ഒപ്പം

 Image result for oppam cast



കഥാസാരം:
ജയരാമൻ ജന്മനാ അന്ധൻ ആണ്. അദ്ദേഹം ഒരു അപ്പാർട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയാണ്. അങ്ങനെ ഇരിക്കെ ജയരാമൻ ഒരു കൊലപാതകത്തിന് സാക്ഷി ആകേണ്ടി വരുന്നു. കണ്ണില്ലാത്ത ആള് എങ്ങനെ സാക്ഷിയാകും? പോലീസിന്റെ സംശയം ജയരാമൻ നേരെ നീളുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ജയരാമന്റെ ശ്രമങ്ങൾ ആണ് 'ഒപ്പം' പ്രേക്ഷകന് പകർന്നു നൽകുന്നത്.

സിനിമ അവലോകനം:
പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഒരുപാട് സൂപ്പർ ഹിറ്റുകൾ നൽകിയ ഇവർ, കഴിഞ്ഞ കുറെ നാളായി പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രേക്ഷകന്റെ എല്ലാ നിരാശയും തൂത്തു എറിയുന്ന ചിത്രം ആണ് 'ഒപ്പം'.തുടക്കം മുതൽ തന്നെ പ്രേക്ഷകനെ രസിപ്പിക്കുന്നതിലും, ആകാംഷാഭരിതരാക്കുന്നതിലും ചിത്രം വിജയിച്ചു. ചിത്രത്തിൽ അങ്ങിങ്ങായി ചില വലിച്ചു നീട്ടലുകൾ ഉണ്ടെങ്കിലും, ചിത്രത്തിന്റെ ആകെ രസത്തെ അത് സാരമായി ബാധിക്കുന്നില്ല. ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകനെ നിരാശരാക്കാത്തിടത്തു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് പുനർ ജനിക്കുന്നു.

അഭിനയം, അഭിനേതാക്കൾ:
അന്ധനായി മോഹൻലാൽ 'ഗുരു' എന്ന ചിത്രത്തിൽ കുറച്ചു രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ മുഴുനീളം അന്ധനായി അഭിനയിച്ചു തെളിയിക്കുക എന്നത് ഒരു തികഞ്ഞ വെല്ലു വിളി ആണ്. ആ വെല്ലുവിളി തന്നാൽ കഴിയും വിധം മനോഹരമാക്കിയിട്ടുണ്ട് മോഹൻലാൽ എന്ന അഭിനയ പ്രതിഭ. നെടുമുടി വേണു, മാമുക്കോയ, രഞ്ജി പണിക്കർ , ഇന്നോസ്ന്റ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കിയപ്പോൾ, നായികമാർ നിരാശപ്പെടുത്തി. ബേബി മീനാക്ഷിയുടെ അഭിനയം നന്നായിരുന്നു.

സംഗീതം, സംവിധാനം, സാങ്കേതികം:
ഒപ്പത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. 4 മ്യൂസിക്സ് ആണ് ഒപ്പത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. ഏകാംബരത്തിന്റെ ഛായാഗ്രഹണവും മികവ് പുലർത്തി. പക്ഷെ ചിത്രത്തിന്റെ മുതൽക്കൂട്ട്, പ്രിയദർശൻ എന്ന പരിചയ സമ്പന്നൻ ആയ സംവിധായകന്റെ തികഞ്ഞ കൈയടക്കത്തോട് കൂടിയ സംവിധാനം ആണ്. ഈ തിരക്കഥ മറ്റൊരു ഭാഷയിലെയും സിനിമയിൽ നിന്ന് കോപ്പി അടിച്ചതല്ലെങ്കിൽ, പ്രിയദര്ശന് അഭിമാനിക്കാം മികച്ച ഒരു തിരക്കഥ ഒരുക്കാൻ കഴിഞ്ഞതിൽ.

പ്രേക്ഷക പ്രതികരണം:
പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ചിരി പടം പ്രതീക്ഷിച്ചു വന്നവരെ ചിത്രം നിരാശരാക്കിയേക്കാം. ഇതൊരു പതിവ് കോമഡി - ചിരി പടം അല്ല. ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്ന ഒരു മികച്ച സൃഷ്ടി. നല്ല സിനിമ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും 'ഒപ്പം' ഇഷ്ടം ആകും.

റേറ്റിങ് : 3.5 / 5

വാൽകഷ്ണം: 
മോഹൻലാൽ ഫാൻസ്‌  'ദൃശ്യം ഡാ ' പറഞ്ഞു മടുത്തെങ്കിൽ, ഇനി 'ഒപ്പം ഡാ ' പറഞ്ഞു തുടങ്ങാം.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി