കായംകുളം കൊച്ചുണ്ണി



കഥാസാരം:
കായംകുളം ദേശത്തെ വിറപ്പിച്ച പ്രശസ്ത കള്ളനായ കൊച്ചുണ്ണിയുടെ (നിവിൻ പോളി) കഥ പറയുന്ന ചിത്രത്തിൽ ഇത്തിക്കര പക്കി (മോഹൻലാൽ) കൂടി എത്തുന്നതോടെ കഥ മാറുന്നു.

സിനിമ അവലോകനം:
റോഷൻ ആൻഡ്രൂസ്  - ബോബി - സഞ്ജയ്  - മോഹൻലാൽ - നിവിൻ പോളി തുടങ്ങിയ വമ്പന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകന് പ്രതീക്ഷ കൂടും. എന്നാൽ പ്രേക്ഷകന്റെ പ്രതീക്ഷയെ അത്ര കണ്ടു ത്രിപ്തിപെടുത്താനായില്ല ഈ ചിത്രത്തിന് എന്നത് ഖേദകരമായ വസ്തുതയാണ്. കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ഏറ്റവും വല്യ പ്രത്യേകത അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധി ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അത്തരം ബുദ്ധി കൂർമതയോടെ   നടത്തുന്ന ഒരു മോഷണ രംഗം പോലും ഇല്ല എന്നത് നിരാശാജനകം ആയി. മോഹൻലാൽ എന്ന നടന്റെ പ്രകടനം , അതിഗംഭീര പശ്ചാത്തല സംഗീതം, ചില കിടിലൻ വിഷ്വൽ  ഫ്രെയിംസ് എന്നിവ ഒഴിച്ച് നിർത്തിയാൽ തീർത്തും ശരാശരി പടം ആണ് കായംകുളം കൊച്ചുണ്ണി. തുടക്കത്തിലേ ഐറ്റം സോങ്ങും, പോത്തിനെ ഓടിക്കുന്ന രംഗത്തിലും, ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിലും ഒക്കെ എവിടെയോ സംവിധായകനെ  'ബാഹുബലി 'സിനിമ സ്വാധീനിച്ചതായി തോന്നി. ചരിത്രം ഒഴിച്ച് നിർത്തി കച്ചവട കണ്ണിൽ മാത്രം ഒരുക്കിയെടുത്ത ഒരുചിത്രം ആണ് 'കായംകുളം കൊച്ചുണ്ണി'.

അഭിനയം, അഭിനേതാക്കൾ:
കൊച്ചുണ്ണി എന്ന വേഷം തന്നാൽ കഴിയും വിധം ഒക്കെ നന്നാക്കാൻ നിവിൻ പോളി ശ്രമിച്ചുവെങ്കിലും, തുടക്ക രംഗങ്ങളിൽ ഒക്കെ ആ ചോക്ലേറ്റ് ബോയ് കടന്നു വന്നു. ആക്ഷൻ രംഗങ്ങളിലെയും, സീരിയസ് രംഗങ്ങളിലെയും നിവിൻ പോളിയുടെ ഭാവ പ്രകടനങ്ങൾ പലപ്പോഴും കല്ലുകടിയായി. എന്നാൽ ഇത്തിക്കര പക്കിയുടെ റോളിൽ എത്തിയ മോഹൻലാൽ തന്റെ വ്യത്യസ്ത മാനറിസങ്ങൾ കൊണ്ട് പ്രേക്ഷകനെ ആനന്ദ ലഹരിയിൽ എത്തിച്ചു. സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയവർ തങ്ങളുടെ റോളുകൾ അതി ഗംഭീരം ആക്കി. ജാനകിയുടെ റോളിൽ പ്രിയ തിളങ്ങി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ആണ് ചിത്രത്തിൽ സാങ്കേതിക വിഭാഗത്തിൽ മികച്ചു നിന്നതു. ആവശ്യത്തിനും അനാവശ്യത്തിനും തിരുകി കയറ്റിയ ഗാനങ്ങൾ പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിച്ചു. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ കൈയൊപ്പ് ചില രംഗങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും, ചിത്രത്തിൽ അങ്ങിങ്ങായി കണ്ടിന്യൂയിറ്റി മിസ് ചെയ്തത് കല്ലുകടിയായി. ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ ബോബി -സഞ്ജയ് റിസർച്ച് നടത്തി എഴുതി ഒരുക്കിയ രണ്ടാം കിട തിരക്കഥയാണ്. കൊച്ചുണ്ണി എന്ന കള്ളൻ പ്രേക്ഷകന്റെ മനസ്സിൽ ചേക്കേറി തിയറ്ററിനു വെളിയിലേക്കു എത്താഞ്ഞത്, എഴുത്തിന്റെ പോരായ്മയാണ്. യാഥാർഥ്യം പൂഴ്ത്തി വെച്ച്, വാണിജ്യ കണ്ണിൽ ഒരുക്കിയ ഈ ചിത്രം കൊച്ചുണ്ണിയുടെ കഥകൾ അറിയുന്നവർക്ക് ദഹിച്ചേക്കില്ല.

പ്രേക്ഷക പ്രതികരണം:
മാസ്സ് കാണാൻ വേണ്ടി മാത്രം  ഒരു വട്ടം കാണാം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
മോഹൻലാൽ എന്ന നടൻ ഈ പടത്തിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഈ പടം ഒരു പക്ഷെ വൻ പരാജയം ആയി മാറിയേനെ ...!!

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി