മന്ദാരം



കഥാസാരം:
രാജേഷ് (ആസിഫ് അലി) എന്ന യുവാവിന്റെ ജീവിതത്തിലെ പ്രണയ നൈരാശ്യ പരമ്പരയും, തുടർന്ന് അദ്ദേഹം ജീവിതത്തിൽ യഥാർത്ഥ പ്രണയം തിരിച്ചറിയുന്നതും ആണ് മന്ദാരത്തിന്റെ അകെ തുക.

സിനിമ വിശകലനം :
തീർത്തും എല്ലാവര്ക്കും പരിചിതമായ പ്രണയത്തിന്റെയും, പ്രണയ നൊമ്പരത്തിന്റെയും, തേപ്പിന്റെയും ഒക്കെ കഥ. എങ്കിലും ബൈക്ക് ഓടിക്കുന്ന നായിക, കള്ളു കുടിക്കുന്ന നായിക തുടങ്ങിയ ന്യൂ ജെൻ ഐറ്റംസും ചിത്രത്തിൽ വാരി വിതറിയിട്ടുണ്ട്.  ഹിന്ദി സിനിമകളും, തമിഴ് സിനിമകളും ഒക്കെ കോപ്പി അടിച്ചു റൊമാൻസ് രംഗങ്ങളിലെ സർപ്രൈസ് എലെമെന്റ്സും ഗിഫ്റ്റുകളും ഒക്കെ കാണിക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സംവിധായകനോട് തികഞ്ഞ പുച്ഛം ആണ് തോന്നുന്നത്.  എങ്കിലും തേപ്പു കിട്ടിയ ആൺപിള്ളേരെ മോട്ടിവേറ്റ് ചെയ്യിക്കാനുള്ള ചില രംഗങ്ങൾ ഒക്കെ ചിത്രത്തിന്റെ പൊലിമ കൂട്ടുന്നു. തീർത്തും കേരളത്തിൽ കാണിക്കാവുന്ന ആദ്യ പകുതിയേ, വെറുതെ ഒരു ചേഞ്ച് കാണിക്കാനായി ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് സംവിധായകൻ പറിച്ചു നട്ടിട്ടുണ്ട്.

അഭിനയം, അഭിനേതാക്കൾ:
രാജേഷ് എന്ന യുവാവിന്റെ വ്യത്യസ്ത പ്രണയ നൊമ്പരങ്ങൾ ആസിഫ് അലി മികവോടെ അവതരിപ്പിച്ചുവെങ്കിലും, ക്ലൈമാക്സ് രംഗത്തിനു മുന്നേ ഉള്ള കരച്ചിൽ രംഗത്തിൽ കൂവൽ നേടി. ചാരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  വർഷ എന്ന നായികയുടെ അഭിനയം തീർത്തും അസഹനീയം ആയിരുന്നു എന്ന് പറയാതെ വയ്യ. ഇത്രെയും മോശം കാസ്റ്റിംഗ് അടുത്തെങ്ങും വേറെ ചിത്രങ്ങളിൽ കണ്ടിട്ടില്ല. പക്ഷെ രണ്ടാമത്തെ നായികയുടെ വേഷം ചെയ്ത അനാർക്കലി, തന്റെ റോൾ മികച്ച തന്മയത്വത്തോടെ, അതിഗംഭീരമായി തന്നെ അവതരിപ്പിച്ചു. ഏറെ നാളുകൾക്കു ശേഷം ഗണേഷ് കുമാറിന്റെ ഒരു മികച്ച വേഷം കാണാനായി. കൂട്ടുകാരുടെ റോളിൽ എത്തിയ ജേക്കബ് ഗ്രിഗോറിയും , അർജുൻ അശോകനും മികവ് പുലർത്തി.

സംഗീതം, സാങ്കേതികം, സംവിധാനം:
വിജേഷ് വിജയ് എന്ന സംവിധായകന്റെ ആദ്യ ചിത്രത്തിൽ യാതൊരു പുതുമയും കാണാൻ കഴിഞ്ഞില്ല എന്നത് പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. നല്ല ഗാനങ്ങളോ, പുതുമ നിറഞ്ഞ സംഭാഷണ ശകലങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു ശരാശരി പൈങ്കിളി പ്രണയ കഥ. പശ്ചാത്തല സംഗീതം മാത്രമാണ് ചിത്രത്തിൽ തമ്മിൽ ഭേദമായി തോന്നിയത്. സാങ്കേതികമായി യാതൊരു മേന്മയോ പുതുമയോ ഒന്നും ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല എന്നത് പ്രേക്ഷകന് നിരാശയായി.

പ്രേക്ഷക പ്രതികരണം:
തേപ്പു കിട്ടിയവർക്കും, തേപ്പു പടങ്ങൾ ഇഷ്ടപെടുന്നവർക്കും ഇഷ്ടപ്പെട്ടേയ്ക്കാം...അല്ലാത്തവർക്ക് ഇത് അറുബോറൻ ചിത്രം.

റേറ്റിങ്: 2 / 5

വാൽകഷ്ണം:
ഭാവിയിലെ ഒരു പി എസ് സി ചോദ്യം:
മലയാള സിനിമയിൽ ഏറ്റവും കൂടുതൽതേപ്പ് കിട്ടിയ നായകനായി അഭിനയിച്ച നടൻ ആര്?
ഉത്തരം: ചാർമിങ് സ്റ്റാർ ആസിഫ് അലി.
--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി