വരനെ ആവശ്യമുണ്ട്


കഥാസാരം:
ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും  സ്നേഹവും ആണ് ചിത്രത്തിന്റെ ബേസ് പ്ലോട്ട്. ഈ സൗഹൃദങ്ങൾ വളരുമ്പോൾ, ഓരോരുത്തരുടെയും കുടുംബങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രം.

സിനിമ അവലോകനം:
കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് 'വരനെ ആവശ്യമുണ്ട്'. സുരേഷ് ഗോപിയുടെയും ശോഭനയുടെയും വര്ഷങ്ങള്ക്കു ശേഷം ഉള്ള മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് അവരിരുവരും അതിഗംഭീരം ആക്കി. മലയാള സിനിമ ആസ്വാദകർക്ക് കണ്ടു പരിചിതമായ കുടുംബ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും പുതുമ നിറഞ്ഞ ഒരു എലമെന്റ് ഉള്ളതാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കെട്ടുറപ്പുള്ള തിരക്കഥയെക്കാൾ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് അഭിനേതാക്കളുടെ മത്സരിച്ചുള്ള  അഭിനയ പ്രകടനങ്ങൾ ആണ്. അതിഗംഭീര ചിത്രം ഒന്നും അല്ലായെങ്കിൽ കൂടി പ്രേക്ഷകന്റെ  മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതിൽ സംശയം ഇല്ല.

അഭിനയം,അഭിനേതാക്കൾ:
സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചു വരവ്- അതും ഇതുവരെ കണ്ടു പരിചിതം അല്ലാത്ത അതി ഗംഭീര മാനറിസങ്ങളിലൂടെ . എത്ര അനായാസേനെയാണ് അദ്ദേഹം ഈ ചിത്രത്തിലെ ക്യാരക്റ്റർ ട്രാന്സിഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ശോഭന എന്ന അഭിനേത്രിയുടെ ഗ്രേസ് മാത്രം മതി പ്രേക്ഷകന്റെ ഉള്ളു നിറയാൻ. കല്യാണി പ്രിയദർശൻ എന്ന നായികയുടെ അതി ഗംഭീര അരങ്ങേറ്റം. ചില രംഗങ്ങൾ ഒക്കെ തികഞ്ഞ കയ്യടക്കത്തോടെ കല്യാണി അവതരിപ്പിച്ചു. നല്ല ചാർമിങ് ക്യാരക്റ്ററായി ദുൽഖുറും നിറഞ്ഞാടി. പക്ഷെ പ്രേക്ഷകനെ ചിരിയുടെ ലോകത്തേക്ക് എടുത്തു അമ്മാനം ആടിയതു ജോണി ആന്റണി ആണ്. കെ പി എ സി ലളിതയുടെ നല്ല  എനെർജിറ്റിക് പെർഫോമൻസ്. ഉർവശിയുടെ അസാധ്യമായ അഭിനയ മുഹൂർത്തങ്ങൾ. ഇങ്ങനെ ഓരോരുത്തരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

സംഗീതം, സാങ്കേതികം, സംവിധാനം:
അനൂപ് സത്യന്റെ കൈയടക്കം നിറഞ്ഞ സംവിധാനവും, മികച്ച കാസ്റ്റിംഗും ആണ് ചിത്രത്തിനെ വ്യത്യസ്തം ആക്കുന്നത്. അൽഫോൻസ് ജോസഫ് ഈണമിട്ട ഹൃദയഹാരിയായ ഗാനങ്ങൾ ചിത്രത്തിന് മാറ്റു കൂട്ടുന്നു. മികച്ച സിനിമാട്ടോഗ്രഫി ആണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്.

പ്രേക്ഷക പ്രതികരണം:
ഏറെ നാളുകൾക്കു ശേഷം കണ്ട മികച്ചൊരു കുടുംബ ചിത്രം.

റേറ്റിങ്: 3.5 / 5

വാൽകഷ്ണം:
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലാലോ..."സത്യൻ അന്തിക്കാടിന്റെ എല്ലാ ചേരുവകളും നിറഞ്ഞ ഒരു അനൂപ് സത്യൻ ചിത്രം".


---പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി