കെട്ട്യോൾ ആണെന്റെ മാലാഖ



കഥാസാരം:
സ്ലീവാച്ചായൻ (ആസിഫ് അലി) ഒരു മലയോര കർഷകൻ ആണ്. സൽഗുണ സമ്പന്നൻ. കുടുംബത്തോടും, സുഹൃത്തുക്കളോടും ആത്മാർത്ഥതയും സ്നേഹവും ഉള്ളവൻ. മുപ്പത്തഞ്ചാം വയസ്സിൽ പെണ്ണ് കെട്ടുന്ന സ്ലീവാച്ചായൻ, ഒരിക്കലും പൊറുക്കാനാവാത്ത ഒരു തെറ്റ് തന്റെ ഭാര്യയോട് ചെയുന്നു. എന്തായിരുന്നു ആ തെറ്റ്? സ്ലീവാച്ചായൻ എങ്ങനെ അത് പരിഹരിക്കുന്നു തുടങ്ങിയവ ചിത്രം നിങ്ങള്ക്ക് കാട്ടി തരും.

സിനിമ അവലോകനം:
ആസിഫ് അലി എന്ന നടനിൽ നിന്ന് ലഭിക്കുന്ന ഫീൽ ഗുഡ് ശ്രേണിയിൽ ഉള്ള സിനിമകളിലേക്ക് ഒരെണ്ണം കൂടി. ഇന്നത്തെ സമൂഹത്തിൽ കുറേപേർ എങ്കിലും കടന്നു പോയിട്ടുള്ള ഒരു വിഷയത്തെ, അതിന്റെ ഗൗരവം ചോർന്നു പോകാതെ, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുകായാണ് ഈ ചിത്രം. അതി ഗംഭീര ട്വിസ്റ്റോ, കിടിലം റൊമാൻസ് രംഗങ്ങളോ, ആക്ഷൻ സീക്വെൻസുകളോ  ഒന്നും ഇല്ലെങ്കിൽ കൂടി, പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കും ഈ ചിത്രം. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുമെങ്കിലും, ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം ആണ് 'കെട്ട്യോൾ എന്റെ മാലാഖ '.

അഭിനയം, അഭിനേതാക്കൾ:
സ്ലീവാച്ചായനായി ആസിഫ് അലി സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ അതി ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു. നായികയായി അഭിനയിച്ച വീണ നന്ദകുമാറിന്റെ അഭിനയം ശരാശരിയിൽ ഒതുങ്ങിയപ്പോൾ, സപ്പോർട്ടിങ് റോളുകളിൽ എത്തിയ ഒരു കൂട്ടം അഭിനയ പ്രതിഭകൾ സ്‌ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. മികച്ച കാസ്റ്റിംഗ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു മേന്മ. 

സംഗീതം, സംവിധാനം, സാങ്കേതികം:
വില്യം ഫ്രാൻസിസ് ഈണം ഇട്ട ഗാനങ്ങൾ ശരാശരി നിലവാരത്തിൽ ഒതുങ്ങി. വ്യത്യസ്തമായ ഒരു കഥാതന്തുവിനെ പ്രേക്ഷകന് ഇഷ്ടപെടും വിധം അണിയിച്ചൊരുക്കിയ  നിസാം ബഷീറിന്റെ സംവിധാനമികവ് പ്രശംസ അർഹിക്കുന്നു. സാങ്കേതികമായി ചിത്രം അത്ര മികവ് പുലർത്തിയില്ല എങ്കിൽ കൂടി, ഹാസ്യ രംഗങ്ങളും, അഭിനേതാക്കളുടെ സ്വാഭാവിക അഭിനയ പ്രകടനങ്ങളും ആ പോരായ്മയെ മറികടക്കുന്നു.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ഈ വർഷത്തെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ ആസിഫ് അലിയും, സൂരജ് വെഞ്ഞാറമൂടും മത്സരിച്ചു  അഭിനയിക്കുകയാണെന്നു തോന്നുന്നു... 

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി