കവി ഉദ്ദേശിച്ചത്


കഥാസാരം :
അള്ളിമൂലയിലെ നാട്ടുകാർക്ക് വോളി ബോൾ ഒരു ലഹരിയാണ്. ഓരോ വർഷവും നടക്കുന്ന ടൂർണമെന്റിൽ പന്തയം വെക്കലും, ടീം ഇറക്കലും ഒക്കെ അവരുടെ പതിവ് കലാപരിപാടികൾ ആണ്. ആ നാട്ടിലെ പ്രമുഖ ധനിക കുടുംബത്തിലെ പൊങ്ങച്ചക്കാരനായ വട്ടത്തിൽ ബോസ്കോ (നരേൻ), ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണ ചെറുപ്പക്കാരുടെ പ്രതിനിധി ആയി ജിമ്മി (ആസിഫ് അലി). ഇവർക്ക് രണ്ടാൾക്കും ഇടയിലേക്ക്  ഒരു വോളി ബോൾ ടൂർണമെന്റിന്റെ പന്തയം ഒരുങ്ങുന്നു. പന്തയം ആര് ജയിക്കുമെന്നതു "കവി ഉദ്ദേശിച്ചത്" എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ ദൃശ്യവൽക്കരിക്കുന്നു.
സിനിമ വിശകലനം:
പുലി മുരുകൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയ ഒരു കൊച്ചു ചിത്രം. വോളി ബോൾ കളിയുടെ രസവുമായി ഈ വര്ഷം ഇറങ്ങിയ കരിങ്കുന്നം 6S നു ശേഷം , മറ്റൊരു വോളി ബോൾ തരംഗം. ചിത്രത്തിന്റെ ആദ്യ പകുതി ഒക്കെ പ്രേക്ഷകനെ നല്ല രീതിയിൽ മുഷിപ്പിക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ വോളി ബോൾ രംഗങ്ങളും, പന്തയങ്ങളും, മതസരങ്ങളും പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തി. 90കളിൽ മലയാള സിനിമയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രം ആണെങ്കിലും, പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം ത്രിപ്തിപെടുത്തുന്നുണ്ട്.

അഭിനയം, അഭിനേതാക്കൾ:
ബോസ്കോ ആയി അഭിനയിച്ച 'നരേൻ' എന്ന നടന്റെ അഭിനയപാടവം എവിടെയോ നഷ്ടപ്പെട്ട് പോയെന്നു തോന്നും വിധം ഉള്ള അഭിനയം. ആസിഫ് അലി 'ജിമ്മി ' എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിച്ചു. സൈജു കുറുപ്പ് , സുനിൽ സുബൈദ, ലെന , ബാലു വര്ഗീസ് ,ഗണപതി (വിനോദയാത്ര ഫെയിം ), ബിന്ദു പണിക്കർ തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.  നായിക വേഷം ചെയ്ത അഞ്ചു കുര്യാൻറെ മുഖത്ത്  ഭാവങ്ങൾക്കായി പ്രേക്ഷകന് പരതുക ആയിരുന്നു. പക്ഷെ ചിത്രത്തിൽ ആവേശം നിറച്ചു, പ്രേക്ഷകനെ കൈയിൽ എടുത്തത് 'മിന്നൽ സൈമൺ ' എന്ന കോച്ച് ആയി എത്തിയ ബിജു മേനോൻ ആയിരുന്നു. ബിജു മേനോനിൽ നിന്ന് വീണ്ടും ഒരു മികച്ച വേഷം.

സംഗീതം, സംവിധാനം, സാങ്കേതികം:
"രമണി ചേച്ചിയുടെ നാമത്തിൽ " എന്ന ഷോർട് ഫിലിമിലൂടെ കഴിവ് തെളിയിച്ച  ലിജു തോമസും , തോമസും ചേർന്നപ്പോൾ  മലയാളത്തിൽ മറ്റൊരു ഇരട്ട സംവിധായക കൂട്ട്കെട്ടു ഉടലെടുക്കുന്നു. ആ ഷോർട് ഫിലിം ഏതാണ്ട് അതെ പോലെ തന്നെ ഈ ഫിലിമിൽ വീണ്ടും അണിയിച്ചൊരുക്കിയിട്ടുണ്ട്. തിരക്കഥയിലെ ചില പോരായ്മകൾ ഒഴിച്ചാൽ, മികച്ച രീതിയിൽ തന്നെ ആദ്യ ചിത്രം അവർ അണിയിച്ചൊരുക്കിയിട്ടുണ്ട്. വിനു തോമസും, ജാക്സ് വിജയും ചേർന്ന് ഒരുക്കിയ ഗാനങ്ങൾ അത്ര മികച്ചതല്ലെങ്കിലും, "ഇന്നലെയും എന്നഴകേ" എന്ന ഗാനം പ്രേക്ഷകന് ശ്രവണസുഖം പകരുന്നതിൽ വിജയിച്ചു. ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം നന്നായി. അതി മനോഹരമായി വോളി ബോൾ മാച്ചുകൾ  പകർത്തിയിട്ടുണ്ട്. ഗ്രാമീണ നിഷ്കളങ്കത നിറഞ്ഞ ഈ സിനിമ നിർമിക്കാൻ തയ്യാർ ആയ ആസിഫ് അലിക്ക് അഭിമാനിക്കാം.

പ്രേക്ഷക വിധി: 
90 കളിൽ ഇറങ്ങിയ നിഷ്കളങ്ക ഗ്രാമീണതയുടെ സൗന്ദര്യവും, വോളി ബോൾ മതസരങ്ങളും നിങ്ങള്ക്ക് ഇഷ്ടം ആണെങ്കിൽ ഈ ചിത്രം നിങ്ങളെ നിരാശാരാക്കില്ല...

റേറ്റിങ്:  3  / 5

വാൽകഷ്ണം: 
അഭിനയിക്കാൻ അറിയാവുന്ന നടികൾക്കു ഇത്ര ക്ഷാമം ആണെന്ന് അറിഞ്ഞില്ല്യ...ആരും പറഞ്ഞും ഇല്ല്യ ....

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി