കാർബൺ


കഥാസാരം:
സിബി (ഫഹദ് ഫാസിൽ) അത്യാവശ്യം തട്ടിപ്പും ഉഡായിപ്പും ഒക്കെയായി ജീവിക്കുന്ന ആളാണ്. ഒരിക്കൽ കൊടുംകാടിനു നടുവിലുള്ള ഒരു കൊട്ടാരത്തിന്റെ മാനേജരായി സിബിക്ക് ജോലി ലഭിക്കുന്നു. എന്നാൽ കാട്ടിൽ എത്തിയ സിബിയെ കാത്തിരുന്നത് കൊടുംകാടിനുള്ളിലെ നിധിയെ പറ്റിയുള്ള വിവരങ്ങൾ ആയിരുന്നു. സിബി നിധി വേട്ടക്ക് ഇറങ്ങുന്നിടത്തു കഥ പുരോഗമിക്കുന്നു.

സിനിമ വിശകലനം :
ദയ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു, കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കാർബൺ. വളരെ നിസ്സാരമായി പറഞ്ഞു പോകാവുന്ന ഒരു കഥയെ വലിച്ചു നീട്ടി , പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലി പലക പുറത്തെടുപ്പിച്ച സംവിധായകന് പ്രത്യേകം സല്യൂട്ട്. കാടിന്റെ ഭംഗി ഒട്ടും തന്നെ ചോർന്നു പോകാതെ ചിത്രത്തിൽ അവതരിപ്പിച്ചുവെങ്കിലും, എടുത്തു പറയത്തക്ക യാതൊരു പുതമായോ മേന്മയോ ചിത്രത്തിന് ഇല്ലാതെ പോയത് പ്രേക്ഷകനെ നിരാശപ്പെടുത്തി. നിധി തേടി പോകുന്നവർക്ക് യഥാർത്ഥ നിധി എന്തെന്ന് മനസിലാക്കിക്കാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും അത് പ്രേക്ഷകന് ദഹിക്കത്തക്ക രീതിയിൽ അവതരിപ്പിക്കുന്നതിൽ ചിത്രം പലയിടത്തും പരാജയപ്പെട്ടു. 
അഭിനേതാക്കൾ,അഭിനയം:
സിബിയുടെ റോൾ ഫഹദ് തികച്ചും അനായേസേനെ , അതീവ പെർഫെക്ഷനോട് കൂടി അവതരിപ്പിച്ചു. മംമ്തയും,കൊച്ചു പ്രേമനും ഫഹദിനൊപ്പം തന്നെ മത്സരിച്ചു അഭിനയിച്ചു. നെടുമുടി വേണു, വിജയരാഘവൻ, സ്പടികം ജോർജ്  തുടങ്ങിയവരുടെ വ്യത്യസ്ത ഗെറ്റപ്പുകൾ പ്രേക്ഷകന് നവ്യാനുഭവം നൽകി. ചിത്രത്തിലെ ഒരേയൊരു മേന്മ ഫഹദിന്റെ അതുല്യ പ്രകടനം തന്നെ.
സംഗീതം, സംവിധാനം, സാങ്കേതികം:
ബിജി പാലിന്റെ പശ്ചാത്തല സംഗീതം നന്നായി എങ്കിലും, വിശാലിന്റെ ഗാനങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. മോഹനന്റെ ഛായാഗ്രഹണം കാനന ഭംഗി പ്രേക്ഷകന് പകർന്നു നൽകുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. കെട്ടുറപ്പില്ലാത്ത തിരക്കഥയും, പുതുമ ഇല്ലാത്ത അവതരണ രീതിയും ആണ് ചിത്രത്തിൽ നിന്ന് പ്രേക്ഷകനെ പിന്നോട്ട് വലിക്കുന്നത്. 
പ്രേക്ഷക പ്രതികരണം:
അസാമാന്യമായ ക്ഷമാ ശക്തി ഉണ്ടെങ്കിൽ മാത്രം കണ്ടിരിക്കാവുന്ന ഒരു ചിത്രം 
റേറ്റിങ് : 2.5 / 5
വാൽകഷ്ണം:'ആൽകെമിസ്ട്' നോവൽ അങ്ങ് സിനിമ ആക്കിയിരുന്നെങ്കിൽ ഇതിലും നന്നായേനെ.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി