ഗോപി എന്ന സംവിധായകന്റെയും, ഒരു പറ്റം സാങ്കേതികപ്രവർത്തകരുടെയും കഷ്ടപ്പാടിൽ വിരിഞ്ഞ ശരാശരിക്കും മേലെ നിൽക്കുന്ന ഒരു ചിത്രം. 
"ജനകീയ കോടതിയിൽ ദിലീപിനെ വെറുതെ വിട്ടു ..സിനിമ വൻ വിജയത്തിലേക്ക് " എന്ന് മറ്റൊരു കൂട്ടം പ്രേക്ഷക പ്രതികരണവും ഉണ്ട്.
റേറ്റിങ്: 3.5 /5

വാൽകഷ്ണം :
അറം പറ്റുക , കാലത്തിനു മുന്നേ സഞ്ചരിക്കുന്ന സിനിമ എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ദാ..ഇപ്പൊ എല്ലാം കൂടി ഒരുമിച്ചു കണ്ടു

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി