പ്രേതം


കഥാസാരം:
മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ബീച്ച് റിസോർട് വാങ്ങുന്നു. എന്നാൽ അവർ ഉദ്ദേശിച്ച നിലയിൽ റിസോർട് ബിസിനസ് വളരുന്നില്ല. അങ്ങനെ മൂന്ന് പേരും റിസോർട്ടിൽ തന്നെ സ്ഥിര താമസം ആക്കുന്നു. തുടർന്ന്  അവർ ആ റിസോർട്ടിൽ ചില മായ കാഴ്ചകൾ കാണുകയും, ആരുടെയോ അദൃശ്യ സാന്നിധ്യം തിരിച്ചറിയുകയും ചെയുന്നു. അവർക്കിടയിലേക്ക് മെന്റലിസ്റ് ആയ  ജോൺ ഡോൺ ബോസ്കോ (ജയസൂര്യ) എത്തുന്നു. റിസോർട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഡോൺ ബോസ്കോ ശ്രമിക്കുന്നു. ആ ശ്രമം വിജയം കാണുമോ ഇല്ലയോ  എന്നത്  പ്രേക്ഷകൻ കണ്ടറിയുക.

സിനിമ അവലോകനം :
രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭാശാലിയായ സംവിധായകനിൽ നിന്ന് ജനം ഒരു സാധാരണ പ്രേത സിനിമ പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകന്റെ ഈ വിശ്വാസം ഒരു പരിധി വരെ നില നിറുത്താൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ ഒരു മികച്ച ഹോർറോർ - കോമഡി  ചിത്രം ആണ് പ്രേതം. പ്രേത സിനിമകളിലെ ക്ലിഷേ സീനുകൾ ഒഴിവാക്കിയത് തന്നെയാണ് ചിത്രത്തിന്റെ മുഖമുദ്ര. പക്ഷെ പ്രേക്ഷക മനസ്സിൽ നിറയുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാതെ ഒരു കുറ്റാന്വേഷണ ചിത്രമായി പര്യവസാനിപ്പിച്ചപ്പോൾ ചില പ്രേക്ഷകർക്ക് അത് ദഹിച്ചിട്ടില്ല എന്നത് ഒരു വസ്തുതയായി നില നിൽക്കുന്നു.


അഭിനയം, അഭിനേതാക്കൾ:
മെന്റലിസ്റ് ആയി ജയസൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചു. ജയസൂര്യയുടെ വ്യത്യസ്ത ഗെറ്റ് അപ്പ് തന്നെ പ്രേക്ഷക മനസ്സുകളിൽ സംശയത്തിന്റെയും, ഭീതിയുടെയും അങ്കലാപ്പുകൾ സൃഷ്ടിക്കുന്നു. ജയസൂര്യ ഈ ചിത്രത്തിനായി എടുത്ത കഠിനാദ്ധ്വാനം അഭിനന്ദനം അർഹിക്കുന്നു. മൂന്ന് സുഹൃത്തുക്കളായി വേഷമിട്ട അജു വര്ഗീസ്, ഷെറാഫുദീൻ , ഗോവിന്ദ് പദ്മസൂര്യ തുടങ്ങിയവർ തങ്ങളുടെ റോളുകൾ മോശം ആക്കിയില്ല. ഹരീഷ് പേരാടി, പേർളി , ദേവൻ, ധർമജൻ, വിജയ് ബാബു തുടങ്ങിയവർ മികവ് കാട്ടി.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത ജിത്തു ദാമോദർ പ്രത്യേക പ്രശംസ അർഹിക്കുന്നു. മികച്ച രീതിയിൽ തന്നെ ദൃശ്യവൽക്കരിക്കാൻ  ഉള്ള ജിത്തുവിന്റെ ശ്രമങ്ങൾ ചിത്രത്തിൽ ഉടനീളം കാണാൻ സാധിച്ചു. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനവും ഒരു പരിധി വരെ മികച്ചു നിന്നു. 'മെന്റലിസ്റ് '  എന്ന മലയാളികൾക്ക് അത്ര പരിചയം ഇല്ലാത്ത ഒരു തീം സിനിമ ആക്കാൻ കാണിച്ച രഞ്ജിത്ത് ശങ്കറിന്റെ ചങ്കൂറ്റത്തിനും ഒരു സല്യൂട്ട്. പക്ഷെ തിരക്കഥയിൽ ചില സ്ഥലങ്ങളിൽ കല്ല് കടി അനുഭവപെട്ടതൊഴിച്ചാൽ മികച്ച ഒരു ദൃശ്യാനുഭവം ആണ് 'പ്രേതം.'

പ്രേക്ഷക പ്രതികരണം: 
വ്യത്യസ്തത ആഗ്രഹിക്കുന്ന ഏതൊരു മലയാളി പ്രേക്ഷകനും ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ഹോർറോർ- കോമഡി ചിത്രം.

റേറ്റിങ് : 3 / 5

വാൽകഷ്ണം: 'പ്രേമം' സിനിമ കണ്ടു മിസ്സുമാരെ പ്രേമിക്കാൻ ഇറങ്ങി തിരിച്ചവർ  
                     'പ്രേതം' സിനിമ കണ്ടു മെന്റലിസ്റ് ആകുമോ എന്തോ...?

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി