ആൻ മരിയ കലിപ്പിലാണ്


കഥാസാരം:
അപ്പനെ പോലെ 'ലോങ്ങ് ജമ്പിൽ ' ഒരു സ്കൂൾ ലെവൽ  മെഡൽ  വാങ്ങണം എന്നതാണ് കുഞ്ഞു ആനിന്റെ സ്വപ്നം. അവൾ ആ സ്വപ്നത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ യോഗ്യതാ മത്സര ദിവസം ആനിന്റെ ജമ്പ് , പി. ടി സാർ  മനപ്പൂർവം ഫൗൾ വിളിക്കുന്നു. ആൻ മരിയ കലിപ്പിലാകുന്നു. ഒടുവിൽ   പി. ടി സാറിനോട് പ്രതികാരം ചെയ്യാൻ ആൻ ഒരാളുടെ സഹായം തേടുന്നു. ആ ആൾ ആനിന്നെ എങ്ങനെ സഹായിക്കുന്നു എന്നത് നർമത്തിൽ ചാലിച്ച് ഒരുക്കിയ ചിത്രം ആണ്  'ആൻ മരിയ കലിപ്പിലാണ്'.

സിനിമ അവലോകനം:
ഓം ശാന്തി ഓശാന എന്ന അതി മനോഹര തിരക്കഥക്കു ശേഷം വ്യത്യസ്ത തിരക്കഥയുമായി മിഥുൻ മാനുൽ 'ആട് ഒരു ഭീകരജീവി ആണ്' അവതരിപ്പിച്ചപ്പോൾ , തിയറ്ററിൽ അമ്പേ പരാജയമായി മാറി. മറ്റു സംവിധായാകരെ പോലെ ഉടനെ തന്നെ ഒരു മുൻ നിര നായകനെ വെച്ച് സിനിമ പിടിച്ചു ഹിറ്റ് ഉണ്ടാക്കാൻ മിഥുൻ തയ്യാർ ആയില്ല. പകരം ഒരു കൊച്ചു കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തയ്യാർ എടുത്തു. ആ തയ്യാറെടുപ്പിന്റെ ഫലം ' ആൻ മരിയ കലിപ്പിലാണ് ' എന്ന ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അത്ര മനോഹരമായാണ് ഈ കൊച്ചു ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.

അഭിനയം, അഭിനേതാക്കൾ:
'ദൈവതിരുമകൾ ' എന്ന ചിത്രത്തിൽ വിക്രത്തിന്റെ മകളായി വേഷമിട്ടു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ സാറാ അർജുൻ ആണ് ആൻ മരിയയെ അവതരിപ്പിക്കുന്നത്. തനിക്കു ലഭിച്ച വേഷം അതി ഗംഭീരമായി തന്നെ ഈ കൊച്ചു മിടുക്കി അവതരിപ്പിച്ചു. ആൻ മരിയയുടെ സഹായിയുടെ റോളിൽ സണ്ണി വെയ്ൻ മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ നടന്  മലയാള സിനിമയിൽ ഏറെ ദൂരം പിന്നിടാൻ ഉണ്ട് എന്ന് വിളിച്ചോതുന്ന അഭിനയ പ്രകടനം. അജു വര്ഗീസ്  സ്ഥിരം നമ്പറുകളിൽ ഒതുങ്ങി കൂടി. സൈജു കുറുപ്പ് സ്ഥിരം പ്രകടനം കാഴ്ച വെച്ചപ്പോൾ, ഒരിക്കൽ കൂടി പ്രേക്ഷകന്റെ ഉള്ളു നോവിച്ചു വീണ്ടും ഒരു സിദ്ദിഖ് കഥാപാത്രം. ചിത്രത്തിന് മിഴിവ് കൂട്ടി ദുൽഖുർ സൽമാന്റെ അതിഥി വേഷവും നന്നായി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഷാൻ റഹ്‌മാന്റെ  ഈണങ്ങൾ മികച്ച നിലവാരം പുലർത്തി. കുട്ടികളെ രസിപ്പിക്കുന്നതിൽ വല്യ ഒരു പങ്കു തന്നെ ഈ ഈണങ്ങൾ വഹിച്ചു. മിഥുന്റെ സംവിധാന മികവ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ മേന്മ. ഒരു ചെറിയ കഥാതന്തുവിനെ പ്രേക്ഷകന് ഒട്ടും മുഷിച്ചിൽ തോന്നിപ്പിക്കാതെ അവതരിപ്പിച്ച മിഥുൻ ആണ് താരം. മികച്ച തിരക്കഥ ഒരുക്കിയ ജോണിനും, മിഥുനും അഭിനന്ദനങൾ. വിഷ്ണു ശർമയുടെ ക്യാമറയും മികച്ച നിലവാരം പുലർത്തി.

പ്രേക്ഷക പ്രതികരണം:
പ്രേക്ഷകനെ മുഷിപ്പിക്കാതെ, കുടുംബ സമേതം കുട്ടികൾക്കൊപ്പം ധൈര്യമായി പോയി കാണാവുന്ന ഒരു കൊച്ചു ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം: 
ന്യൂ ജനറേഷൻ പിള്ളേര് ഈ പടത്തിന്റെ ഏഴു അയലത്തു പോകണ്ട...ചിലപ്പോ നിങ്ങൾ കലിപ്പിലാകും...

Comments

Popular posts from this blog

ദി പ്രീസ്റ്റ്

മാമാങ്കം

രണം