വിജയ് സൂപ്പറും പൗർണ്ണമിയും



കഥാസാരം:
വിജയ് പൗർണ്ണമിയെ പെണ്ണ് കാണാൻ ചെല്ലുന്നു. നമ്മൾ തമ്മിൽ ചേരില്ല എന്ന് പൗർണമി ആദ്യം തന്നെ പറയുന്നു..അവർ മാറി നിന്ന് സംസാരിച്ചിരുന്ന റൂമിന്റെ ഡോർ ലോക്ക്  ജാം ആകുന്നു. അവർ മണിക്കൂറുകളോളം ആ റൂമിൽ പലതും സംസാരിച്ചിരിക്കുന്നു. അവർ ഇരുവരുടെയും സ്വപ്‌നങ്ങൾ ഒന്നാണെന്ന് തിരിച്ചറിയുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
ബൈസൈക്കിൾ തീവ്സ് , സൺ‌ഡേ ഹോളിഡേ എന്നീ മികച്ച ഫീൽ ഗുഡ് സിനിമകൾക്കു ശേഷം ജിസ് ജോയ് എന്ന സംവിധായകനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ്  'വിജയ് സൂപ്പറും പൗർണ്ണമിയും'. പതിവ് ഇക്കുറിയും തെറ്റിച്ചില്ല. മികച്ച ഒരു ഫീൽ ഗുഡ് സിനിമ. പ്രേക്ഷകനെ മുഷിപ്പിക്കാതെ, അതി ഗംഭീര ട്വിസ്റ്റുകളോ സസ്പെൻസുകളോ ഒന്നും ഒരുക്കാതെ, പ്രേക്ഷകന്റെ മനസ്സ് നിറക്കുന്നു ഈ ചിത്രം. മികച്ച ഗാനങ്ങളും വിഷ്വലുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

അഭിനയം, അഭിനേതാക്കൾ:
ഐശ്വര്യ ലക്ഷ്മി ആണ് ഈ ചിത്രത്തിലെ യഥാർത്ഥ താരം. പൗര്ണമിയുടെ വേഷം വളരെ നന്നായി തന്നെ അവർ അവതരിപ്പിച്ചു. വിജയ് എന്ന നായക റോളിലൂടെ  ആസിഫ് അലി തന്റെ പതിവ് മാനറിസങ്ങളും ഭാവങ്ങളും പൊടി തട്ടി എടുത്തു. ബാലുവര്ഗീസ് , സിദ്ദിഖ്, KPAC ലളിത , ദേവൻ, ശാന്തി കൃഷ്ണ  തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ന്യൂ ജനറേഷൻ 'ലാലു അലക്സ് ഡാഡി ' റോളിൽ രഞ്ജി പണിക്കർ തിളങ്ങി. അജുവര്ഗീസിന്റെ റോളും നന്നായി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഒരു ശരാശരി കഥയെ പ്രേക്ഷകന് ഇഷ്ടം ആകും വിധം അവതരിപ്പിക്കാൻ കഴിയുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യം ആണ്. ആ ദൗത്യത്തിൽ നൂറു ശതമാനം വിജയിക്കാൻ ജിസ് ജോയ് എന്ന സംവിധായകന് കഴിഞ്ഞു. 'പെല്ലി ചുപ്പല്ലൂ' എന്ന തെലുഗ് ചിത്രത്തിന്റെ റീമേക്ക്  ആണെങ്കിൽ കൂടി മലയാളികൾക്ക് ഇഷ്ടം ആകും വിധം അവതരിപ്പിച്ചിട്ടുണ്ട്. പ്രിൻസിന്റെ ഈണങ്ങൾ ഒക്കെ തന്നെ പ്രേക്ഷക പ്രീതിയാര്ജിച്ചു. മികച്ച വിഷ്വലുകൾ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ രണദിവിനു അഭിനന്ദനങൾ.

പ്രേക്ഷക പ്രതികരണം:
കുടുംബ സമേതം പോയി കാണാവുന്ന ഒരു ക്ലീൻ ഫീൽ ഗുഡ് മൂവി. യൂത്തിനും ഫാമിലിക്കും ഒരുപോലെ ഇഷ്ടം ആകുന്ന കൊച്ചു ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
മലയാള സിനിമയിലെ ഫീൽ ഗുഡ് സിനിമകളുടെ കൊടേഷൻ ആസിഫ് അലി മൊത്തമായി അങ്ങ് ഏറ്റെടുത്തെന്നു തോന്നുന്നു...!!
 
--പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി