ആദ്യരാത്രി



കഥാസാരം:
മനോഹരൻ(ബിജു മേനോൻ) ചില പ്രതേക സാഹചര്യങ്ങളിൽ ബ്രോക്കെർ ആകേണ്ടി വരുന്ന ആളാണ്. മനോഹരൻ പറയുന്ന കല്യാണങ്ങൾ മാത്രമേ നാട്ടിൽ നടക്കൂ. ആരെങ്കിലും പ്രേമിക്കുകയോ, ഒളിച്ചോടുകയോ  ചെയ്യാൻ ശ്രമിച്ചാൽ മനോഹരൻ അത് തടുക്കും. അങ്ങനെ ഇരിക്കെ മനോഹരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒരു കല്യാണ ആലോചന നാട്ടിൽ നടക്കുന്നു. അതിൽ മനോഹരൻ ഇടപെടുന്നതും കുഴഞ്ഞു മറിയുന്നതും അവസാനം  ഊരിപ്പോരുന്നതും ഒക്കെയാണ് 'ആദ്യ രാത്രി'.

സിനിമ അവലോകനം:
വെള്ളിമൂങ്ങ, മുന്തരിവള്ളികൾ തളിർക്കുമ്പോൾ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ദുരന്ത ചിത്രം ആണ് ആദ്യരാത്രി. കോമെടിക്കായി സന്ദർഭങ്ങൾ കുത്തിനിറച്ചു,  തൊണ്ണൂറുകളിൽ മലയാള സിനിമ കണ്ടു മറന്ന പുതുമ നിറഞ്ഞ കഥയുമായി ആദ്യ രാത്രി  പ്രേക്ഷകന് നേരെ കൊഞ്ഞനം കുത്തുന്നു. ചിത്രം വെറും രണ്ടു മണിക്കൂർ മാത്രമേ ഉള്ളുവെങ്കിലും, പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക അളക്കുന്നു ഈ ചിത്രം.  അഞ്ചു മിനുട്ടിൽ പറയാവുന്ന സന്ദേശം ഇങ്ങനെ വലിച്ചു നീട്ടി പറയണമായിരുന്നോ എന്ന ചോദ്യം പ്രേക്ഷക മനസ്സിൽ ഉയർന്നാൽ കുറ്റം പറയാൻ ആവില്ല.

അഭിനയം, അഭിനേതാക്കൾ:
ചിത്രത്തിലെ ഏറ്റവും മോശം കാസ്റ്റിംഗും, ഏറ്റവും മോശം അഭിനയവും അനശ്വര രാജന്റെ നായിക വേഷം ആണ്. തീർത്തും ഓവർ ആക്ടിങ് ആയിരുന്നു അനശ്വര. "ഈ കുട്ടി ആണോ 'തണ്ണീർമത്തൻ ദിനങ്ങളിൽ' നന്നായി അഭിനയിച്ചതു ?" എന്ന് തോന്നിപോകും . ബിജു മേനോന്റെ റോൾ അദ്ദേഹം നന്നായി കൈകാര്യം ചെയ്തു. അജു വര്ഗീസ് , വിജയരാഘവൻ ഒക്കെ തങ്ങളുടെ റോളുകൾ ഭംഗിയാക്കാൻ ശ്രമിച്ചുവെങ്കിലും, ചിത്രത്തിൽ മൊത്തത്തിൽ അഭിനേതാക്കൾ എല്ലാം തന്നെ ഓവർ ആക്ടിങ് ആയിരുന്നു. 

സംഗീതം,സാങ്കേതികം,സംവിധാനം:
തീർത്തും മോശം തിരക്കഥയും, അതിലും ദയനീയമായ   സംവിധാനവും  ആണ്  ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. ബാഹുബലി മോഡൽ സോങ് മാത്രമാണ്  ചിത്രത്തിൽ നന്നായി തോന്നിയത്. അതിന്റെ സെറ്റ് ഒരുക്കിയ കലാസംവിധായകൻ  അഭിനന്ദനം അർഹിക്കുന്നു. 

പ്രേക്ഷക പ്രതികരണം:
വളിപ്പ് കോമെടികളും , ചളികളും ഇഷ്ടപ്പെടുന്നവർക്ക് കാണാം..അല്ലാത്തവർക്ക് വധം ആണ് ഈ 'ആദ്യരാത്രി'.

റേറ്റിങ്: 2 / 5

വാൽകഷ്ണം:
ഞാൻ ഈ സിനിമ കണ്ട തിയറ്ററിൽ ഒരു 50 പടം എങ്കിലും കണ്ടിട്ടുണ്ടെങ്കിലും,  ഈ സിനിമ കണ്ടപ്പോഴാണ് തിയറ്ററിൽ പതിനാറു ഫാൻ ഉണ്ടെന്നും, രണ്ടു എക്സിറ് ഡോർ ഉണ്ടെന്നും, 418 സീറ്റ് ഉണ്ടെന്നും അറിഞ്ഞത്.

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി