പറവ



കഥാസാരം:
മട്ടാഞ്ചേരിയിലെ പ്രാവ് പറത്തൽ മത്സരവും, അതിനോട് അനുബന്ധിച്ചു പ്രാവുകളെ വളർത്തി പരിശീലിപ്പിക്കുന്ന ഒരു കൂട്ടം യുവാക്കളുടെയും കുട്ടികളുടെയും കഥ.  മട്ടാഞ്ചേരി എന്നാൽ മലയാള സിനിമക്ക് ഗുണ്ടകളുടെ നാടാണ്. ആ ഒരു പ്രതിച്ഛായയെ അട്ടിമറിക്കുന്ന, പുറം ലോകത്തിനു അത്ര പരിചിതമല്ലാത്ത മട്ടാഞ്ചേരിയുടെ വേറിട്ട ജീവിത കഥയാണ്  'പറവ' എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.

സിനിമ അവലോകനം :
സൗബിൻ ഷാഹിർ എന്ന നടൻ സംവിധായകന്റെ റോളിലേക്ക്  ഉയർന്ന ചിത്രമാണ് 'പറവ' . തന്റെ ആദ്യ ചിത്രത്തിൽ തന്നെ തന്റെ നാടിന്റെ വ്യത്യസ്തമാർന്ന ഒരു മുഖം പ്രേക്ഷകന് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം മലയാളി പ്രേക്ഷകർക്ക് പുതുമയുള്ള ദൃശ്യാനുഭവം പകരുമ്പോളും,  പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിൽ അങ്ങിങ്ങു വലിച്ചു നീട്ടലുകളായി മുഴച്ചു നില്കുന്നു. കഥാപാത്ര സൃഷ്ടിയിൽ മിക്ക കഥാപാത്രങ്ങൾക്കും വേണ്ടത്ര സ്പേസ് നൽകാഞ്ഞത് ഒരു പോരായ്മയായി തോന്നി. എങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാസാരവും പുതുമ നിറഞ്ഞ അഭിനേതാക്കളും, അഭിനയശൈലികളും,  റിയലിസ്റ്റിക് അവതരണവും പറവയെ ഒരു ശരാശരി ചിത്രമാക്കി തീർക്കുന്നു.

അഭിനയം, അഭിനേതാക്കൾ:
ഇര്ഷാദ് എന്ന ഇച്ചാപ്പിയുടെ റോളിൽ അമൽ ഷാ അതി ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു. തീർത്തും പുതുമ നിറഞ്ഞ അമലിന്റെ മാനറിസങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായി. ഷെയിൻ നിഗം, ജേക്കബ് ഗ്രിഗറി , ഇന്ദ്രൻസ് , ഹരി ശ്രീ അശോകൻ, ജാഫർ ഇടുക്കി തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ദുൽഖർ സൽമാനും , സിദ്ദിഖും തങ്ങൾക്കു ലഭിച്ച റോളുകൾ  ജീവിച്ചു കാട്ടി കൊടുത്തു. കോമേഡിയിൽ നിന്ന് വില്ലൻ വേഷത്തിലേക്ക് നിറഞ്ഞാടി സൗബിൻ ഷാഹിറും, ശ്രീനാഥ്‌ ഭാസിയും പ്രേക്ഷകർക്ക് ഞെട്ടൽ സമ്മാനിച്ചു. ഷൈൻ , ശ്രിന്ദ തുടങ്ങിയവർ തങ്ങളുടെ ചെറിയ വേഷങ്ങൾ മോശമാക്കിയില്ല.

സംഗീതം, സാങ്കേതികം, സംവിധാനം:
ലിറ്റിൽ സ്വയമ്പിന്റെ ക്യാമെറായാണ് ചിത്രത്തിന്റെ ഏറ്റവും വല്യ മേന്മ. മികച്ച രീതിയിൽ തന്നെ മട്ടാഞ്ചേരിയും, പ്രാവ് പറത്തൽ മത്സരവും മറ്റും പ്രേക്ഷകന് കാട്ടി കൊടുത്തു. റെക്സ് വിജയൻറെ സംഗീതം മോശമല്ലെങ്കിൽ കൂടിയും, പശ്ചാത്തല സംഗീതം അതി ഗംഭീരമായിരുന്നു. പ്രണയരംഗങ്ങളിൽ ഉണ്ടായിരുന്ന പശ്ചാത്തല സംഗീതം പുതുമ നിറഞ്ഞതായിരുന്നു. സൗബിൻ ഷഹറിന്റെ സംവിധാനവും മികച്ചു നിന്നു. തിരക്കഥയിലെ ചില ചില്ലറ പോരായ്മകൾ ഒഴിവാക്കിയിരുന്നെകിൽ ചിത്രം പ്രേക്ഷകന് കൂടുതൽ സംപ്ത്രിപ്തി നൽകിയെന്നേ.

പ്രേക്ഷക പ്രതികരണം:
 അല്പം ക്ഷമാ ശീലം ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാവുന്ന, പുതുമ നിറഞ്ഞ  ഒരു ശരാശരി
ചിത്രം.

റേറ്റിങ്: 3 /5

വാൽകഷ്ണം :
"ഇല്ല സാർ...എനിക്ക് സിമ്പിൾ സ്റ്റെപ് അറിയില്ല സാർ..."
സൗബിന്റെ ആദ്യ സംവിധാന സ്റ്റെപ് പ്രമേയം കൊണ്ടും സിമ്പിൾ ആയിരുന്നില്ല. അദ്ദേഹം അത്  മോശമാക്കിയുമില്ല ..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി