മാർക്കോണി മത്തായി



കഥാസാരം:
മത്തായി (ജയറാം) ഒരു ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആണ്. അവിടെ തൂപ്പുകാരിയായി എത്തുന്ന അന്നയോടു (ആത്മീയ ) മത്തായിക്ക് പ്രണയം തോന്നുന്നു. അവർക്കിടയിലെ പ്രണയം വഴിമുട്ടുമ്പോൾ, സാക്ഷാൽ വിജയ് സേതുപതി എന്ന തെന്നിത്യൻ സിനിമ താരം അവർക്കിടയിൽ ആകസ്മികമായി എത്തിപ്പെടുന്നു. അവരുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

സിനിമ അവലോകനം:
വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം ആണ് മാർക്കോണി മത്തായി. ചിത്രത്തിന്റെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരു സിമ്പിൾ ലവ് സ്റ്റോറി ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചില നുറുങ്ങു തമാശകളും, സെന്റിമെന്റൽ സീനുകളും, ഒത്തിരി പ്രണയവും ഒക്കെ ചേർത്തൊരുക്കിയ ഒരു ചെറിയ എന്റെർറ്റൈനെർ.  ചിത്രത്തിൽ ഫാന്റസി കുത്തി തിരുകാൻ ശ്രമിച്ചത്  പ്രേക്ഷകന് കല്ല് കടിയായി . പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുറെ രംഗങ്ങൾ ഈ ചിത്രത്തിൽ അനാവശ്യമായി കുത്തി നിറച്ചിട്ടുണ്ട്. (ഉദാഹരണം: പച്ചക്കറി വാങ്ങാൻ കളര്ഫുള് സൈക്കിൾ റിക്ഷ )

അഭിനയം, അഭിനേതാക്കൾ:
മാർക്കോണിയായി ജയറാം സ്‌ക്രീനിൽ നിറഞ്ഞാടി. സെന്റിമെൻസ് സീനുകളിൽ ഒക്കെ ആ ക്ലാസിക് ജയറാം ശൈലി നിറഞ്ഞു നിന്നു. വിജയ് സേതുപതി തന്റെ റോൾ മികച്ചതാക്കി. കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസും ഡയലോഗുകളും ഗംഭീരം ആയിരുന്നു. അന്നയായി ആത്മീയ അഭിനയിച്ചു തകർത്തു.  അജു വര്ഗീസ്, നരേൻ തുടങ്ങിയവർ  തങ്ങളുടെ ഗസ്റ്റ് റോളുകൾ ഭംഗിയാക്കി. ടിനി ടോം, പ്രജോദ് , ജോയ് മാത്യു ,അലെൻസിയെർ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വെച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
എം . ജയചന്ദ്രൻ ഈണം ഇട്ട ശ്രവണ സുന്ദരമായ ആറു ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഓരോ പാട്ടും സിനിമയുടെ മൂഡിനോട് ഇഴുകി ചേർന്നിരുന്നു. സനൽ എന്ന സംവിധായകൻ ശരാശരി തിരക്കഥയെ തന്നാൽ കഴിയും വിധം നന്നാക്കാൻ ശ്രമിച്ചെങ്കിലും, അങ്ങിങ്ങു പാളി പോയി. മികച്ച വിഷ്വൽസ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. തീർത്തും മോശമായ എഡിറ്റിംഗ് ആണ് ഈ ചിത്രത്തെ പിന്നോട്ട് വലിക്കുന്ന വലിയ ഒരു ഘടകം, അങ്ങിങ്ങു കുറെ സെൻസ് ചേർത്ത് വെച്ചത് പോലെ പ്രേക്ഷകന് അനുഭവപ്പെട്ടത് ഈ എഡിറ്റിങ്ങിലെ പോരായ്മ കൊണ്ടാണ്. ഒരു സീനിൽ നിന്നു അടുത്ത സീനിലേക്കു ഒരു സിങ്ക് നിലനിർത്താൻ എഡിറ്റർക്ക് കഴിഞ്ഞില്ല.

പ്രേക്ഷക പ്രതികരണം:
ഒരു സിമ്പിൾ  പ്രണയ കഥ....അങ്ങിങ്ങു ഇഷ്ടപെടുന്ന ചില നല്ല മുഹൂർത്തങ്ങൾ..പക്ഷെ എവിടെയൊക്കെയോ ചില പൊരുത്തക്കേടുകൾ  ഉള്ള ഒരു ചിത്രം.

റേറ്റിങ്: 2.5  / 5

വാൽകഷ്ണം: 
ഫിലിം സ്കൂളിൽ എന്തോ പ്രൊജക്റ്റ് ചെയുന്ന ലാഘവത്തോടെയാണെന്നു തോന്നുന്നു സംവിധായകനും, തിരക്കഥാകൃത്തും , മഹാനായ എഡിറ്ററും ഈ ചിത്രം ഒരുക്കിയത്. 

--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി