മൈ സാന്റാ



കഥാസാരം:
ഒരു ക്രിസ്മസ് രാത്രിയിൽ അപ്പനയെയും അമ്മയെയും നഷ്ടപെട്ട ഐസ എന്ന കൊച്ചു പെൺകുട്ടി. അവൾക്കു ആകെയുള്ള അപ്പൂപ്പൻ (സായി കുമാർ) അവളുടെ വിഷമം മാറ്റാനായി ക്രിസ്റ്മസിനു സാന്താ ക്ലോസ് വരുമെന്നും, പപ്പയെയും അമ്മയെയും കാണിച്ചു തരുമെന്നും ഒക്കെ കഥകൾ പറഞ്ഞു കൊടുക്കുന്നു. കഥകൾ വിശ്വസിച്ച ആ കുഞ്ഞു ഐസ മോൾ ദൈവത്തിനു കത്ത് അയക്കുന്നു. സാന്താക്ലോസിനെ തന്റെ അടുക്കലേക്കു വിടാൻ. എന്തായിരുന്നു ദൈവത്തിന്റെ മറുപടി? അതാണ് മൈ സാന്റാ എന്ന ചിത്രം.

സിനിമ അവലോകനം:
സുഗീത് - ദിലീപ് - വിദ്യാസാഗർ ടീം . ഒരു ഫീൽ ഗുഡ് ഫാമിലി മൂവിയുടെ കോംബോ.  എന്നാൽ ഈക്കുറി ഇത്തിരി ഫാന്റസിയുടെ മേന്പൊടിയോടു കൂടി ഒരു കൊച്ചു നന്മയുള്ള ചിത്രം ആണ് സുഗീത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ കഥയോ, സസ്പെൻസ് ക്ലൈമാസ്ഒ ഒന്നും ഇല്ല. എങ്കിലും എവിടെയൊക്കെയോ പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിയിക്കുന്ന, പല കുറി പൊട്ടി ചിരിപ്പിക്കുന്ന കുറച്ചു നല്ല രംഗങ്ങളാൽ സമ്പന്നം ആണ് ഈ ചിത്രം. അല്പം ക്ഷമയും, കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും കൈമുതലായി ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാം ഈ സാന്താക്ലോസിനെ.

അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ:
സാന്താ ക്ലോസ് ആയി ദിലീപ് അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ചില രംഗങ്ങളിലൊക്കെ ഓവർ ആക്ടിങ് അനുഭവപെട്ടു.  കമ്പ്യൂട്ടർ അദ്ധ്യാപകൻ ആയി സണ്ണി വെയ്ൻ തിളങ്ങി. ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരു നല്ല കഥാപാത്രം. ദുരന്തം സെന്റിമെൻസ് കഥ പറയാൻ സിദ്ദിഖ്നെ ഉപയോഗിക്കാതെ സായി കുമാറിനെ ഉപയോഗിച്ച് സുഗീതിന്റെ ട്വിസ്റ്റ് നന്നായി. സിദ്ദിഖ് നന്നായി ചിരിപ്പിച്ചു. ധർമജൻ തീർത്തും ചളിയടികളുമായി നിരാശപ്പെടുത്തി. പക്ഷെ ഈ ചിത്രം രണ്ടര മണിക്കൂർ കണ്ടിരിക്കാൻ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരേയൊരു ഘടകം ഐസ എന്ന കഥാപാത്രം അവതരിപ്പിച്ച ബേബി മാനസ്‌വി  ആണ്. ഈ ചെറിയ പ്രായത്തിൽ ഇത്രെയും പാകത  നിറഞ്ഞ പ്രകടനത്തിന് ഒരു ചൈൽഡ് ആര്ടിസ്റ്  സ്റ്റേറ്റ് അവാർഡ് തന്നെ അർഹിക്കുന്നുണ്ട്.

സംഗീതം, സാങ്കേതികം, സംവിധാനം:
നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും വിദ്യാസാഗർ എന്ന മെലഡി കിംഗ് മലയാളത്തിൽ സംഗീതം ചെയുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ് ഘടകം. മികച്ച ഗാനങ്ങൾ. ഓരോന്നും ഒന്നിനൊന്നു മെച്ചം. പ്രേക്ഷക മനസ്സിൽ ചേക്കേറുന്ന ഇത്തരം ഗാനങ്ങൾ ചെയ്യാൻ വിദ്യാസാഗറും, ഇളയരാജയും തന്നെ വേണം. സുഗീതിന്റെ സംവിധാനം നന്നായി. ഈ ചിത്രത്തിൽ ഏറ്റവും കൈയടി അർഹിക്കുന്നത് ഈ ഫാന്റസി വേൾഡ് ക്രിയേറ്റ് ചെയ്ത ഇതിന്റെ കലാസംവിധായകനും, ഒപ്പം വി ഫ് എക്സ് ചെയ്തവരും ആണ്.  കെട്ടുറപ്പില്ലാത്ത  പഴഞ്ചൻ തിരക്കഥ മാത്രമാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്.

പ്രേക്ഷക പ്രതികരണം:
ബുദ്ധിജീവികൾക്ക് ഇഷ്ടം ആവില്ല. അല്പം ഫാന്റസിയും, കുട്ടികളുടെ മനസ്സും ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടം ആകും ഈ ചിത്രം. കൊച്ചു കുട്ടികൾക്ക് തീർച്ചയായും ഇഷ്ടം ആകും ഈ ചിത്രം.

റേറ്റിങ്: 2.5  / 5

വാൽകഷ്ണം:
ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ നിന്ന് വീണ്ടും ഒരു മികച്ച ബാല താരം - ബേബി മനസ്‌വി

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി