മാമാങ്കം

കഥാസാരം:
നൂറ്റാണ്ടുകൾക്കു മുന്നേ കേരളത്തിൽ, തിരുനാവായിൽ നിലനിന്നിരുന്ന മാമാങ്കം എന്ന മഹാമേളം. ആ മാമാങ്കത്തിൽ സാമൂതിരിക്കു എതിരെ   പട പൊരുതാൻ വിധിക്കപെട്ട ചാവേറുകളുടെ നേര്കഥയാണ് 'മാമാങ്കം ' എന്ന സിനിമ പ്രേക്ഷകന് പകരുന്നത്.

സിനിമ അവലോകനം:
മലയാള സിനിമയിൽ ചരിത്ര സിനിമകൾ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ഒന്ന് കൂടി.  അതിഭാവുകത്വങ്ങൾ കുത്തി നിറക്കാതെ യഥാർത്ഥ മാമാങ്ക കഥ പ്രേക്ഷകനിലേക്കു എത്തിക്കാൻ കഴിഞ്ഞതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. മികച്ച കാസ്റ്റിംഗും, മികച്ച അഭിനയ പ്രകടനങ്ങളും ആണ് ചിത്രത്തിന്റെ മേൽകൈ. എന്നാൽ ടെക്നിക്കൽ പെർഫെക്ഷനിലും, സ്റ്റണ്ട് രംഗങ്ങളിലും ചിത്രം പലപ്പോഴും തൊണ്ണൂറുകളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. എങ്കിലും പ്രേക്ഷകന് മനം മടുക്കാത്ത ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് മാമാങ്കം.

അഭിനയം, അഭിനേതാക്കൾ:
ചിത്രത്തിൽ ഏറ്റവും മികച്ച മെയ്‌വഴക്കത്തോടെ അഭിനയിച്ചു കസറിയതു അച്യുതൻ എന്ന കൊച്ചു മിടുക്കൻ ആണ്. ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭിനയ പാടവവും മെഴ്‌വഴക്കവും പ്രശംസനീയം തന്നെ. ചരിത്ര സിനിമകൾക്കു താൻ ഏറ്റവും നല്ല ചോയ്സ് ആണെന്ന് വിളിച്ചോതുന്ന ഉണ്ണി മുകുന്ദന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളിൽ ഒക്കെ ഉണ്ണി അഭിനയിച്ചു കസറി.  വലിയ പണിക്കറുടെ വേഷത്തിൽ മമ്മൂട്ടി തിളങ്ങി. പഴശ്ശി രാജയും, ചന്തുവും ഒക്കെ അഭ്രപാളികളിൽ അഭിനയിച്ചു ഫലിപ്പിച്ച മമ്മൂട്ടി എന്ന മഹാനടന് ഒട്ടും വെല്ലുവിളി  ആയിരുന്നില്ല ഈ കഥാപാത്രം. സിദ്ദിഖ്, മണിക്കുട്ടൻ, സുരേഷ് കൃഷ്ണ, സുദേവ് തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ അവിസ്മരണീയം ആക്കി. നായികമാർക്ക് പ്രാധാന്യം തീരെ കുറവായിരുന്നു ചിത്രത്തിൽ, അനു സിതാര, ഇനിയ, കനിഹ തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

സംഗീതം, സാങ്കേതികം, സംവിധാനം:
എം ജയചന്ദ്രൻ ഈണം ഇട്ട ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സാങ്കേതികമായി ചിത്രം പലയിടങ്ങളിലും പിന്നോട്ടു പോയി. പശ്ചാത്തല സംഗീതം മികച്ചതായിരുന്നു. കലാസംവിധാനവും നന്നായി. എങ്കിലും സംഭാഷണങ്ങളിലെ കാമ്പില്ലായ്മ, പ്രേക്ഷകനുമായി ഇമോഷണൽ ഇന്റിമസി ഉണ്ടാക്കുന്നതിൽ പരാജയപെട്ടു. തന്നാൽ ആകും വിധം സംവിധാനം മികച്ചതാക്കാൻ പദ്മകുമാർ ശ്രമിച്ചിട്ടുണ്ട്.

പ്രേക്ഷക പ്രതികരണം:
അതിഭാവുകത്വങ്ങൾ ഇല്ലാതെ യഥാർത്ഥ മാമാങ്ക കഥ കാണാൻ ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇഷ്ടമാകും ഈ സിനിമ.

റേറ്റിങ്: 3.5  / 5

വാൽകഷ്ണം:
ഇത്ര കണ്ടു ഈ ചിത്രത്തെ ഡീഗ്രേഡ് ചെയുന്നത് എന്തിനെന്നു മനസിലാകുന്നില്ല..അങ്ങിങ്ങു ചില പോരായ്മകൾ ഉണ്ടെങ്കിലും, മികച്ച  ഒരു കലാ സൃഷ്ടി തന്നെയാണ് മാമാങ്കം.

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി