ആനന്ദം

കഥാസാരം :
ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കമ്പ്യൂട്ടർ സയൻസ് കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നു. വരുൺ , കുപ്പി, അക്ഷയ്, ഗൗതം, ദിയ , ദർശന , ദേവിക   തുടങ്ങിയവർ ആണ് കുട്ടികളിൽ പ്രമുഖർ. കുട്ടികൾക്ക് ഒപ്പം ചാക്കോ മാഷും ലവ്ലി  മിസ്സും. വിജയനഗരയിലെ ഹംപി കണ്ടു , അത് വഴി ഗോവയിൽ പോയി  ന്യൂ ഇയർ ആഘോഷിച്ചു വരാൻ ആണ് പ്ലാൻ. ഈ ഐ വി ദിനങ്ങളിൽ ഇവർ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെയും , മാറ്റങ്ങളുടെയും ദൃശ്യാവിഷ്‌കാരം ആണ്  'ആനന്ദം'.

സിനിമ വിശകലനം:
കോളേജ് പശ്ചാത്തലത്തിൽ അനേകം ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു കോളേജിലെ ഇൻഡസ്ട്രിയൽ വിസിറ്റ് കഥാതന്തുവാക്കി ഒരു ചിത്രം ആദ്യം ആണ്. ഈ ചിത്രം ഇന്നത്തെ യുവാക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു അതി മനോഹര ചിത്രം ആണ്. അത്ര സ്വാഭാവികമായി ആണ് ചിത്രത്തിലെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും നമ്മുടെ കോളേജുകളിൽ ഉള്ള ആരുമായെങ്കിലും സാദൃശ്യപ്പെടുത്താം. അത് തന്നെ ആണ് ഈ ചിത്രത്തിന്റെ വിജയം. സിനിമയുടെ ആകെ മൊത്തം ഫ്രഷ്‌നെസ്സുമായി തട്ടിച്ചു നോക്കുമ്പോൾ ചില ക്ലിഷേ രംഗങ്ങൾക്ക് നമുക്ക് മാപ്പു നൽകാം. ബുദ്ധിജീവികളും, കപട സദാചാര വാദികളും ഈ ചിത്രത്തെ കല്ല് എറിഞ്ഞേക്കാം..പക്ഷെ ഇത് തികച്ചും പുതുതലമുറയുടെ ജീവിതത്തിന്റെ ഛായാചിത്രം  ആണെന്ന് മനസിലാക്കുക.

അഭിനയം, അഭിനേതാക്കൾ:
പുതുമുഖങ്ങൾ ആയിരുന്നെങ്കിലും എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. വരുണിന്റെ റോളിൽ അഭിനയിച്ച അരുൺ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് ആകാൻ ഇടയുണ്ട്.  ദിയയുടെ റോൾ അവതരിപ്പിച്ച സിദ്ധിയും അഭിനന്ദനം അർഹിക്കുന്നു. കുപ്പിയുടെ വേഷം അവതരിപ്പിച്ച ആളും മികവ് പുലർത്തി. ഏറ്റവും കൈയടി നേടിയ കഥാപാത്രം സെല്ഫ് ഫിനാൻസിങ് എഞ്ചിനീയറിംഗ് കോളേജുകളിലെ നിസ്സഹായരായ അധ്യാപകരുടെ പ്രതിനിധി ആയ ചാക്കോ സാറിനെ അവിസ്മരണീയം ആകും വിധം അവതരിപ്പിച്ച റോണി ഡേവിഡ് ആണ്. അതിഥി വേഷത്തിൽ എത്തിയ നിവിൻ പോളിയും , രഞ്ജി പണിക്കരും നന്നായി.

സംഗീതം, സംവിധാനം, സാങ്കേതികം:
ഗായകനായ സച്ചിൻ വാരിയർ സംഗീതം നൽകിയ ആനന്ദത്തിലെ പാട്ടുകൾ ഒക്കെ തന്നെ കഥാപശ്ചാത്തലത്തിനു അനുയോജ്യം ആയിരുന്നു.ആദ്യ സിനിമയിൽ തന്നെ വ്യത്യസ്തത നിറക്കാൻ സംവിധായകനും , രചയിതാവും ആയ ഗണേഷ് രാജിന്, ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിലെ ചെറിയ ഇഴച്ചിൽ ഒരു കല്ല് കടി ആയെങ്കിലും, ക്ലൈമാക്സ് അതി ഗംഭീരം ആക്കി. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി അർഹിക്കുന്നത് ഇതിന്റെ ക്യാമറമാനായ ആനന്ദ് ചന്ദ്രൻ ആണ്. അത്ര മികച്ച ഫ്രെമുകൾ ആണ് പുള്ളി പ്രേക്ഷകന് സമ്മാനിക്കുന്നത്. മികച്ച നിലവാരത്തിൽ ഉള്ള ദൃശ്യാസ്വാദനം ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും. പുതുമുഖങ്ങളെ വെച്ചു ഈ ചിത്രം നിർമിക്കാൻ തയ്യാർ ആയ വിനീത് ശ്രീനിവാസിന് പ്രത്യേക അനുമോദനങ്ങൾ.

പ്രേക്ഷക വിധി: 
യുവജനങ്ങളുടെ മനസ്സ് പൂർണമായും നിറച്ച ഈ ചിത്രം, ചില ബുദ്ധിജീവികളുടെയും, മധ്യവയസ്ക്കരുടെയും നെറ്റി ചുളിപ്പിച്ചു. അവർക്കു ഈ കഥാസന്ദർഭത്തോട് യോജിക്കാൻ പറ്റാത്തതാണ് പ്രെശ്നം.നിങ്ങൾ ഒരിക്കൽ എങ്കിലും കോളേജ് ഐ വി പോയിട്ടുണ്ടോ? എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപെടും.

റേറ്റിങ്: 3.5 / 5

വാൽകഷ്ണം: 
ഗവി, മീശപ്പുലി മല.... അടുത്ത ടൂർ പോകാനുള്ള സ്ഥലം കിട്ടി...ഹംപി..ഇനി മിക്കവാറും എല്ലാ കോളേജ് ടൂറും അങ്ങോട്ട് ആയിരിക്കും.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി