ഒരു മുത്തശ്ശി ഗദ


കഥാസാരം:
ഒരു ഇടത്തരം കുടുംബം . അവിടെ അറുപത്തിനു മുകളിൽ പ്രായം ഉള്ള ഒരു അമ്മച്ചി. പേര് ലീലാമ്മ.അമ്മച്ചി എന്തിനും ഏതിനും മക്കളുമായും, കൊച്ചു മക്കളുമായും ഒക്കെ വഴക്കിടും. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം. വീട്ടിലെ ജോലിക്കാരിയുമായി വഴക്കു. എന്തിനും ഏതിനും നിര്ബന്ധബുദ്ധി . അമ്മച്ചിയുടെ ഈ സ്വാഭാവം കാരണം മകനും, മരുമകളും, കൊച്ചു മക്കളും ഒക്കെ അമ്മച്ചിയിൽ നിന്ന് മാനസികമായി അകലുന്നു.  ഇത് എന്റെ വീട്ടിലെ കഥയല്ലേ എന്ന് നിങ്ങൾക്കു ഇപ്പൊ തോന്നിയെങ്കിൽ, അത് തന്നെയാണ്  'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രം പ്രേക്ഷകന് വരച്ചു കാട്ടുന്നത്.  ഒരു റിയലിസ്റ്റിക് കഥാ പശ്ചാത്തലം.

സിനിമ വിശകലനം:
'ഓം ശാന്തി ഓശാന ' എന്ന അതിമനോഹര ചിത്രത്തിന് ശേഷം ജൂഡ് ആന്റണി എന്ന സംവിധായകൻ രണ്ട് വർഷത്തെ നീണ്ട ഇടവേള എടുത്തു ചെയ്ത സിനിമ. ആദ്യ സിനിമയിലെ തിരക്കഥാകൃത്തു സ്വതന്ത്ര സംവിധായകൻ ആയപ്പോൾ, ജൂഡ് തിരക്കഥാകൃത്തിന്റെ വേഷം ഇക്കുറി ഏറ്റെടുത്തു. നിവിൻ പോളിയുടെ കഥയ്ക്ക് അത്യാവശ്യം നല്ല തിരക്കഥ ഒരുക്കാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. വർത്തമാന കുടുംബങ്ങളിൽ കണ്ടു വരുന്ന ഒരു പൊതു പ്രശ്നത്തെ, അതിന്റെ തീവ്രത ചോർന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.  പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, അല്പം നൊമ്പരപ്പെടുത്തുകയും , ഇത്തിരി ബോറടിപ്പിക്കുകയും ഒക്കെ ചെയുന്ന ഒരു സിനിമയാണ് 'ഒരു മുത്തശ്ശി ഗദ'.  പക്ഷെ പ്രേക്ഷകനിലേക്കു പകരാൻ  ശ്രമിച്ച ഒരു സന്ദേശം, അത് വേണ്ട രീതിയിൽ എത്തിക്കാൻ കഴിയാതെ പോയത് ചിത്രത്തിന്റെ ഒരു പോരായ്മയാണ്. 

അഭിനയം, അഭിനേതാക്കൾ :
അമ്മച്ചിയുടെ വേഷത്തിൽ അരങ്ങേറിയ രജനി ചാണ്ടി പലപ്പോഴും അഭിനയത്തിൽ പിന്നിലേക്ക് പോയപ്പോൾ, മികച്ച അഭിനയവുമായി ഡബ്ബിങ് ആര്ടിസ്റ്  ആയ ഭാഗ്യലക്ഷ്മി പ്രേക്ഷകനെ ഞെട്ടിച്ചു. മകന്റെ വേഷത്തിൽ സൂരജ് വെഞ്ഞാറമൂട് തിളങ്ങി. തികച്ചും മിതത്വം പാലിച്ച സുരാജിന്റെ അഭിനയത്തിനൊപ്പം , മരുമകളുടെ വേഷം  ലെനയും മനോഹരമാക്കി. കൊച്ചു മകളായി അഭിനയിച്ച അപർണ ബാലമുരളി വീണ്ടും ഒരു ഗംഭീര പ്രകടനം കാഴ്ച വെച്ച്. ഫ്ലാഷ് ബാക് രംഗങ്ങളിൽ അപർണയുടെ ഭാവങ്ങൾ വളരെ റിയലിസ്റ്റിക് ആയിരുന്നു. രമേശ് പിഷാരടി, രാജീവ് പിള്ള , സംവിധായകൻ ആയ ജൂഡ് എന്നിവർ തങ്ങളുടെ വേഷം ഗംഭീരം ആക്കി. ഓം ശാന്തി ഓശാനയിലെ മത്തായി ഡോക്ടർ അതെപോലെ ഈ ചിത്രത്തിൽ പറിച്ചു നട്ടപ്പോൾ, രഞ്ജി പണിക്കർക്കും കിട്ടി ഒരു അതിഥി വേഷം. വിനീത് ശ്രീനിവാസന്റെ സ്ക്രീൻ പ്രേസേന്സ് മാത്രം മതി തീയേറ്ററുകൾ കൈയടികളാൽ നിറയാൻ. വിനീത് ശ്രീനിവാസൻ നിഷ്കളങ്ക അഭിനയത്തോടെ പ്രേക്ഷക പ്രശംസ പിടിച്ചു വാങ്ങി.  ക്ലൈമാക്സിൽ അതിഥി വേഷത്തിൽ എത്തിയ പ്രമുഖ നടന്  ഡയലോഗ് അധികം ഇല്ലായിരുന്നെങ്കിൽ കൂടി, 2 മിനിറ്റ് അഭിനയം കൊണ്ട് പ്രേക്ഷകനെ കൈയിൽ എടുത്തു.

സംഗീതം, സംവിധാനം, സാങ്കേതികം:
ഷാൻ റഹ്മാന്റെ പാട്ടുകൾ അത്ര മികച്ച നിലവാരത്തിൽ എത്തിയില്ലെങ്കിലും, വിനീത് ശ്രീനിവാസനും, അപർണ ബലമുരളിയും പാടി അഭിനയിച്ച ' തെന്നൽ നിലാവിന്റെ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വിനോദ് ഇല്ലംപള്ളിയുടെ ക്യാമെറ കാഴ്ചകൾ പ്രേക്ഷകന്റെ നയനങ്ങൾക്കു രസം പകർന്നു. തിരക്കഥയിലെ രണ്ടാം പകുതിയിലെ ചില പോരായ്മകൾ ആണ് ചിത്രത്തെ പിന്നിലേക്ക്  വലിക്കുന്നത്. പക്ഷെ ജൂഡ് ആന്റണി എന്ന സംവിധായകന്റെ കൈയൊപ്പ് സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കുന്നതിൽ നിന്ന് തന്നെ മനസിലാകും. സിനിമ നന്നാവാൻ നല്ല ചേരുവകൾ മാത്രം പോരാ, അത് വേണ്ട അളവിൽ കൃത്യമായി ചേർത്താൽ മാത്രമേ അതി മനോഹരം ആകൂ എന്ന് ജൂഡ് മനസ്സിലാക്കിയാൽ അടുത്ത ചിത്രം ഇതിലും മികച്ചതാക്കാം. ജൂഡിന്റെ, 'അമ്മച്ചി' കാസ്റ്റിംഗ് ഒഴികെ മറ്റു കാസ്റ്റിംഗുകൾ എല്ലാം പക്കാ ആയിരുന്നു. പിന്നെ രണ്ടാം സിനിമയിലേക്ക്, ഒന്നാം സിനിമ ആയ ഓം ശാന്തി ഓശാനയിലെ കഥാപാത്രങ്ങളെ അതെ പോലെ പുനം സൃഷ്ടിച്ചു , ഒരു നാച്ചുറൽ ലിങ്ക് ഉണ്ടാക്കിയ ജൂഡിന് പ്രത്യേക അഭിനന്ദനം.

പ്രേക്ഷക പ്രതികരണം: 
ഒരു സാധാരണ കുടുംബ ചിത്രം കാണുന്ന മനസോടെ പോയാൽ ഈ ചിത്രം നിങ്ങളെ രസിപ്പിക്കും. ആക്ഷൻ, ഡാൻസ് ഒന്നും പ്രതീക്ഷിച്ചു ആരും പോകണ്ട..വീട്ടിൽ പ്രായം ആയവർ ഉണ്ടെങ്കിൽ, തീർച്ചയായും അവർക്കൊപ്പം വന്നു തന്നെ ഈ സിനിമ കാണുക,

റേറ്റിങ്: 3 / 5

വാൽകഷ്ണം: 
സിനിമ കണ്ടിട്ട് വീട്ടിൽ പോയി അപ്പൂപ്പനോടും, അമ്മൂമ്മയോടും നഷ്ട പ്രണയത്തിന്റെ കഥ ചോദിച്ചേക്കരുത്...ചിലപ്പോ മൂശേട്ട  കൂടിയേക്കാം...പകരം അവരുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കൂ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി