ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന


കഥാസാരം:
ഇട്ടിമാത്തന്റെ മകനായി ചൈനയിൽ ജനിക്കുന്ന ഇട്ടിമാണി (മോഹൻലാൽ) ചെറുപ്പത്തിൽ കേരളത്തിൽ എത്തുന്നു. അപ്പന്റെ മരണത്തോടെ അമ്മച്ചിക്ക് (കെ പി എ സി ലളിത) കൂട്ടായി സ്നേഹസമ്പന്നൻ ആയ മകൻ ആയി ഇട്ടിമാണി ഉണ്ട്. എന്തിനും ഏതിനും കമ്മിഷൻ വാങ്ങുന്ന ഇട്ടിമാണി, ഒരു പ്രത്യേക സാഹചര്യത്തിൽ കമ്മിഷൻ പോലും വാങ്ങാതെ ആരും ചെയ്യാത്ത ഒരു ജോലി ചെയുന്നു. അവിടുന്ന് തുടങ്ങുന്നു ഇട്ടിമാണിയുടെ രസങ്ങൾ.

സിനിമ അവലോകനം:
വൃദ്ധരായ മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കളുടെ ഒരുപാട് കഥകൾ മലയാള സിനിമകളിൽ വന്നിട്ടുണ്ട്. അമ്മക്കിളികൂട്, മനസ്സിനക്കരെ, രാപ്പകൽ ഒക്കെ അതിന്റെ വകഭേദങ്ങൾ ആണ്. എന്നാൽ പിന്നെ ഈ തീം ഇത്തിരി പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാമെന്നു കരുതിയാണ് സംവിധായകൻ 'ഇട്ടിമാണി' എന്ന സാഹസത്തിനു ഇറങ്ങി തിരിച്ചത്. അശ്ളീല ഡയലോഗുകൾ ധര്മജനെ കൊണ്ട് പറയിപ്പിക്കുന്നതിൽ സംവിധായകൻ ആനന്ദം കണ്ടെത്തുന്നു. ദ്വയാർത്ഥ  പ്രയോഗങ്ങളുടെയും, ചേഷ്ടകളുടെയും ഇടയിലൂടെ ഒരു സീരിയസ് തീം പറയാൻ അണിയറപ്രവർത്തകർ ശ്രമിച്ചപ്പോൾ,പ്രേക്ഷകന് ഈ കോമഡി സിനിമ ട്രാജഡി ആയി മാറി. സീരിയൽ നിലവാരത്തിലുള്ള കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടം ആകും. 

അഭിനയം, അഭിനേതാക്കൾ:
മോഹൻലാൽ എന്ന നടനവിസ്മയത്തെ കൊണ്ട് ഇത്തരം കോമാളി വേഷം കെട്ടിക്കുന്നത് എന്തിനാണാവോ? തന്റെ സ്വതസിദ്ധമായ ചിരിയുടെയും, കുസൃതി നിറഞ്ഞ നോട്ടങ്ങളിലൂടെയും  അദ്ദേഹം പ്രേക്ഷകനെ കൈയിൽ എടുത്തു.  സിദ്ദിഖ് - മോഹൻലാൽ കോമഡി കെമിസ്ട്രി നന്നായിരുന്നു. ഹരീഷ് കണാരൻ, അജു വര്ഗീസ്, തുടങ്ങിയവരുടെ കോമെടികൾ  വാട്സാപ്പ് ചളികളിൽ ഒതുങ്ങി. വിനു മോഹൻ, കൈലാസ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. 

സംഗീതം,സാങ്കേതികം,സംവിധാനം:
രണ്ടു മണിക്കൂറിൽ പറഞ്ഞു പോകേണ്ട ഈ കഥയെ വലിച്ചു നീട്ടി പരത്തി പ്രേക്ഷകനെ മുഷിപ്പിച്ച സംവിധായകർക്ക് (ജിബി ജോജു ) സ്പെഷ്യൽ സല്യൂട്ട്. കൈലാസിന്റെ സംഗീതം ശരാശരിയിൽ ഒതുങ്ങി. കെട്ടുറപ്പില്ലാത്ത തിരക്കഥയും, അനാവശ്യമായി  കുത്തി നിറച്ച ഹാസ്യവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. 

പ്രേക്ഷക പ്രതികരണം:

മോഹൻലാലിന്റെ കുസൃതി ചിരിയും, നോട്ടവും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമാകുമീ ചിത്രം. അല്ലാത്തവർ ചിലപ്പോ മൂന്ന് മണിക്കൂർ വാച്ച് നോക്കി ഇരിക്കേണ്ടി വന്നേക്കാം. 

റേറ്റിങ്: 2.5  / 5

വാൽകഷ്ണം:
ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതും മുൻപേ ആ 'മനസ്സിനക്കരെ ' സിനിമ വൃത്തിക്ക് കണ്ടിരുന്നേൽ, ഈ പാതകം പ്രേക്ഷകനോട്  ചെയ്യാൻ അദ്ദേഹത്തിന് മനസ്സ് വരില്ലായിരുന്നു. 

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി