ദൈവമേ കൈ തൊഴാം കെ . കുമാർ ആകണം


കഥാസാരം:
ദൈവവും  (നെടുമുടി വേണു ) അദ്ദേഹത്തിന്റെ പേർസണൽ അസിസ്റ്റന്റ് ആയ മായാദത്തനും കേരളത്തിൽ എത്താൻ തീരുമാനിക്കുന്നു. തന്നെ ഒരിക്കൽ പോലും വിളിച്ചു ബുദ്ധിമുട്ടിക്കാത്ത കെ കുമാറിന്റെ (ജയറാം) വീടാണ് ദൈവത്തിന്റെ കേരളത്തിലെ താമസത്തിനായി തിരഞ്ഞെടുത്തത്. കെ കുമാറും , ഭാര്യയും (അനുശ്രീ) നന്നായി തന്നെ ദൈവത്തെ പരിചരിച്ചു. പക്ഷെ ഒരിക്കൽ കെ കുമാറും , ഭാര്യയും തമ്മിൽ ഉള്ള തർക്കം അതിരു വിട്ടു ദൈവത്തിന്റെ കോടതിയിൽ തീർപ്പിനായി എത്തി. ദൈവത്തിന്റെ വിധി ന്യായം തികച്ചും അസാധാരണവും, അപ്രതീക്ഷിതവും ആയിരുന്നു.  ശേഷം സ്‌ക്രീനിൽ ...

സിനിമ അവലോകനം:
മലയാളത്തിലെ ഹാസ്യ സാമ്രാട്ടായ സലിം കുമാറും, നിത്യഹരിത കുടുംബ നായകൻ ജയറാമും ഒന്നിച്ചപ്പോൾ പ്രേക്ഷകന് ഒരു മികച്ച ചിത്രം പ്രതീക്ഷിച്ചു പോയി. എന്നാൽ കുറെ ഹാസ്യ രംഗങ്ങളും, ട്രോള് രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ശരാശരി ചിത്രത്തിൽ ഒതുങ്ങി പോയി ഈ സിനിമ. മികച്ച ചിത്രം ഒരുക്കാൻ നർമ രംഗങ്ങളും, ഹാസ്യ നടന്മാരും മാത്രം പോരാ..മറിച്ചു മികച്ച ഒരു തിരക്കഥയും, അത് വേണ്ട രീതിയിൽ അവതരിപ്പിക്കാൻ കെൽപ്പുള്ള സംവിധായകനും അനിവാര്യമാണ് എന്ന് വിളിച്ചോതുന്ന ചിത്രം.

അഭിനയം, അഭിനേതാക്കൾ:
ആകാശ മിട്ടായിക്ക് ശേഷം വീണ്ടും ടിപ്പിക്കൽ കുടുംബ നായകനായ ജയറാമിനെ സ്‌ക്രീനിൽ കാണാൻ ആയതു തന്നെ പ്രേക്ഷകന് സന്തോഷം നൽകുന്നു. തന്റെ റോൾ തന്നാൽ കഴിയും വിധം അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കണ്ടു മടുത്ത പല മാനറിസങ്ങളും വീണ്ടും പുനരവതരിപ്പിച്ചത് പ്രേക്ഷകന് കല്ല് കടിയായി മാറി. പഴയകാല ഉർവശിയെ അനുസ്മരിപ്പിക്കുവാൻ അനുശ്രീ ശ്രമിച്ചുവെങ്കിലും , വേണ്ടത്ര വിജയം കാണാതെ പോയ പ്രകടനം. സലിം കുമാർ, ഹരിശ്രീ അശോകൻ, നെടുമുടി വേണു, കുളപ്പുള്ളി ലീല തുടങ്ങിയവർ ഹാസ്യ രംഗങ്ങളിൽ ശോഭിച്ചു. അതിഥി താരമായി ശ്രീനിവാസനും, പ്രായഗ മാർട്ടിനും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
നാദിർഷ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിന്റെ ഈണം നന്നായി എങ്കിലും, കാവ്യാ മാധവന്റെ ശബ്ദം തീർത്തും യോജിക്കാത്തവ ആയിരുന്നു. സാങ്കേതികമായി യാതൊരു മേന്മയും ചിത്രത്തിന് അവകാശപ്പെടാനില്ല. അനിമേഷനും, ഗ്രാഫിക്‌സും ഒക്കെ ഇത്രേം പുരോഗമിച്ച ഈ നൂറ്റാണ്ടിൽ ഇത്തരം ഫാന്റസി ചിത്രങ്ങളിൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കാത്തത്  തീർത്തും അപലപനീയം തന്നെ. ഹാസ്യ രംഗങ്ങളാൽ ചിത്രം സമ്പന്നം ആണെങ്കിലും, കെട്ടുറപ്പുള്ള തിരക്കഥ ഒരുക്കുന്നതിൽ സംവിധായകൻ സലിം കുമാർ പരാജയപ്പെട്ടു.

പ്രേക്ഷക പ്രതികരണം:
ലോജിക് എല്ലാം വീട്ടിൽ വെച്ച് , ഒരൽപം ക്ഷമയും കാണിക്കുമെങ്കിൽ, കുറച്ചു നേരം പൊട്ടിച്ചിരിക്കാനുള്ള വകുപ്പൊക്കെ ഈ ചിത്രത്തിൽ ഉണ്ട്.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
കുറെ മിമിക്രി കാണിച്ചാൽ നല്ല സിനിമ ആകില്ല എന്ന് എന്നാണോ ഇവരൊക്കെ മനസിലാക്കുന്നേ..!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി