ഫോറൻസിക്


കഥാസാരം:
നഗരത്തിലെ നൃത്ത വിദ്യാലയത്തിലെ ഒരു കുട്ടിയെ കാണാതാകുന്നു, രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കിട്ടുന്നു. കേസിന്റെ അന്വേഷണ ചുമതല റിതിക IPS  ഏറ്റെടുക്കുന്നു. കേസ് അന്വേഷണത്തിൽ സഹായിക്കാനായി ഫോറൻസിക് വിദഗ്ധൻ ആയ സാം (ടോവിനോ) എത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അടുത്ത കുട്ടിയും കൊല്ലപ്പെടുന്നു. തുടർ കൊലപാതകങ്ങൾ ആയപ്പോൾ,  സീരിയൽ കില്ലെറിനായുള്ള അന്വേഷണം അവിടെ തുടങ്ങുന്നു. 

സിനിമ അവലോകനം:
കണ്ടു പരിചിതമായ ബേസ് പ്ലോട്ട്. 10 വയസിനു  താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുക എന്ന പരമ്പരാഗത രീതി ഈ ചിത്രത്തിലും കാണാം. ഭാഗ്യത്തിന് ഇക്കുറി ബൈബിൾ വാക്യങ്ങളും, ബോഡിയിൽ ചിഹ്നങ്ങളും ഇല്ലാതിരുന്നത് പ്രേക്ഷകന് ആശ്വാസം ആയി. എങ്കിലും ചിത്രത്തിൽ പലരംഗങ്ങളും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായിരുന്നു. ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാം. കാരണം കൂടെ കൂടെ കൊലപാതകിയെ മാറ്റി പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട് ഈ ചിത്രം. മികച്ച ചില ഫോറൻസിക് പരാമർശങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി ത്രില്ലെർ ചിത്രം ആണ് ഫോറൻസിക്. 

അഭിനയം, അഭിനേതാക്കൾ:
ടോവിനോ എന്ന നടന് ഒട്ടും വെല്ലുവിളി ആയിരുന്നില്ല സാം എന്ന കഥാപാത്രം. മംമ്‌തയുടെ റിതിക IPS  മലയാള സിനിമയിലെ ക്ലിഷേ IPS  നായികമാരെ ഓർമിപ്പിച്ചു. സൈജു കുറുപ്പ്, പ്രകാശ് പോത്തൻ, രഞ്ജി പണിക്കർ തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. 

സംഗീതം, സാങ്കേതികം, സംവിധാനം:
ജയ്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. എന്നാൽ ചിത്രത്തിന്റെ തിരക്കഥ, കണ്ടു പഴകിയ ത്രില്ലെർ മൂവിയുടെ ശൈലിയിൽ തന്നെ നിന്നു കറങ്ങി എന്ന വസ്തുത  ഖേദകരം ആണ്. ഫോറൻസിക് ഡിപ്പാർട്മെന്റും, അവരുടെ ജോലിയുടെ രീതികളും ഒക്കെ തികച്ചും കോൺവിൻസിങ് ആയി അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അഖിൽ-അനസ് ടീമിന്റെ സംവിധാന മികവ് ശരാശരിയിൽ ഒതുങ്ങി. 

പ്രേക്ഷക പ്രതികരണം:
ഫോറൻസിക് രീതികൾ കണ്ടു മനസിലാക്കാനുള്ള കൗതകത്തിനു ഒരു വട്ടം കണ്ടിരിക്കാം ഈ ചിത്രം.

റേറ്റിങ്: 3/ 5
വാൽകഷ്ണം:
ഒരു കൊച്ചു പെൺകുട്ടി കൊല്ലപ്പെടുന്നു..നായകൻ എന്തേലും ഒരു ക്ലൂ വെച്ച് ഒരു പോയിന്റ് പറയുന്നു. മേൽ ഉദ്യാഗസ്ഥൻ അത് മുഖവിലയ്ക്ക് എടുക്കാതെ തള്ളി കളയുന്നു, ഒടുവിൽ നായകൻ ശെരിയാണെന്നു മേലുദ്യോഗസ്ഥൻ തിരിച്ചറിയുന്നു..അവർ ഇരുവരും ഒരുമിച്ചു വില്ലനെ നേരിടുന്നു...അവസാനം തട്ടിക്കൊണ്ടു പോകുന്ന കുട്ടി നായകന് പരിചയം ഉള്ള കുട്ടി ആവണം. ആ കുട്ടി രക്ഷിക്കപെടുകയും വേണം. ആഹാ...ഫ്രഷ്...ഫ്രഷേയ്....

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി