ഇബ്‌ലീസ്



കഥാസാരം:
ഒരു ഉൾപ്രദേശൻ ഗ്രാമം. അവിടെ വ്യത്യസ്തമായ ജീവിത രീതികളും ദിനചര്യകളും പാലിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. കൂടെ കൂടെ ആ നാട്ടിലെ ആളുകൾ മരിക്കുന്നു. ഒരാളുടെ മരണ ശേഷം എന്തായിരിക്കും സംഭവിക്കുക എന്ന വൈശാഖന്റെ(ആസിഫ് അലി) സംശയങ്ങൾക്കുള്ള മറുപടിയാണ് ഇബിലീസ് എന്ന ചിത്രം.

സിനിമ അവലോകനം:
മലയാള സിനിമയിൽ കണ്ടുപരിചിതം അല്ലാത്ത പുതുമയുള്ള പ്രമേയം. വ്യത്യസ്തമായ അവതരണ  ശൈലി കൊണ്ടും, കഥാ പശ്ചാത്തലം കൊണ്ടും സിനിമ പ്രേക്ഷകന് നവ്യാനുഭവം ആയി തീരുന്നു. ചില നേരങ്ങളിൽ ചിരിപ്പിച്ചും, ചിലപ്പോൾ നൊമ്പരപ്പെടുത്തിയും, മറ്റു ചിലപ്പോൾ ചിന്തിപ്പിച്ചും കടന്നു പോകുന്ന ചിത്രം. ആദ്യ പകുതിയേക്കാൾ മികച്ചത് രണ്ടാം പകുതി തന്നെ. ഈ ചിത്രം എല്ലാവര്ക്കും ദഹിക്കുന്ന ഒന്നല്ല;പക്ഷെ പുതുമകൾ ഇഷ്ടപെടുന്ന, അല്പം ഫാന്റസി ഇഷ്ടപെടുന്ന  ഏതൊരാൾക്കും  കണ്ടിരിക്കാവുന്ന ചിത്രം ആണ് 'ഇബ്‌ലീസ് '.

അഭിനയം, അഭിനേതാക്കൾ:
ആസിഫ് അലി എന്ന നടൻ അഭിനയത്തിൽ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. പുതുമ നിറഞ്ഞ വേഷവിധാനങ്ങളാലും, രൂപഭാവങ്ങളാലും വൈശാഖനായി ആസിഫ് അലി സ്‌ക്രീനിൽ നിറഞ്ഞാടി. മുത്തശ്ശന്റെ വേഷത്തിൽ ലാൽ മികവ് പുലർത്തി. പ്രേമം സിനിമക്ക് ശേഷം മഡോണ എന്ന നടിയുടെ മികച്ച ഒരു വേഷം. അതിഥി വേഷങ്ങളിൽ അജു വര്ഗീസ്,  ശ്രീനാഥ്‌ ഭാസി, സൈജു കുറുപ്പ്  തുടങ്ങിയവർ തിളങ്ങി. ഏറെ നാളുകൾക്കു ശേഷം സെന്റിമെൻസ് പറയാത്ത ഒരു സിദ്ദിഖ് കഥാപാത്രത്തെ കാണാനായി എന്നതാണ് ഈ ചിത്രത്തിലെ മറ്റൊരു പുതുമ.

സംഗീതം, സാങ്കേതികം, സംവിധാനം:
അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് എന്ന സംവിധായകന്റെ കഴിവ് തെളിയിക്കുന്ന ചിത്രം ആണ് ഇബിലീസ്. വ്യത്യസ്തമായ കഥാസാരം പ്രേക്ഷകനെ വിശ്വസിപ്പിക്കും വിധം ഒരുക്കാൻ ആയതിൽ അദ്ദേഹത്തിന് അഭിമാനിക്കാം. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പുതുമ നിലനിർത്തി. പശ്ചാത്തല സംഗീതവും , കോസ്റ്യൂമുകളും എല്ലാം തീർത്തും മലയാളികൾക്ക് നവ്യാനുഭവമായി. നടീനടന്മാരുടെ സ്വാഭാവികതയാണ് ഈ ചിത്രത്തിലെ ഏറ്റവും വല്യ മേന്മ.

പ്രേക്ഷക പ്രതികരണം:
കുടുംബമായി എന്റർടൈൻമെന്റ് സിനിമകൾ കാണാൻ വരുന്നവർക്ക് ഒരു പക്ഷെ ദഹിച്ചേക്കില്ല...പക്ഷെ പുതുമകൾ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും ധൈര്യമായി ടിക്കറ്റ് എടുക്കാം.

റേറ്റിങ്: 3.5 / 5
വാൽകഷ്ണം:
മലയാളികൾ പുതുമകൾ സ്വീകരിക്കാൻ വിമുഖരായതു കൊണ്ട് ഈ ചിത്രം തിയറ്ററിൽ പരാജയപ്പെട്ടേയ്ക്കാം. പക്ഷെ നല്ല സിനിമപ്രേമിയുടെ മനസ്സിൽ ഈ ചിത്രം സ്ഥാനം പിടിക്കും എന്ന് തീർച്ച.

---പ്രമോദ്



Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി